ലൈംഗികബന്ധം എല്ലാവർക്കും ഒരുപോലെ സന്തോഷകരമായ അനുഭവമായിരിക്കണമെന്നില്ല. ചിലർക്ക് പങ്കാളിയുമായി ശാരീരികമായി അടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോൾത്തന്നെ ആശങ്കയും ഭയവും അനുഭവപ്പെടാം. ആദ്യമായി ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ എന്ത് സംഭവിക്കുമെന്ന ആശങ്ക മുതൽ ഗർഭധാരണത്തെക്കുറിച്ചുള്ള പേടിയും ലൈംഗികരോഗങ്ങളെക്കുറിച്ചുള്ള ഭയവും വരെ ഇതിന് കാരണങ്ങളാകാം. ചിലരുടെ കാര്യത്തിൽ മുൻകാലങ്ങളിലെ മോശം അനുഭവങ്ങളും ലൈംഗികബന്ധത്തോടുള്ള ഭയത്തിന് പിന്നിലുണ്ടാകാം.അമേരിക്കൻ സൈക്യാട്രിക് അസോസിയേഷന്റെ ഡയഗ്നോസ്റ്റിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ മാനുവൽ ഓഫ് മെന്റൽ ഡിസോർഡേഴ്സ് എന്ന പുസ്തകത്തിൽ ഇത്തരം ഭയങ്ങളെ കുറിച്ച് കൃത്യമായി വിവരിക്കുന്നുണ്ട്.ലൈംഗികബന്ധത്തോട് അനുഭവപ്പെടുന്ന തീവ്രമായ ഭയത്തെ ജെനോഫോബിയ എന്നാണ് വിളിക്കുന്നത്. ശാരീരികവും മാനസികവുമായ വിവിധ കാരണങ്ങൾ ഈ ഭയത്തിന് പിന്നിലുണ്ടാകാം. എന്നാൽ ലൈംഗികബന്ധത്തെക്കുറിച്ചുള്ള എല്ലാ ആശങ്കകളും ജെനോഫോബിയയാണെന്ന് അർഥമില്ല. എന്തൊക്കെയാണ് ആളുകൾക്കിടയിൽ സാധാരണയായി കണ്ടുവരുന്ന ഇത്തരം ഭയങ്ങൾ?

To advertise here,

പങ്കാളിയുടെ സംതൃപ്തി

ലൈംഗികബന്ധത്തെക്കുറിച്ചുള്ള പ്രധാന ആശങ്കകളിലൊന്നാണ് പെർഫോമൻസ് ആങ്സൈറ്റി അഥവാ പ്രകടനത്തെക്കുറിച്ചുള്ള ഉത്കണ്ഠ. പ്രത്യേകിച്ച് ആദ്യമായി ലൈംഗികബന്ധത്തിലേർപ്പെടുന്നവരിലാണ് ഇത്തരം ആശങ്കകൾ കൂടുതലായി അനുഭവപ്പെടാൻ സാധ്യതയുള്ളത്.പങ്കാളിയെ തൃപ്തിപ്പെടുത്താൻ കഴിയുമോ, ലൈംഗികബന്ധത്തിനിടെ എന്തെങ്കിലും തെറ്റ് സംഭവിക്കുമോ, സ്വന്തം പ്രകടനം മോശമായാൽ പങ്കാളി എന്ത് വിചാരിക്കും തുടങ്ങിയ ചിന്തകളാണ് പലരെയും അലട്ടുന്നത്. ലൈംഗികതയെക്കുറിച്ചുള്ള അറിവില്ലായ്മയും ആത്മവിശ്വാസക്കുറവും ഇത്തരം ഭയങ്ങൾക്ക് കാരണമാകാം.

ചിലരുടെ സാമൂഹികവും സാംസ്‌കാരികവുമായ പശ്ചാത്തലവും ലൈംഗികതയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെ സ്വാധീനിച്ചേക്കാം. വിവാഹശേഷം മാത്രം ലൈംഗികബന്ധത്തിലേർപ്പെടാൻ തീരുമാനിച്ചിട്ടുള്ളവർക്ക് ആദ്യ അനുഭവത്തെക്കുറിച്ച് കൂടുതൽ ആശങ്കകൾ ഉണ്ടാകാം. എന്നാൽ ലൈംഗികബന്ധം ഒരാളുടെ കഴിവ് തെളിയിക്കേണ്ട പരീക്ഷണമല്ല. പങ്കാളികൾ തമ്മിലുള്ള ആശയവിനിമയവും പരസ്പര ധാരണയുമാണ് പ്രധാനം.

അപ്രതീക്ഷിത ഗർഭധാരണം സംഭവിക്കുമോ?

ലൈംഗികബന്ധത്തിനിടെ ഗർഭധാരണം സംഭവിക്കുമോ എന്ന ആശങ്കയും പലർക്കുമുണ്ട്. പ്രത്യേകിച്ച് ഉടൻ കുട്ടികൾ വേണ്ടെന്ന് തീരുമാനിച്ചിട്ടുള്ള ദമ്പതികൾക്കിടയിൽ ഇത്തരം ഭയം ഉണ്ടാകാം. ഗർഭനിരോധനത്തിനായി കോണ്ടം ഉപയോഗിക്കുന്നവർക്കുപോലും അത് പൊട്ടിപ്പോകുമോ, ശരിയായി പ്രവർത്തിക്കുമോ തുടങ്ങിയ ആശങ്കകൾ ഉണ്ടാകാം. കോണ്ടം ശരിയായ രീതിയിൽ ഉപയോഗിക്കുമ്പോൾ ഗർഭധാരണസാധ്യത ഗണ്യമായി കുറയ്ക്കാനാകുമെങ്കിലും ഒരു ഗർഭനിരോധന മാർഗവും നൂറുശതമാനം ഫലപ്രദമല്ല.അതിനാൽ ഗർഭനിരോധന മാർഗങ്ങളെക്കുറിച്ച് ശരിയായ അറിവ് നേടുകയും പങ്കാളിയുമായി മുൻകൂട്ടി സംസാരിക്കുകയും ചെയ്യുന്നത് ആശങ്ക കുറയ്ക്കാൻ സഹായിക്കും. കോണ്ടം ഉപയോഗിക്കുന്ന കാര്യത്തിലും പങ്കാളികളുടെ സമ്മതവും സുരക്ഷയും പ്രധാനമാണ്.

ലൈംഗികരോഗങ്ങൾ പകരുമെന്ന ഭയം

ലൈംഗികബന്ധത്തിലൂടെ രോഗങ്ങൾ പകരുമോ എന്ന ആശങ്കയും ചിലരെ ശാരീരിക അടുപ്പത്തിൽ നിന്ന് പിന്തിരിപ്പിക്കാറുണ്ട്. ഗൊണോറിയ, ക്ലമീഡിയ, സിഫിലിസ്, ജനനേന്ദ്രിയ ഹെർപ്പിസ്, എച്ച്‌ഐവി, ഹെപ്പറ്റൈറ്റിസ് ബി തുടങ്ങിയ അണുബാധകൾ ലൈംഗികബന്ധത്തിലൂടെ പകരാൻ സാധ്യതയുണ്ട്. ഇവയിൽ ചിലത് കൃത്യസമയത്ത് ചികിത്സിക്കാതിരുന്നാൽ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമായേക്കാം. കോണ്ടം ശരിയായി ഉപയോഗിക്കുന്നത് പല ലൈംഗിക അണുബാധകളുടെയും സാധ്യത കുറയ്ക്കുമെങ്കിലും എല്ലാ അണുബാധകളിൽ നിന്നും പൂർണ സംരക്ഷണം നൽകണമെന്നില്ല. ലൈംഗികാരോഗ്യ പരിശോധനകൾ നടത്തുന്നതും രോഗങ്ങളെക്കുറിച്ച് ശരിയായ അറിവ് നേടുന്നതും ആശങ്ക കുറയ്ക്കാൻ സഹായിക്കും.

പഴയ അനുഭവങ്ങൾ

ലൈംഗികബന്ധത്തോടുള്ള ഭയത്തിന് പിന്നിൽ ചിലപ്പോൾ മുൻകാലങ്ങളിലെ വേദനാജനകമായ അനുഭവങ്ങളുണ്ടാകാം. കുട്ടിക്കാലത്ത് ലൈംഗികാതിക്രമത്തിന് ഇരയായവർ, മുൻബന്ധങ്ങളിൽ നിർബന്ധിതമായോ സമ്മതമില്ലാതെയോ ലൈംഗികാനുഭവങ്ങൾ നേരിട്ടവർ തുടങ്ങിയവർക്ക് പിന്നീട് ശാരീരിക അടുപ്പത്തോട് ഭയം അനുഭവപ്പെടാം. ഇത്തരം അനുഭവങ്ങൾ ചിലരിൽ മാനസികാഘാതത്തിന് കാരണമാകാം. പങ്കാളിയുമായി അടുത്തിടപഴകുമ്പോൾ പഴയ അനുഭവങ്ങൾ ഓർമവരികയോ അസ്വസ്ഥതയും ഭയവും അനുഭവപ്പെടുകയോ ചെയ്യാം.എന്നാൽ ഇത്തരം ഭയങ്ങൾ മറികടക്കാൻ വഴികളുണ്ട്. മാനസികാരോഗ്യ വിദഗ്ധരുടെ സഹായവും ആവശ്യമായ ചികിത്സയും പലർക്കും ഗുണകരമാകും. ഭയമുള്ള ഒരാളെ ലൈംഗികബന്ധത്തിന് നിർബന്ധിക്കുന്നതിന് പകരം അയാളുടെ വികാരങ്ങളും വ്യക്തിപരമായ അതിരുകളും മാനിക്കുകയാണ് വേണ്ടത്.

പരിഹാരമെന്ത് ?

ലൈംഗികബന്ധത്തെക്കുറിച്ചുള്ള ആശങ്കകൾ ഉണ്ടാകുന്നത് അസാധാരണമല്ല. എന്നാൽ ആ ഭയം വ്യക്തിബന്ധങ്ങളെയും മാനസികാരോഗ്യത്തെയും ദൈനംദിന ജീവിതത്തെയും ബാധിക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണം തിരിച്ചറിയേണ്ടതുണ്ട്. പങ്കാളിയുമായി തുറന്നു സംസാരിക്കുക, ലൈംഗികാരോഗ്യത്തെക്കുറിച്ച് വിശ്വസനീയമായ വിവരങ്ങൾ മനസ്സിലാക്കുക, സുരക്ഷിതമായ ഗർഭനിരോധന മാർഗങ്ങൾ സ്വീകരിക്കുക എന്നിവ സഹായകരമാകും. ഭയം തീവ്രമാണെങ്കിൽ സൈക്കോളജിസ്റ്റിന്റെയോ സെക്സ് തെറാപ്പിസ്റ്റിന്റെയോ സഹായം തേടാം.