ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് ദാതാക്കളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ഹൈദരാബാദ് ആസ്ഥാനമായുള്ള മേഘ എഞ്ചിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനെതിരെ കൈക്കൂലി കേസ്. കമ്പനിക്കെതിരെ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തു.

To advertise here,

ജഗദൽപുർ ഇൻ്റഗ്രേറ്റഡ് സ്റ്റീൽ പ്ലാൻ്റുമായി ബന്ധപ്പെട്ടുള്ള ബില്ലുകൾ ക്ലിയർ ചെയ്യുന്നതിന് 78 ലക്ഷം രൂപ  കൈക്കൂലി നൽകിയെന്നാണ് കേസ്. 174 കോടി രൂപയുടെ ബില്ലുകളായിരുന്നു ക്ലിയർ ചെയ്യാനുണ്ടായിരുന്നത്. കൈക്കൂലി വാങ്ങിയതിന് എൻ.ഐ.എസ്.പി.യിലെയും എൻ.എം.ഡി.സിയിലെയും എട്ട് ഉദ്യോഗസ്ഥരുടെയും എം.ഇ.സി.ഓ.എനിലെ രണ്ട് ഉദ്യോഗസ്ഥരുടെ പേരിലും കേസെടുത്തതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മാർച്ച് 21 ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇലക്ടറൽ ബോണ്ട് ദാതാക്കളുടെ പട്ടികയിൽ രണ്ടാമതാണ് മേഘ എഞ്ചിനീയറിങ് കമ്പനി.  966 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകളായിരുന്നു കമ്പനി വാങ്ങിയിരുന്നത്.  ബിജെപിക്ക് 586 കോടി രൂപയാണ് സംഭാവനയായി നൽകിയത്.

ബിആർഎസിന് 195 കോടി, ഡിഎംകെയ്ക്ക് 85 കോടി, വൈഎസ്ആർസിപിക്ക് 37 കോടി,  ടിഡിപിക്ക് 25 കോടി, കോൺഗ്രസിന് 17 കോടി രൂപയും ലഭിച്ചു. ജെഡി-എസ്, ജനസേന പാർട്ടി, ജെഡി-യു എന്നിവർക്ക് 5 കോടി മുതൽ 10 കോടി രൂപ വരെ തുകകൾ ലഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകളിൽ പറയുന്നു.