കേന്ദ്രസർക്കാരിനെ മുട്ടുകുത്തിച്ച കോക്രോച്ച് ജനതാ പാർട്ടിയിൽ (സിജെപി) നിന്ന് പ്രചോദനം ഉൾക്കൊണ്ട് ജാതിസംവരണത്തിനെതിരെ ഓൺലൈൻ കൂട്ടായ്മ. 'സംവരണം ഇല്ലാതാക്കാനുള്ള സമരം' (റിസർവേഷൻ ഹഠാവോ ആന്തോളൻ-ആർഎച്ച്എ) എന്ന പേരിൽ ഇൻസ്റ്റഗ്രാമിൽ ആരംഭിച്ച അക്കൗണ്ട് ഇതിനകം 56 ലക്ഷം പേരാണ് ഫോളോ ചെയ്തത്. അംബേദ്കർ ഉയർത്തിയ 'പഠിക്കുക, പോരാടുക, സംഘടിക്കുക' എന്ന മുദ്രാവാക്യമാണ് ജാതിസംവരണത്തിന് എതിരായ ഇൻസ്റ്റഗ്രാം കൂട്ടായ്മയുടെ ബയോയിൽ എഴുതിയിരിക്കുന്നത്.

To advertise here,

ഇതിനകം നൂറിലേറെ പോസ്റ്റുകളാണ് അക്കൗണ്ടിലുള്ളത്. തങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമുള്ളവരല്ലെന്ന് ഒരു പോസ്റ്റിൽ ആർഎച്ച്എ വ്യക്തമാക്കുന്നു. അതേസമയം ആരാണ് ഇത്തരമൊരു ഓൺലൈൻ മുന്നേറ്റത്തിന് പിന്നിലെന്നത് അജ്ഞാതമാണ്. ജാതിസംവരണം മെറിറ്റിനെ ദുർബലപ്പെടുത്തുന്നു എന്നാണ് ഇവർ ഉന്നയിക്കുന്ന പ്രധാന വാദം. കൂടാതെ സംവരണം ജാതിയുടെ പേരിലുള്ള വിഭജനത്തെ പ്രോത്സാഹിപ്പിക്കുന്നു, മത്സരം കുറയ്ക്കുന്നതിലൂടെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നു എന്നീ വാദങ്ങളും ഉയർത്തുന്ന ആർഎച്ച്എ ജാതിക്ക് പകരം യോഗ്യതയുടെ അടിസ്ഥാനത്തിൽ തുല്യാവസരം വേണമെന്ന ആവശ്യവും ഉയർത്തുന്നു.

ജാതിവിവേചനം ഇല്ലാതാക്കുകയാണ് ലക്ഷ്യമെങ്കിൽ അതിനായി സർക്കാർ, ദൈനംദിന കാര്യങ്ങളിൽ ജാതി ചോദിക്കുന്നതും രേഖപ്പെടുത്തുന്നതും അവസാനിപ്പിക്കുകയാണ് വേണ്ടതെന്ന് ആർഎച്ച്എ പറയുന്നു. അതേസമയം സംവരണവിരുദ്ധമായ മുന്നേറ്റത്തിനെതിരെ ഒട്ടേറെ പേർ ആർച്ച്എയുടെ പോസ്റ്റുകളിൽ കമന്റുകളിടുന്നുണ്ട്. ജാതീയത അവസാനിപ്പിച്ചാൽ ജാതിസംവരണം സ്വയം അവസാനിക്കും എന്നാണ് ഒരു കമന്റ്. രാജ്യത്തെ ക്ഷേത്രങ്ങളിൽ എസ്.സി, എസ്.ടി, ഒബിസി സമുദായങ്ങളിൽ പൂജാരിമാരാകുന്ന ദിവസം നിങ്ങൾക്ക് ജാതിസംവരണം ഇല്ലാതാക്കുന്നതിനെ കുറിച്ച് സംസാരിക്കാം എന്ന് മറ്റൊരാൾ കുറിച്ചു.

നേരത്തേ സിജെപി മാതൃകയിൽ എഥനോൾ കലർത്തിയ പെട്രോളിനെതിരെ ഇ20 ജനതാ പാർട്ടി (ഇജെപി) എന്ന ഓൺലൈൻ കൂട്ടായ്മ രൂപംകൊണ്ടിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് അഞ്ച് ലക്ഷത്തിലേറെ പേരാണ് ഇജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഫോളോ ചെയ്തത്. ഇ20 പെട്രോളിനൊപ്പം 100 ശതമാനം ശുദ്ധമായ പെട്രോളും തിരഞ്ഞെടുക്കാനുള്ള അവസരം ജനങ്ങൾക്ക് ഉറപ്പുവരുത്തണം എന്ന ആവശ്യമാണ് ഇജെപി മുന്നോട്ടുവെച്ചത്.