ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരേ രാഹുലും പ്രിയങ്കയും നയിച്ച സുപ്രീം കോടതി മാർച്ചിലെ സർപ്രൈസ് പങ്കാളിത്തമായിരുന്നു എ.ഐ.എസ്.എ ദേശീയ പ്രസിഡന്റും ജെഎൻയു ഗവേഷകയുമായ നേഹ ബോറയുടേത്. ധർമേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് ജൂലൈയിൽ ജന്തർ മന്തറിൽ സിജെപി നടത്തിയ വിദ്യാർത്ഥി-യുവജന പ്രക്ഷോഭത്തിന്റെ പ്രധാന മുഖങ്ങളിൽ ഒന്നായിരുന്നു നേഹ ബോറ. കഴിഞ്ഞ ദിവസം കോൺഗ്രസ് നടത്തിയ മാർച്ചിൽ രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം മുൻനിരയിൽ നേഹയുമുണ്ടായിരുന്നു. രാഷ്ട്രീയപാർട്ടികളുടെ പക്ഷമില്ലെന്ന് അവകാശപ്പെട്ടെങ്കിലും കോൺഗ്രസ് സമരത്തിലെ മുൻനിരയിൽ നേഹ ബോറ അണിനിരന്നതാണ് രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിക്കുകയും ദേശീയരാഷ്ട്രീയ ചർച്ചകൾക്ക് വിഷയമാവുകയും ചെയ്തു. 

To advertise here,

തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ ക്രമക്കേടുകൾ ആരോപിച്ച് ചീഫ് ജസ്റ്റിസ് സൂര്യ കാന്തിനെ കണ്ട് നിവേദനം നൽകാൻ തിങ്കളാഴ്ച രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാക്കൾ ശ്രമിച്ചിരുന്നു. എന്നാൽ കൂടിക്കാഴ്ച സാധ്യമാകാതിരുന്നതിനെ തുടർന്ന് വാർത്താസമ്മേളനം നടത്തുകയും സുപ്രീം കോടതിയിലേക്ക് മാർച്ച് നയിച്ച് ഹർജി ഫയൽ ചെയ്യുകയുമായിരുന്നു. ആ മാർച്ചിലാണ് നേഹ ബോറയും പങ്കെടുത്തത്. മുതിർന്ന കോൺഗ്രസ് നേതാക്കൾ രാഹുലിനും പ്രിയങ്കയ്ക്കും പിന്നിലായി അണിനിരന്നപ്പോൾ താരതമ്യേന പുതുമുഖമായ നേഹ ബോറയാണ് രാഹുലിനൊപ്പം മുൻനിരയിൽ നടന്നത്. രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധപരമ്പരകൾക്കൊപ്പം സമാന്തരമായോ അതിന് മുകളിലോ വളർന്ന ജനകീയ മുഖങ്ങളെക്കൂടി അണിനിരത്തി പങ്കാളിത്തം വ്യാപിപ്പിക്കാനുള്ള രാഹുലിന്റെ തന്ത്രമാണോ അതോ യുവജന പ്രക്ഷോഭത്തിന്റെ ജനപ്രീതി കൂടി കോൺഗ്രസിന്റെ അക്കൗണ്ടിലേക്ക് എത്തിക്കാനുള്ള തന്ത്രമാണോ ഇത് എന്നാണ് നിരീക്ഷകർ ചോദിക്കുന്നത്.

ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ പി.എച്ച്.ഡി ഗവേഷകയാണ് നേഹ ബോറ. ഇടത് വിദ്യാർത്ഥി സംഘടനയായ എ.ഐ.എസ്.എയുടെ ദേശീയ പ്രസിഡന്റ് കൂടിയാണ്. നീറ്റ്-യു.ജി പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ജൂലൈയിൽ ജന്തർ മന്തറിൽ നടന്ന സമരത്തിലും, സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിനൊപ്പം നടത്തിയ നിരാഹാര സമരത്തിലും നേഹ മുൻനിരയിലുണ്ടായിരുന്നു. ധർമേന്ദ്ര പ്രധാന്റെ രാജിക്കും തുടർന്നുണ്ടായ പ്രക്ഷോഭങ്ങൾക്കും ശേഷം രാജ്യത്തുടനീളം ഇടത് വിദ്യാർത്ഥി കേഡറുകളെ സംഘടിപ്പിച്ച് നടത്തിയ വീറുറ്റ പ്രസംഗങ്ങളിലൂടെ സോഷ്യൽ മീഡിയയിലും നേഹ തരംഗമായി മാറി. എന്നാൽ അഭിജിത് ദീപ്‌കെ, സൗരവ് ദാസ്, അശുതോഷ് രാങ്ക എന്നിവരുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭങ്ങളിൽ സജീവമായിരുന്നെങ്കിലും സിജെപിയിൽ നേഹയ്ക്ക് അർഹമായ സ്ഥാനം ലഭിച്ചില്ലെന്നും അതിൽ അതൃപ്തിയുണ്ടെന്നുമുള്ള അഭ്യൂഹങ്ങളുണ്ട്. അതേസമയം രാഹുൽ ഗാന്ധിയുടെ ഓഫീസുമായി നല്ല ബന്ധം പുലർത്തുന്ന നേഹ ബോറ, കോൺഗ്രസും സിജെപിയും തമ്മിലുള്ള ഇടനിലക്കാരിയായി മാറാനുള്ള സാധ്യതയുമുണ്ടെന്നാണ് മറ്റ് ചില നിരീക്ഷണങ്ങൾ.

ആം ആദ്മി പാർട്ടി സിജെപി പ്രതിഷേധങ്ങൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാൽ യുവാക്കളും സാധാരണ പൗരന്മാരും ചേർന്ന് ആരംഭിച്ച സി.ജെ.പി പ്രതിഷേധങ്ങളുടെയും വോട്ടർപട്ടിക ക്രമക്കേടുകൾക്കെതിരെയുള്ള സമരങ്ങളുടെയും ക്രെഡിറ്റ് സ്വന്തമാക്കാൻ രാഹുൽ ഗാന്ധിയും കോൺഗ്രസും ശ്രമിക്കുകയാണെന്ന് നേരത്തെ എഎപി ആരോപിച്ചിരുന്നു. തുടക്കത്തിൽ ഈ സമരങ്ങളിൽ നിന്ന് കോൺഗ്രസ് വിട്ടുനിൽക്കുകയായിരുന്നു. എന്നാൽ പിന്നീട് അതിന്റെ ജനപ്രീതി കണ്ട് അതിലേക്ക് കടന്നുകയറാൻ നോക്കുകയാണെന്നാണ് എഎപി ആരോപിക്കുന്നത്. ഭരണഘടന സംരക്ഷിക്കാനും വോട്ടവകാശം ഉറപ്പാക്കാനുംവേണ്ടി നടത്തുന്ന പൗരന്മാരുടെ ഈ പോരാട്ടത്തെ കോൺഗ്രസ് സ്വന്തം രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണെന്ന് ചില സി.ജെ.പി പ്രവർത്തകർ പോലും അഭിപ്രായപ്പെട്ടിട്ടുണ്ട്. പ്രതിഷേധ സമരത്തിൽ മുൻനിരയിൽ നിൽക്കുന്നതിലൂടെ കോൺഗ്രസ് ഈ പ്രക്ഷോഭത്തിന്റെ ഊർജ്ജംഏറ്റെടുക്കാനും പ്രതിപക്ഷ സമരങ്ങളുടെ പ്രധാന മുഖമായി രാഹുൽ ഗാന്ധിയെ പ്രതിഷ്ഠിക്കാനുമാണ് ശ്രമിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു.

ജനപങ്കാളിത്തം കൊണ്ട് തിങ്കളാഴ്ചയത്തെ സുപ്രീംകോടതിയിലേക്കുള്ള മാർച്ച് ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഐസ, എസ്എഫ്‌ഐ, എഐഎസ്എഫ് അടക്കമുള്ള സംഘടനകളുടെ പങ്കാളിത്തം ഇന്നലത്തെ മാർച്ചിലുണ്ടായിരുന്നു. മാതൃഭൂമി ന്യൂസിന് അനുവദിച്ച അഭിമുഖത്തിൽ സിജെപി നേതാവ് സൗരവ് ദാസ് ഈ പ്രതിഷേധത്തെ മഹത്തായ പ്രതിഷേധമെന്നും അതിനെ പിന്തുണക്കുന്നുവെന്നും പറയുകയുണ്ടായി. തന്നെയുമല്ല രാഷ്ട്രീയ പ്രതിഷേധങ്ങളുടെ ഭാഗമാകാൻ തങ്ങളില്ലെന്ന് സിജെപി വ്യക്തമാക്കുകയും ചെയ്തു. അതിനുംപുറമെ രാഹുൽ ഗാന്ധി ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിൽ ഗ്യാനേഷ് കുമാറിനെതിരായ ഈ സമരത്തിൽ പങ്കാളികളാകാൻ പൊതുജനങ്ങളോട് അദ്ദേഹം അഭ്യർഥിക്കുകയും ചെയ്തു. സമ്മർദ ഗ്രൂപ്പായി തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് സിജെപി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഏതാനും ദിവസം മുമ്പ് കോൺഗ്രസിനെ സിജെപി നേതാക്കൾ സോഷ്യൽ മീഡിയയിലൂടെ ചില പരിഹാസങ്ങൾ നടത്തുകയും കോൺഗ്രസ് അനുകൂല സൈബർ ഹാൻഡിലുകൾ തിരിച്ചടിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഈ ആരോപണങ്ങളെയെല്ലാം കോൺഗ്രസ് പൂർണ്ണമായും തള്ളിക്കളയുകയാണ്. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ടർപട്ടികയിലെ ക്രമക്കേടുകൾക്കെതിരെയും സമരം ചെയ്യുന്ന സാധാരണക്കാർക്കും വിദ്യാർത്ഥികൾക്കുമൊപ്പം തങ്ങൾ ഉറച്ചുനിൽക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതൃത്വവും വ്യക്തമാക്കിയത്. ജനാധിപത്യ സ്ഥാപനങ്ങളെ സംരക്ഷിക്കാനുള്ള ഈ സമരത്തിന് തങ്ങളുടെ എം.പിമാരും നേതാക്കളും വലിയ രീതിയിൽ പിന്തുണ നൽകുന്നുണ്ടെന്നും ഇതിന്റെ ഭാഗമായി നിരവധി കോൺഗ്രസ് നേതാക്കൾ അറസ്റ്റ് വരിച്ചിട്ടുണ്ടെന്നുമാണ് അവർ ചൂണ്ടിക്കാണിക്കുന്നത്. കേന്ദ്ര സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെയുള്ള പോരാട്ടം ഒരൊറ്റ വലിയ പോരാട്ടമാണെന്നും അതിൽ വേർതിരിവുകളില്ലെന്നുമാണ് രാഹുൽ വിശദീകരിക്കുന്നത്.