പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ തകർത്ത് ബിജെപി നേടിയ ചരിത്ര വിജയത്തിന് പിന്നാലെ കോടിക്കണക്കിന് അനധികൃത കുടിയേറ്റക്കാർ സംസ്ഥാനത്ത് നിന്ന് നാടുവിടാൻ തുടങ്ങി എന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ പരിശോധനയിൽ കണ്ടെത്തി

To advertise here,

പോസ്റ്റിൽ നൽകിയിരിക്കുന്ന വീഡിയോയിൽ ഒരു യുവാവ് ഹിന്ദിയിൽ സംസാരിക്കുന്നത് കാണാം. ഒട്ടേറെപ്പേർ സാധനങ്ങളും ചുമന്ന് റോഡിലൂടെ നടന്നു നീങ്ങുന്ന ദൃശ്യങ്ങൾ കാണിച്ചുകൊണ്ട് കഴിഞ്ഞ മൂന്ന് ദിവസമായി ഇതാണ് അവസ്ഥ എന്ന് യുവാവ് പറയുന്നു. ‘2026ലെ 'വിശ്വ ഇജ്‌തമ'യാണ് നടക്കുന്നത്, എല്ലാ രാജ്യങ്ങളിൽനിന്നുമുള്ള ഇസ്ലാംമത വിശ്വാസികൾ ഇവിടേക്ക് വന്നിട്ടുണ്ട്. ദൃശ്യങ്ങൾ ഹൂബ്ലിയിൽ നിന്നുള്ളതാണ്’ എന്നെല്ലാം യുവാവ് വീഡിയോയിൽ പറയുന്നുണ്ട്. ദൃശ്യങ്ങൾ കൂട്ടപ്പലായനത്തിൻറേതല്ല മറിച്ച് മതപരമായ ചടങ്ങുമായി ബന്ധപ്പെട്ടതാണെന്ന സൂചനയാണിത്.

വീഡിയോയിൽ പറുയന്ന 'വിശ്വ ഇജ്‌തമ'യെക്കുറിച്ച് അന്വേഷിച്ചു. ഇസ്ലാമിക വിശ്വാസികളിലെ തബ്‌ലീഗ് ജമാഅത്ത് വിഭാഗത്തിന്‍റെ വാർഷിക ആത്മീയ സമ്മേളനമാണിത്. ലോകത്തിന്‍റെ പല ഭാഗങ്ങളിൽ നിന്നായി ലക്ഷക്കണക്കിന് വിശ്വാസികളാണ് ഇതിൽ പങ്കെടുക്കാറ്. ഇക്കഴിഞ്ഞ ജനുവരി ആദ്യവാരം പശ്ചിമ ബംഗാളിലെ ഹൂഗ്ലിയിലെ ദാദ്പൂരിലുള്ള പുയിനാനിലായിരുന്നു സമ്മേളനം നടന്നത്. 33 വർഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു ഹൂഗ്ലിയിൽ വിശ്വ ഇജ്‌തമ നടന്നത്. ഇതിനെക്കുറിച്ചുള്ള മാധ്യമ വാർത്ത ചുവടെ കാണാം.

പ്രചരിക്കുന്ന വീഡിയോയുടെ ഉറവിടം പരിശോധനയിൽ കണ്ടെത്തി. ദീപ് ഘോഷ് എന്നയാളുടെ ‘യൂട്യൂബർ ദീപ്’ എന്ന ഹാൻറിലിൽ നിന്നും കഴിഞ്ഞ ജനുവരി 5നാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ‘2026ലെ വിശ്വ ഇജ്‌തമയിൽ അഭൂതപൂർവ്വമായ ജനത്തിരക്ക്’ എന്ന വിവരണത്തോടെ ആയിരുന്നു ഇത്.

 

പശ്ചിമ ബംഗാളിലെ ഹൂഗ്ലിയിൽ കഴിഞ്ഞ ജനുവരിയിൽ തബ്‌ലീഗ് ജമാഅത്ത് വിഭാഗത്തിന്‍റെ ആത്മീയ സമ്മേളനമായ വിശ്വ ഇജ്‌തമയിൽ പങ്കെടുക്കാൻ എത്തിയ ആൾക്കൂട്ടത്തിന്‍റെ ദൃശ്യങ്ങളാണ് ബിജെപി അധികാരത്തിൽ വരുന്നതിൽ ഭയന്ന് അനധികൃത കുടിയേറ്റക്കാർ കൂട്ടപ്പലായനം ചെയ്യുന്നു എന്ന വാദത്തോടെ പ്രചരിപ്പിക്കുന്നത് എന്ന് വ്യക്തമായി.