ന്യൂഡൽഹി: ഓൾ ഇന്ത്യാ സ്റ്റുഡന്റ്‌സ് അസോസിയേഷൻ (ഐസ) ദേശീയ അധ്യക്ഷ നേഹാ ബോറ ഹിന്ദു വിരുദ്ധയാണെന്ന് ബിജെപി. നേഹയുടെ പഴയൊരു വീഡിയോ ചൂണ്ടിക്കാട്ടിയാണ് ബിജെപി ഇക്കാര്യം ആരോപിച്ചത്. ജമ്മു കാശ്മീരിലെ കഠുവയിൽ എട്ടുവയസുകാരിയെ ക്ഷേത്രത്തിനുള്ളിൽ വെച്ച്, അതേ ക്ഷേത്രത്തിന്റെ നടത്തിപ്പുകാരൻ ഉൾപ്പെടെയുള്ളവർ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തെ കുറിച്ച് ഉൾപ്പെടെ നേഹ പറയുന്ന വീഡിയോ ആണ് ബിജെപി ഇപ്പോൾ ആയുധമാക്കാൻ ശ്രമിക്കുന്നത്. നേഹാ ബോറയ്ക്ക് പ്രചോദനം പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയാണെന്നും ബിജെപി ആരോപിക്കുന്നു.

To advertise here,

നേഹാ ബോറ, രാഹുൽ ഗാന്ധിയുടെ 'പോസ്റ്റർ ഗേൾ' ആണെന്നാണ് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി വീഡിയോ പങ്കുവെച്ചുകൊണ്ട് എക്‌സിൽ കുറിച്ചത്. 'രാഹുൽ ഗാന്ധിയുടെ പോസ്റ്റർ ഗേളായ നേഹാ ബോറ തന്റെ ഹിന്ദു വിരുദ്ധത തുറന്നു കാണിക്കുന്നു. പൂജാരിമാർ ക്ഷേത്രത്തിൽ വെച്ച് ബലാത്സംഗം ചെയ്യുന്നു എന്നാണ് അവൾ പറയുന്നത്. ക്ഷേത്രങ്ങളിൽ പെൺകുട്ടികൾ ലൈംഗികാതിക്രമത്തിന് ഇരയാകുന്നു എന്ന് മുമ്പ് പറഞ്ഞ രാഹുൽ ഗാന്ധിയിൽ നിന്നാണ് അവൾ പ്രചോദനം ഉൾക്കൊണ്ടത്. കോൺഗ്രസ് ഹിന്ദുക്കളെ വെറുക്കുകയും വോട്ട് ബാങ്കിനെ ഇഷ്ടപ്പെടുകയും ചെയ്യുന്നു. കോൺഗ്രസിന്റെ ചിന്താഗതി ഇന്ത്യയുടെ ഐക്യത്തിന് ഭീഷണിയാണ്.' -ഇതാണ് പ്രദീപ് ഭണ്ഡാരി വീഡിയോയ്‌ക്കൊപ്പം എക്‌സിൽ കുറിച്ചത്. മുമ്പെപ്പോഴോ നേഹാ ബോറ മാധ്യമങ്ങളോട് സംസാരിക്കുന്ന വീഡിയോ ആണ് ബിജെപി വീണ്ടും കുത്തിപ്പൊക്കിയിരിക്കുന്നത്.

'സ്ത്രീകൾക്ക് തീർച്ചയായും സുരക്ഷ ആവശ്യമാണ്. എന്നാൽ ആ സംരക്ഷണം വേണ്ടത് ബ്രാഹ്‌മണ്യ വ്യവസ്ഥയിൽനിന്നാണ്. പാവപ്പെട്ടവരും അടിച്ചമർത്തപ്പെടുന്നവരും മൃഗങ്ങളും സ്ത്രീകളും അടിച്ചമർത്തപ്പെടാനും പീഡിപ്പിക്കപ്പെടാനും അർഹരാണെന്ന് കരുതുന്ന വ്യവസ്ഥയാണിത്. ഈ വ്യവസ്ഥയിൽ ബ്രാഹ്‌മണ സ്ത്രീകൾക്കുപോലും സുരക്ഷയില്ല. അവരും ബലാത്സംഗത്തിന് ഇരയാകുന്നു. ക്ഷേത്രങ്ങൾക്കുള്ളിൽ പുരോഹിതർ ബലാത്സംഗം നടത്തുന്നു. ഉന്നാവോയിലും കഠുവയിലും ഇത്തരം സംഭവങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്.' -ഇതാണ് നേഹാ ബോറ വീഡിയോയിൽ പറയുന്നത്.

2018 ജനുവരിയിൽ ജമ്മു കശ്മീരിലെ കഠുവയിൽ എട്ടുവയസുകാരിയായ നാടോടി പെൺകുട്ടി നേരിട്ട ക്രൂരമായ ബലാത്സംഗവും കൊലപാതകവും പരാമർശിച്ചാണ് നേഹ ഇക്കാര്യങ്ങൾ പറഞ്ഞത്. നാടോടികളായ ബക്കർവാൾ സമുദായത്തിൽപ്പെട്ട പെൺകുട്ടിയെ ഗ്രാമത്തിലെ ക്ഷേത്രത്തിനുള്ളിൽ മയക്കുമരുന്ന് നൽകി പൂട്ടിയിടുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തശേഷം കൊലപ്പെടുത്തുകയായിരുന്നു. സംഭവം രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്ക് കാരണമായി. കേസിൽ 2019 ജൂണിൽ പ്രത്യേക കോടതി ആറുപേരെ കുറ്റക്കാരായി കണ്ടെത്തി. ക്ഷേത്രം പരിപാലിച്ചിരുന്ന സഞ്ജി റാം ഉൾപ്പെടെ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.

കഠുവ സംഭവത്തെ ഉദ്ദേശിച്ച് നേഹാ ബോറ പറഞ്ഞ കാര്യങ്ങൾ രാഹുൽ ഗാന്ധിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി എൻഡിടിവിയോട് ആവർത്തിച്ചു. ക്ഷേത്രങ്ങളിൽ വെച്ച് പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുന്നുവെന്ന് രാഹുൽ ഗാന്ധി നേരത്തേ പറഞ്ഞിട്ടുണ്ട്. ഹിന്ദു ഭീകരത പോലുള്ള പ്രയോഗങ്ങൾ നടത്തിയ അതേ കോൺഗ്രസ് പാർട്ടിയാണ് ഇത്. അവർ സനാതന ധർമത്തെ അപകീർത്തിപ്പെടുത്തുകയും ഹിന്ദു വിശ്വാസത്തെ ലക്ഷ്യമിടുകയും ചെയ്യുന്നു. ഇത് അവരുടെ വർഗീയ മനോഭാവത്തെയാണ് കാണിക്കുന്നത്. കോൺഗ്രസിന്റെ ഡിഎൻഎ തന്നെ ഹിന്ദു വിരുദ്ധവും സനാതന ധർമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നും അദ്ദേഹം ആരോപിച്ചു.