അലഹബാദ്: ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള (എൻഎസ്എ) തടങ്കൽ ഉത്തരവിൽ 'ആന്ദോളൻജീവി' എന്ന പദം ഉപയോഗിച്ചതിനെ വിമർശിച്ച് അലഹബാദ് ഹൈക്കോടതി. മാധ്യമപ്രവർത്തകൻ സത്യം വർമ്മ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കവെയായിരുന്നു വിമർശനം. ഇത്തരം ഒരു പ്രയോഗം എങ്ങനെയാണ് ഒരു ഔദ്യോഗിക രേഖയുടെ ഭാഗമായതെന്ന് ജസ്റ്റിസ് അതുൽ ശ്രീധരൻ ചോദിച്ചു. കേസിൽ, ജസ്റ്റിസ് അതുൽ ശ്രീധരൻ, ജസ്റ്റിസ് അചൽ സച്ച്ദേവ് എന്നിവരടങ്ങിയ ബെഞ്ച് വിശദമായ വാദം കേട്ട ശേഷം വിധി പറയാനായി മാറ്റിവെച്ചിരിക്കുകയാണ്.

To advertise here,

2026 ഏപ്രിലിൽ നോയിഡയിൽ നടന്ന തൊഴിലാളി പ്രതിഷേധവുമായി ബന്ധപ്പെട്ട് നോയിഡ ജില്ലാ കലക്ടർ മേധാ രൂപം പുറപ്പെടുവിച്ച തടങ്കൽ ഉത്തരവിന്റെ കാരണങ്ങളിലാണ് ‘ആന്ദോളൻജീവി’ എന്ന പരാമർശം ഉണ്ടായിരുന്നത്. സമരങ്ങളെ ആശ്രയിച്ച് ജീവിക്കുന്നവർ അഥവാ സ്ഥിരം സമരക്കാർ എന്ന അർഥത്തിലാണ് ഈ പ്രയോഗം ഉപയോഗിക്കുന്നത്.  2021-ൽ നടന്ന കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ, പാർലമെന്റിൽ പ്രസംഗിക്കുന്നതിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ പദം ആദ്യമായി പ്രയോഗിച്ചത്.

നോയിഡയിൽ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെടുത്തി തനിക്കെതിരെ പുറപ്പെടുവിച്ച എൻ.എസ്.എ. തടങ്കൽ ഉത്തരവ് അടിസ്ഥാനരഹിതമാണെന്ന് സത്യം വർമ്മ വാദിക്കുന്നു. സംഭവം നടക്കുമ്പോൾ താൻ നോയിഡയിൽ നിന്നും ഏകദേശം 500 കിലോമീറ്റർ അകലെ ലഖ്‌നൗവിലെ ഹസൻഗഞ്ച് പോലീസ് സ്റ്റേഷനിൽ പോലീസിന്റെ കസ്റ്റഡിയിലായിരുന്നുവെന്ന് സി.സി.ടി.വി ദൃശ്യങ്ങളും കോൾ റെക്കോർഡുകളും വ്യക്തമാക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അന്വേഷണ ഉദ്യോഗസ്ഥൻ ഈ സുപ്രധാന വിവരങ്ങൾ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ച അധികാരിയിൽ നിന്ന് മറച്ചുവെക്കുകയായിരുന്നുവെന്നും കേസിൽ ആരോപിക്കപ്പെടുന്ന 11 എഫ്.ഐ.ആറുകളിൽ ഒന്നിൽ പോലും തന്റെ പേരില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. തന്റെ തൊഴിൽ വരുമാനത്തെ 'കലാപത്തിനുള്ള ഫണ്ടിങ്' എന്ന് തെറ്റായി ചിത്രീകരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

അതേസമയം, നോയിഡയിലുണ്ടായ തൊഴിലാളി പ്രക്ഷോഭത്തിനിടെ തൊഴിലാളികളെ അക്രമത്തിലേക്ക് തള്ളിവിടുകയും പൊതു-സ്വകാര്യ സ്വത്തുക്കൾ വൻതോതിൽ തീയിട്ടു നശിപ്പിക്കുന്നതിന് പരോക്ഷമായി പ്രോത്സാഹനം നൽകുകയും ചെയ്തുവെന്നാണ് സംസ്ഥാന സർക്കാർ തടങ്കൽ ഉത്തരവിൽ ആരോപിക്കുന്നത്. കൂടാതെ, യുവാക്കളെ ഒരു വിമത സംഘടനയിലേക്ക് ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള സാഹിത്യ രചനകളും എഴുത്തുകളും നടത്തിയെന്നും സർക്കാർ ആരോപിക്കുന്നുണ്ട്. എന്നാൽ ഈ ആരോപണങ്ങൾ വിചാരണയിലൂടെ തെളിയിക്കപ്പെട്ടിട്ടില്ലെന്നും, നിലവിലുള്ള ക്രിമിനൽ കേസുകളിൽ പ്രതിക്ക് നിരപരാധിത്വം തെളിയിക്കാനുള്ള അവകാശമുണ്ടെന്നും ഹൈക്കോടതി ഓർമ്മിപ്പിച്ചു.

തടങ്കൽ നടപടികളിൽ ഗുരുതരമായ ഭരണഘടനാ തത്വങ്ങളുടെ ലംഘനം നടന്നിട്ടുണ്ടെന്നും ഹർജിക്കാരൻ ആരോപിക്കുന്നു. തടങ്കലിനുള്ള ഉത്തരവ് തനിക്ക് കൈമാറിയില്ലെന്നും, അഡ്വൈസറി ബോർഡിന് മുന്നിൽ സമർപ്പിക്കാനുള്ള നിവേദനം പരിഗണിക്കപ്പെട്ടില്ലെന്നും ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(a), 19(1)(c), 21, 22(5) എന്നിവയുടെ ലംഘനമാണ് നടന്നതെന്നും അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് മുഖേന സമർപ്പിച്ച ഹർജിയിൽ പറയുന്നു. ഇതേ പ്രതിഷേധവുമായി ബന്ധപ്പെട്ട് സഹ-തടവുകാരിയായ ആകൃതി ചൗധരിയ്‌ക്കെതിരെ ചുമത്തിയ എൻ.എസ്.എ ഉത്തരവ് അലഹബാദ് ഹൈക്കോടതി നേരത്തെ റദ്ദാക്കിയ കാര്യം ചൂണ്ടിക്കാട്ടി, തുല്യനീതിയുടെ അടിസ്ഥാനത്തിൽ തടങ്കൽ റദ്ദാക്കണമെന്നും സത്യം വർമ്മ ആവശ്യപ്പെട്ടു.