തിരുവനന്തപുരം: മോട്ടോർവാഹന വകുപ്പിലെ വമ്പൻ അഴിമതികൾ പുറത്തുകൊണ്ടുവന്ന ആഭ്യന്തര വിജിലൻസിനെ നിശബ്ദമാക്കാനുള്ള നീക്കം അട്ടിമറിച്ചുകൊണ്ട് ഗതാഗത സെക്രട്ടറിയുടെ റിപ്പോർട്ട്. വിജിലൻസ് കണ്ടെത്തലുകളിലെ കുറ്റക്കാരെ രക്ഷിക്കാൻ ഉന്നതതല ഇടപെടലുണ്ടായ വേളയിലാണ് ഗതാഗത സെക്രട്ടറി ടി.വി അനുപമയുടെ ഇടപെടൽ. മലപ്പുറത്ത് ഓട്ടോഡ്രൈവർ ആത്മഹത്യ ചെയ്ത സംഭവത്തിൽ നടത്തിയ അന്വേഷണത്തിലാണ് ആഭ്യന്തര വിജിലൻസ് കൂടുതൽ ശക്തമാക്കാൻ നിർദേശമുള്ളത്. നിലവിലെ റിപ്പോർട്ടുകൾ മുക്കാൻ ശ്രമിക്കുന്നവർക്ക് ഇത് തിരിച്ചടിയാണ്.

To advertise here,

ആഭ്യന്തര വിജിലൻസ് റിപ്പോർട്ടുകളിൽ 2024-ന് ശേഷം കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. നികുതി - ക്ഷേമനിധി തട്ടിപ്പുകൾ, വാഹന രജിസ്ട്രേഷൻ- ഫിറ്റ്നസ് പുതുക്കൽ ക്രമക്കേടുകൾ, തിരൂരങ്ങാടി വ്യജ ലൈസൻസ് കേസ്, പാലക്കാട് വ്യാജ ടാങ്കർ രജിസ്ട്രേഷൻ ക്രമക്കേട് എന്നിവ ഒതുക്കി തീർത്തു. അനധികൃത സ്വത്ത് സമ്പാദനത്തിന് വിജിലൻസ് അന്വേഷണത്തിന് വരെ ശുപാർശ ചെയ്ത കേസുകളിൽ ഇനിയും നടപടി എങ്ങുമെത്തിയിട്ടില്ല.

റീ രജിസ്ട്രേഷൻ വാഹനങ്ങളുടെ നികുതി കണക്കാക്കുന്നതിൽ സർക്കാരിന് രണ്ടുകോടി രൂപയുടെ നഷ്ടമുണ്ടായ തിരൂർ കേസിൽ ആരോപണ വിധേയർ ഇന്നും നിർണായക സ്ഥാനത്തുണ്ട്. മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന് വൻ നഷ്ടമുണ്ടാക്കിയ ക്ഷേമനിധി തട്ടിപ്പിലും കുറ്റക്കാരെ രക്ഷപെടുത്തി. ഇടനിലക്കാർക്കുവേണ്ടി ഇൻസ്പെക്ടർമാർ വ്യാജരേഖയുണ്ടാക്കിയ കേസും അട്ടിമറിച്ചു.

മറ്റു ഓഫീസുകളിൽ പരിശോധിക്കേണ്ട വാഹനങ്ങൾ റീ റജിസ്ട്രർ ചെയ്ത കേസിലും വകുപ്പുതല നടപടി മരവിച്ചു. കൊല്ലം ഓഫീസിൽ 525 വാഹനങ്ങളുടെ ഫിറ്റ്നസിൽ ഗുരുതര പിഴവ് കണ്ടെത്തിയെങ്കിലും തുടർ നടപടിയുണ്ടായിട്ടില്ല. ഇതേ ഓഫീസിലെ രജിസ്ട്രേഷൻ ക്രമക്കേട് സംബന്ധിച്ച് ആഭ്യന്തര വിജിലൻസ് നൽകിയ റിപ്പോർട്ടും വെളിച്ചം കണ്ടിട്ടില്ല.

സസ്പെൻഷനെക്കാൾ വേഗത്തിൽ തിരിച്ചെത്തി

ഇടനിലക്കാർക്ക് വേണ്ടി വ്യാജരേഖ തയാറാക്കി വാഹനങ്ങൾ റീ രജിസ്ടർ ചെയ്ത അസി. വെഹിക്കിൾ ഇൻസ്പെക്ടറെ ആറാഴ്ചയ്ക്കുള്ളിൽ സർവീസിൽ തിരിച്ചെടുത്ത് അതേ ചുമതല തന്നെ നൽകിയത് രണ്ടുമാസം മുൻപാണ്. മറ്റുള്ളവർ ചെയ്ത ക്രമക്കേടും താൻ പുറത്തുകൊണ്ടുവരുമെന്ന് ഇൻസ്പെക്ടർ ഭീഷണി മുഴക്കുകയും, വിവിധ ഓഫീസുകളിൽ വിവരാവകാശ അപേക്ഷയും നൽകുകയും ചെയ്തതോടെയാണ് തിരിച്ചെടുത്തത്.

മറ്റൊരു കേസിൽ വാഹനം പരിശോധിക്കാതെ ഫിറ്റ്നസ് നൽകിയതിന് വിജിലൻസ് പിടികൂടിയ ഉദ്യോഗസ്ഥൻ ഒരുവർഷം കഴിയുമ്പോഴും അതേ ഓഫീസിൽ തുടരുന്നുണ്ട്. ക്രമക്കേടുകൾ പരമ്പരയായി പുറത്തുവന്നതോടെ ആഭ്യന്തര വിജിലൻസിനെതിരെയും പരാതിയായി. എന്നാൽ സ്വകാഡിലെ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് കേസുകളൊന്നും നിലവിലില്ലെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ പറയുന്നു.