റായ്പുര്‍ (ഛത്തീസ്ഗഢ്): 'ദില്ലീ കാ ദര്‍ബാറി'ന് ഛത്തീസ്ഗഢിനുവേണ്ടി നല്ലതൊന്നും ചെയ്യാന്‍ കഴിയില്ലെന്ന്  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഗാന്ധി കുടുംബത്തെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു വിമര്‍ശനം. റായ്പുരില്‍ ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരായ 'ആരോപ് പത്ര' പുറത്തിറക്കി സംസാരിക്കുകയായിരുന്നു അമിത് ഷാ.

To advertise here,

ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ സംസ്ഥാനത്തെ ജനങ്ങളെ കൊള്ളയടിക്കുകയും ഗാന്ധി കുടുംബത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയുമാണ് ചെയ്തത്. ജനങ്ങള്‍ക്ക് അദ്ദേഹം നല്‍കിയ ഉറപ്പുകള്‍ ഓര്‍ക്കുന്നുപോലുമില്ലെന്നും അമിത്ഷാ പറഞ്ഞു. ഛത്തീസ്ഗഢില്‍ നക്‌സലിസം ശക്തിപ്പെടുത്തുകയും ബി.ജെ.പി. പ്രവര്‍ത്തകരെ കൊലപ്പെടുത്തുകയും ചെയ്തതായി ആരോപ് പത്രത്തില്‍ ആരോപിക്കുന്നു. 

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഭരണമാറ്റത്തിന് മാത്രമുള്ളതല്ല, ഛത്തീസ്ഗഢിന്റെ ഭാവി സുരക്ഷിതമാക്കാന്‍കൂടിയുള്ളതാണ്. മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ അഴിമതി സര്‍ക്കാരിന് ഒരവസരംകൂടി നല്‍കണോ അതോ ബി.ജെ.പി.യുടെ വികസനോന്മുഖ സര്‍ക്കാരിന് വോട്ടുചെയ്യണോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. സംസ്ഥാനത്തെ അഴിമതിയില്‍നിന്ന് രക്ഷിക്കാന്‍ കഴിയുന്ന ഒരേയൊരു പാര്‍ട്ടി ബി.ജെ.പി.യാണെന്നും അമിത്ഷാ പറഞ്ഞു. 

കോണ്‍ഗ്രസ് സര്‍ക്കാരിനു കീഴില്‍ നടന്ന തട്ടിപ്പുകളും അഴിമതിയും സംബന്ധിച്ച് ജനങ്ങളെ ബോധവാന്മാരാക്കാന്‍ ഇന്ന് ആരോപ് പത്ര പുറത്തിറക്കിയിരിക്കുകയാണ്. 2018 മുതല്‍ അവര്‍ സംസ്ഥാനത്തെയും ജനങ്ങളെയും കൊള്ളയടിക്കുകയാണെന്നും അമിത്ഷാ പറഞ്ഞു. സംസ്ഥാനത്തെ കഴിഞ്ഞ കാല ബി.ജെ.പി. സര്‍ക്കാരിന്റെ നേട്ടങ്ങളെ അദ്ദേഹം പ്രസംഗത്തില്‍ ഉയര്‍ത്തിക്കാണിക്കുകയും ചെയ്തു.