കൊച്ചി: ഭൂമി തരംമാറ്റാൻ 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഇടനിലക്കാരനായി പ്രവർത്തിച്ചെന്ന് കണ്ടെത്തിയ വിരമിച്ച ഡെപ്യൂട്ടി കളക്ടറുടെ അറസ്റ്റിൽ വിജിലൻസിന് ഗുരുതര വീഴ്ച. റിട്ട.ഡെപ്യൂട്ടി കളക്ടർ കടവന്ത്ര സ്വദേശി എൻ.കെ. കൃപ (59)യെ വിജിലൻസ് കോടതി വിട്ടയച്ചു. അറസ്റ്റിൽ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കൃപയെ വിട്ടയച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കൃപയെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കിയത്. ആദ്യം കോടതി പ്രതിയെ റിമാൻഡ് ചെയ്തു. എന്നാൽ, അറസ്റ്റ് നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഭാഗം രേഖകൾ സഹിതം കോടതിയെ സമീപിച്ചു. ഉച്ചയ്ക്ക് 2.45 നാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. ഹാജാരാക്കുന്നതിന് തൊട്ടുമുമ്പാണ് അറസ്റ്റ് നോട്ടീസ് വിജിലൻസ് ബന്ധുക്കൾക്ക് കൈമാറിയത്. ഒമ്പത് മിനിറ്റിന്റെ മാത്രം ഇടവേളയിലാണിത്. നിയമപരമായി ഇത് തെറ്റാണെന്ന പ്രതിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. തുടർന്ന് കൃപയെ വിട്ടയക്കാൻ ഉത്തരവിടുകയായിരുന്നു.
എന്നാൽ, നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് കൃപയെ വീണ്ടും അറസ്റ്റ് ചെയ്യുന്നതിന് തടസ്സമില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ, വിജിലൻസ് ഇതുവരെ അറസ്റ്റിലേക്ക് കടന്നിട്ടില്ല.
കലൂർ സ്വദേശിയായ പരാതിക്കാരന്റെ പിതാവിന്റെ പേരിലുള്ള വസ്തു തരംമാറ്റി നൽകുന്നതിനാവശ്യമായ സഹായങ്ങൾ ചെയ്തുനൽകാമെന്ന് വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് മൂന്നുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. എറണാകുളം കണയന്നൂർ താലൂക്ക് ഭൂരേഖ തഹസിൽദാർ ജോസഫ് ആന്റണി ഹെർട്ടിസ്, ഇടനിലക്കാരായി പ്രവർത്തിച്ച എൻ.എസ്. രാജേഷ്, ജോസഫ് ഷിബിൻ എന്നിവരെയാണ് ഓഗസ്റ്റ് 13-ന് പിടികൂടിയത്. കേസിന്റെ തുടരന്വേഷണത്തിലാണ് റിട്ട. ഡെപ്യൂട്ടി കളക്ടറായ എൻ.കെ. കൃപ കൈക്കൂലി ഇടപാടുമായി ബന്ധപ്പെട്ട് ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്നതായി കണ്ടെത്തിയത്. തുടർന്ന് എറണാകുളം വിജിലൻസ് യൂണിറ്റ് വെള്ളിയാഴ്ച വൈകീട്ട് കൃപയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കലൂർ സ്വദേശിയായ പരാതിക്കാരന്റെ പിതാവിന്റെ പേരിൽ എളമക്കരയിലുള്ള പുരയിടമായി കരം അടച്ചുകൊണ്ടിരുന്ന 1.4 ഏക്കർ ഭൂമി, പിതാവിന്റെ മരണശേഷം അനന്തരാവകാശ പോക്കുവരവ് ചെയ്തപ്പോൾ റവന്യൂ രേഖകളിൽ 'നിലം' എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ, വീട് നിർമിക്കുന്നതിന് ഈ വസ്തുവിൽ മണ്ണടിച്ചിരുന്നു. ഇതിനിടെ റവന്യൂ ഉദ്യോഗസ്ഥരുടെ ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്ന ഷിബിൻ എന്നയാൾ നിലം മണ്ണിട്ട് നികത്തുന്നതായി കാണിച്ച് ജൂണിൽ ഇടപ്പള്ളി സൗത്ത് വില്ലേജ് ഓഫീസിൽ പരാതി നൽകി. തുടർന്ന് കണയന്നൂർ ഭൂരേഖ തഹസിൽദാർ ജോസഫ് ആന്റണി ഹർട്ടിസ് ഭൂവുടമയെ ബന്ധപ്പെടുകയും നേരിൽ കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. നേരിൽ കണ്ടപ്പോൾ, മണ്ണിട്ടതിനെതിരേ പരാതി ലഭിച്ചിട്ടുണ്ടെന്നും പരാതി ഫയലിൽ എടുത്താൽ ജീവിതകാലം മുഴുവൻ പണിയെടുത്താലും അത് അഴിച്ചുമാറ്റി എടുക്കാൻ കഴിയില്ലെന്നും പറഞ്ഞു. ഇതോടെ പരാതിക്കാരൻ സ്ഥലത്ത് ഇട്ട മണ്ണ് നീക്കംചെയ്യാമെന്നും അതിന് പിഴയോ മറ്റോ ഉണ്ടെങ്കിൽ അത് അടയ്ക്കാമെന്നും പറഞ്ഞു. അതിന്റെ ആവശ്യമില്ലെന്നും, സ്ഥലത്തിനെതിരേ പരാതി നൽകിയ ഷിബിനെ നേരിൽകണ്ട് പരാതി സെറ്റിൽ ചെയ്യണമെന്നും തഹസിൽദാർ അറിയിച്ചു. മാത്രമല്ല, സ്ഥലം അപേക്ഷ നൽകി തരംമാറ്റം നടത്തണമെന്നും ആവശ്യപ്പെട്ടു. അതിനായി വില്ലേജിലും താലൂക്കിലും വേണ്ടതെല്ലാം ചെയ്തുതരാമെന്നും ജോസഫ് ആന്റണി ഹെർട്ടിസ് പരാതിക്കാരനോട് പറഞ്ഞിരുന്നു. തുടർന്ന് പരാതിക്കാരൻ ഏജന്റായ ഷിബിനെ കണ്ടപ്പോൾ, ഷിബിൻ മറ്റൊരു ഇടനിലക്കാരനായ രാജേഷിനെ പരിചയപ്പെടുത്തി.
പരാതി സെറ്റിൽ ചെയ്യുന്നതിന് ആന്റണി ഹെർട്ടിസിനും താലൂക്കിലെയും വില്ലേജിലെയും മറ്റ് ഉദ്യോഗസ്ഥർക്കും അഞ്ചുലക്ഷം രൂപയും തങ്ങൾക്ക് മറ്റൊരു 5 ലക്ഷം രൂപയും ഉൾപ്പെടെ 10 ലക്ഷം രൂപ നൽകണമെന്ന് ഇവർ ആവശ്യപ്പെടുകയായിരുന്നു. ഈവിവരം പരാതിക്കാരൻ വിജിലൻസിൽ അറിയിക്കുകയും അധികൃതർ നടത്തിയ രഹസ്യ നീക്കത്തിലൂടെ മൂവരേയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Content Highlights: Retired Deputy Collector N.K. Krupa released by court due to procedural lapses by vigilance in a Rs 10 lakh land bribery case. Read full report.
Published: 06 Sept 2026, 02:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented