ന്യൂഡല്‍ഹി: ഡല്‍ഹി യൂണിറ്റ് പ്രസിഡന്റ് കവല്‍പ്രീത് കൗറിന്റെ മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തതായി ഓള്‍ ഇന്ത്യ സ്റ്റുഡന്‍സ് അസോസിയേഷന്‍ (ഐസ) ആരോപിച്ചു. തിങ്കളാഴ്ച പോലീസ് കവല്‍പ്രീതിന്റെ വീട്ടിലെത്തി ഫോണ്‍ പിടിച്ചെടുത്തതായി ഐസ പ്രസ്താവനയില്‍ പറഞ്ഞു. വാര്‍ത്ത പോലീസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 

To advertise here,

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട്, ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനുശേഷവും ഡല്‍ഹി പോലീസ് അറസ്റ്റ് രേഖപ്പെടുത്തുന്നുണ്ട്. രണ്ട് ജാമിയ മിലിയ ഇസ്ലാമിയ വിദ്യാര്‍ഥികളും മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദും ഉള്‍പ്പെടെ നിരവധി പേര്‍ക്കെതിരെ യുഎപിഎ പ്രയോഗിക്കുകയും ചെയ്തിരുന്നു. 

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റി, പിന്‍ജ്ര തോട്, ഐസ എന്നിവയിലെ അംഗങ്ങള്‍, ഡല്‍ഹി യൂണിവേഴ്‌സിറ്റി, ജെഎന്‍യു എന്നിവയിലെ പൂര്‍വ്വ  വിദ്യാര്‍ഥികള്‍, ഇപ്പോഴത്തെ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കെതിരെ പോലീസ് അന്വേഷണം തുടരുകയാണ്‌.

നേരത്തെ യുഎപിഎ പ്രകാരം ജാമിയ മിലിയ ഇസ്ലാമിയ അലുമിനി അസോസിയേഷന്‍ പ്രസിഡന്റ് ഷിഫ ഉര്‍ റഹ്‌മാനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഞായറാഴ്ച വൈകുന്നേരം അറസ്റ്റ് ചെയ്ത ഇയാളെ പിന്നീട് 10 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.

Content Highlights: AISA alleges police entered Delhi unit head’s home, seized phone