ബെംഗളൂരു: ക്രിസ്മസ്-പുതുവത്സര അവധിക്ക് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള തീവണ്ടികളിൽ ഞൊടിയിടയിൽ ടിക്കറ്റ് തീർന്നു. റിസർവേഷൻ ആരംഭിച്ച ദിവസം അരമണിക്കൂറിനുള്ളിലാണ് ഒട്ടുമിക്ക തീവണ്ടികളിലും ടിക്കറ്റ് തീർന്നത്. തീവണ്ടി പുറപ്പെടുന്നതിന് 60 ദിവസം മുൻകൂട്ടിയാണ് റിസർവേഷൻ ആരംഭിക്കുന്നത്. ഇതുപ്രകാരം ക്രിസ്മസിനോട് അടുത്തുള്ള ദിവസങ്ങളിൽ ഇവിടെനിന്ന് കേരളത്തിലേക്ക് പുറപ്പെടുന്ന തീവണ്ടികളിൽ കഴിഞ്ഞ ആഴ്ചയിലാണ് റിസർവേഷൻ തുടങ്ങിയത്. തുടങ്ങിയദിവസം തന്നെ ടിക്കറ്റുകൾ മുഴുവൻ വിറ്റു തീരുകയായിരുന്നു.
ഡിസംബർ 18 മുതൽതന്നെ തീവണ്ടികളിൽ ബെർത്തുറപ്പുള്ള ടിക്കറ്റ് തീർന്നു. ടിക്കറ്റ് ബുക്കിങ്ങിന് കൂടുതൽ തിരക്ക് തെക്കൻ കേരളത്തിലേക്കായിരുന്നു. എന്നാൽ പിന്നീട് മലബാറിലേക്കുള്ള ടിക്കറ്റുകളും തീർന്നു. ക്രിസ്മസിന് തൊട്ടുമുൻപുള്ള വാരാന്ത്യം എന്ന നിലയിൽ ഇത്തവണ ഡിസംബർ 19-ന് വൈകീട്ട് ബെംഗളൂരുവിൽനിന്ന് പുറപ്പെടുന്ന തീവണ്ടികളിലും ബസുകളിലുമാണ് കൂടുതൽ തിരക്ക് പ്രതീക്ഷിക്കുന്നത്. ടിക്കറ്റ് റിസർവേഷനിലും ഇത് ദൃശ്യമായി.
ബെംഗളൂരുവിൽനിന്ന് കന്യാകുമാരിയിലേക്കുള്ള ഐലൻഡ് എക്സ്‌പ്രസിൽ (16526) മറ്റ് ദിവസങ്ങളിൽ വെയിറ്റിങ് ലിസ്റ്റിൽ ടിക്കറ്റുകൾ ലഭ്യമാണെങ്കിലും ഡിസംബർ 19, 20 ദിവസങ്ങളിൽ റിസർവേഷൻ തീർന്നിരിക്കുകയാണ്. റിഗ്രറ്റ് എന്നാണ് റിസർവേഷൻ നില കാണിക്കുന്നത്. മൈസൂരു-തിരുവനന്തപുരം നോർത്ത് എക്‌സ്‌പ്രസിൽ (16315) ഡിസംബർ 18 മുതൽ 25 വരെ ബർത്തുറപ്പുള്ള ടിക്കറ്റില്ല.
ആഴ്ചയിൽ ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിൽ ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് സർവീസ് നടത്തുന്ന ഗരീബ് രഥ് എക്‌സ്‌പ്രസിൽ (12257) ക്രിസ്മസിനോട് ചേർന്നുള്ള നാലുദിവസങ്ങളിൽ മൂന്നുദിവസവും റിസർവേഷൻ നില ആർഎസിയാണ്. ഡിസംബർ 18, 21, 25 ദിവസങ്ങളിലാണ് ആർഎസി ടിക്കറ്റ് ലഭിക്കുന്നത്. ഡിസംബർ 23-നുള്ള റിസർവേഷൻ അവസാനിച്ചു.
മലബാറിലേക്കുള്ള ഏക പ്രതിദിന തീവണ്ടിയായ യശ്വന്തപുര-കണ്ണൂർ എക്‌സ്‌പ്രസിൽ (16527) ഡിസംബർ 18, 21, 25 തീയതികളിൽ ആർഎസി ടിക്കറ്റ് ലഭ്യമാണ്. മറ്റുദിവസങ്ങളിൽ 23, 24 തീയതികളിൽ റിസർവേഷൻ അവസാനിച്ചു. യശ്വന്തപുര-കണ്ണൂർ പ്രതിവാര എക്‌സ്‌പ്രസിൽ (16565) ഡിസംബർ 21-ന് ടിക്കറ്റ് ലഭ്യമാണ്.
ക്രിസ്മസ്-പുതുവത്സര അവധിക്കൊപ്പം ശബരിമല തീർഥാടനകാലമായതും തെക്കൻ കേരളത്തിലേക്കുള്ള തീവണ്ടികളിൽ വേഗത്തിൽ ടിക്കറ്റ് തീരാൻ കാരണമായി. എന്നാൽ ഇത്തവണ മലബാറിലേക്കും അതിവേഗത്തിൽ തന്നെ റിസർവേഷൻ അവസാനിക്കുകയായിരുന്നു. ആളുകൾ നേരിട്ട് ടിക്കറ്റ് എടുക്കുന്നത് കൂടാതെ ഏജന്റുമാരും ബുക്കിങ് നടത്തിയിട്ടുണ്ടാകും. സ്ഥിരം ഉപയോക്താക്കൾക്ക് വേണ്ടിയാണ് ഏജന്റുമാർ നേരത്തെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. പതിവ് തീവണ്ടികളിൽ വേഗത്തിൽ ടിക്കറ്റ് തീർന്നതിനാൽ പ്രത്യേക തീവണ്ടി സർവീസുകൾ നേരത്തെ തന്നെ പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
Content Highlights: Bengaluru to Kerala train tickets for Christmas-New Year holidays sold out within minutes of booking opening. High demand for Southern Kerala and Malabar routes. Special train services urged.
Published: 28 Oct 2025, 04:39 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented