ലഖ്‌നൗ: അധ്യാപകരെ ബൂത്ത് ലെവൽ ഓഫീസർമാരായോ (ബി.എൽ.ഒ.) എസ്.ഐ.ആർ. ഉൾപ്പെടെയുള്ള മറ്റ് തെരഞ്ഞെടുപ്പ് ജോലികൾക്കോ നിയോഗിക്കുന്നത് കുട്ടികളുടെ വിദ്യാഭ്യാസ അവകാശനിയമത്തിന്റെ ലംഘനമല്ലെന്ന് അലഹാബാദ് ഹൈക്കോടതി വ്യക്തമാക്കി. അധ്യയനത്തെ ബാധിക്കുമെന്ന കാരണം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് ചുമതലകളിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സഹാറൻപൂരിലെ അഞ്ച് അധ്യാപകർ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് വിനോദ് ദിവാകറിന്റെ ഉത്തരവ്.

To advertise here,

അധ്യാപകരെ തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി നിയോഗിക്കുന്നത് ഭരണഘടനയുടെ 21-എ വകുപ്പ് ഉറപ്പുനൽകുന്ന വിദ്യാഭ്യാസ അവകാശത്തിന്റെ ലംഘനമാണെന്ന ഹർജിക്കാരുടെ വാദം കോടതി നിരസിച്ചു.

‘2009-ലെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള കുട്ടികളുടെ അവകാശ നിയമത്തിലെ 27-ാം വകുപ്പ് പ്രകാരം അധ്യാപകരെ തെരഞ്ഞെടുപ്പ് ജോലികൾക്ക് നിയോഗിക്കാൻ വ്യവസ്ഥയുണ്ട്. വോട്ടർപട്ടിക പുതുക്കൽ അടക്കമുള്ള ബി.എൽ.ഒ ചുമതലകൾ ഇതിന്റെ പരിധിയിലാണ് വരുന്നത്. അതിനാൽ ഭരണഘടനയുടെ 21-എ വകുപ്പിന്റെയും ആർ.ടി.ഇ ചട്ടങ്ങളുടെയും അടിസ്ഥാനത്തിലുള്ള വാദങ്ങൾ നിലനിൽക്കില്ല’- കോടതി ചൂണ്ടിക്കാട്ടി.

സർവീസ് നിബന്ധനകളിൽ അധ്യാപകേതര ചുമതലകൾ നൽകാൻ വ്യവസ്ഥയില്ലെന്നും അധ്യാപകരെ വോട്ടർപട്ടിക പുതുക്കലിന് നിയോഗിക്കുന്നത് പഠനപ്രവർത്തനങ്ങളെ ബാധിക്കുമെന്നുമായിരുന്നു സഹാറൻപൂരിലെ ജൂനിയർ, സീനിയർ ബേസിക് സ്കൂളുകളിലെ അധ്യാപകർ കോടതിയിൽ വാദിച്ചത്.

എന്നാൽ ഈ വാദങ്ങൾ തള്ളിയ കോടതി, വോട്ടർപട്ടിക തയ്യാറാക്കലും പുതുക്കലും 1950-ലെ ജനപ്രാതിനിധ്യ നിയമപ്രകാരവും ഭരണഘടനയുടെ 324-ാം വകുപ്പ് അനുസരിച്ച് കേന്ദ്ര തfരഞ്ഞെടുപ്പ് കമ്മീഷന്റെ മേൽനോട്ടത്തിലും നടക്കുന്ന പരമാധികാര ഭരണഘടനാപരമായ പ്രക്രിയയാണെന്ന് നിരീക്ഷിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യത്തിനായി വിന്യസിക്കപ്പെടുന്ന സംസ്ഥാന സർക്കാർജീവനക്കാർ ആ കാലയളവിൽ കമ്മീഷന്റെ ഡെപ്യൂട്ടേഷനിൽ ആണെന്ന് കണക്കാക്കപ്പെടുന്നു.

ബി.എൽ.ഒ ചുമതല നിർവ്വഹിക്കുന്നത് ക്ലാസ് മുറികളിലെ അധ്യയനത്തെ സാരമായി ബാധിച്ചതായി തെളിയിക്കാൻ ഹർജിക്കാർക്ക് സാധിച്ചിട്ടില്ലെന്നും വ്യക്തമാക്കിയാണ് ഹൈക്കോടതി ഹർജി തള്ളിയത്.