ന്യൂഡൽഹി: അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട എയർഇന്ത്യ വിമാനത്തിൽ ഇന്ധന സ്വിച്ചിലുണ്ടാവാനിടയുള്ള തകരാർ സംബന്ധിച്ച് മുന്നറിയിപ്പുണ്ടായിരുന്നതായി റിപ്പോര്‍ട്ട്. വിമാനാപകടം സംബന്ധിച്ച എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി)യുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലാണ് പരാമര്‍ശമുള്ളത്. ഫ്യൂവൽ സ്വിച്ചിന്റെ കാര്യത്തിൽ യുഎസ് വ്യോമയാന അതോറിറ്റിയായ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ ഒരു മുന്നറിയിപ്പ് നിലവിലുണ്ടായിരുന്നു. 2018ല്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇലക്ട്രോണിക്കിലെ തകരാര്‍ മൂലം ഫ്യൂവല്‍ സ്വിച്ചിന് മാറ്റമുണ്ടാകാമെന്ന് അന്നത്തെ മുന്നറിയിപ്പില്‍ പറയുന്നുണ്ട്. എന്നാൽ എയർ ഇന്ത്യ പരിശോധനകൾ നടത്തിയിരുന്നില്ലെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.
വിമാനത്തിന്റെ ഒന്നാം എഞ്ചിൻ ഭാഗികമായി പ്രവർത്തനക്ഷമമായെങ്കിലും, ഇടിക്കുന്നതിന് മുമ്പ് രണ്ടാം എഞ്ചിൻ പ്രവർത്തനക്ഷമമായില്ലെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ത്രസ്റ്റ് ലിവറുകൾ പ്രവർത്തനരഹിതമായിരുന്നുവെങ്കിലും ടേക്ക് ഓഫ് ത്രസ്റ്റ് പ്രവർത്തിച്ചിരുന്നതായാണ് ബ്ലാക്ക് ബോക്സിൽ നിന്നും കണ്ടെത്തിയത്. ഇത് ത്രസ്റ്റ് ലിവറുകൾ വിച്ഛേദിക്കപ്പെടുകയോ തകരാർ സംഭവിക്കുകയോ ചെയ്തതിനാലാവാമെന്നാണ് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
15 പേജുള്ള റിപ്പോർട്ടാണ് പ്രാഥമിക അന്വേഷണത്തിനൊടുവിൽ സമർപ്പിച്ചിരിക്കുന്നത്. പറന്നുയർന്ന് നിമിഷങ്ങൾക്കകം എഞ്ചിനുകൾ രണ്ടും ആകാശത്തുവെച്ച് നിലച്ചു. ഫ്യൂവൽ സ്വിച്ചുകൾ ഒരു സെക്കൻഡിനുള്ളിൽ റൺ പൊസിഷനിൽ നിന്ന് കട്ട് ഓഫ് സ്ഥാനത്തേക്ക് നീങ്ങി. "എന്തിനാണ് കട്ട് ഓഫ് ചെയ്തത്?" എന്ന് ഒരു പൈലറ്റ് ചോദിച്ചതായും മറ്റേയാൾ "ഞാൻ ചെയ്തില്ല" എന്ന് മറുപടി പറഞ്ഞതായും കോക്ക്പിറ്റ് ഓഡിയോ സ്ഥിരീകരിക്കുന്നു. എഞ്ചിനുകൾക്ക് ശക്തി നഷ്ടപ്പെട്ടപ്പോൾ, അടിയന്തര ഹൈഡ്രോളിക് പവർ നൽകുന്നതിനായി റാം എയർ ടർബൈൻ ( RAT) സ്വയം വിന്യസിക്കപ്പെട്ടു. എഎഐബിക്ക് ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ റാം എയർ ടർബൈൻ പ്രവർത്തിക്കുന്നത് വ്യക്തമാണ്.
പൈലറ്റുമാർ എഞ്ചിൻ പ്രവർത്തിപ്പിക്കാൻ ശ്രമിച്ചപ്പോൾ ഒന്നാം എഞ്ചിൻ ഭാഗികമായി പ്രവർത്തനക്ഷമമായെങ്കിലും രണ്ടാം എഞ്ചിൻ പ്രവർത്തനക്ഷമമായില്ല. വിമാനം 32 സെക്കൻഡ് മാത്രമാണ് ആകാശത്തുണ്ടായിരുന്നത്. വിമാനത്തിൽ നിറച്ച ഇന്ധനത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ടേക്ക് ഓഫിനുള്ള ഫ്ലാപ്പ് ക്രമീകരണവും ഗിയർ പൊസിഷനും സാധാരണ നിലയിലായിരുന്നു. പക്ഷികളുടെ സാന്നിധ്യമോ കാലാവസ്ഥാ പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ല. അപകടകരമായ വസ്തുക്കളൊന്നും വിമാനത്തിൽ ഉണ്ടായിരുന്നില്ല. തെളിഞ്ഞ ആകാശവും വ്യക്തമായ ദൃശ്യപരതയും നേരിയ കാറ്റുമായിരുന്നു ഉണ്ടായിരുന്നത്. പരിചയ സമ്പന്നരായ പൈലറ്റുമാരായിരുന്നു വിമാനം പറത്തിയതെന്നും കൃത്യമായ വിശ്രമം ലഭിച്ചിരുന്നതായും വൈദ്യപരിശോധനയിൽ ഇവർക്ക് യാതൊരു ആരോഗ്യപ്രശ്നങ്ങളും കണ്ടെത്തിയിരുന്നില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാണ്.
Content Highlights: AAIB`s preliminary report on the Air India Ahmedabad crash reveals engine shutdown
Published: 12 Jul 2025, 11:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented