ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്രദിനാഘോഷ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചത് തടസ്സപ്പെടുത്താൻ മുതിർന്ന നേതാവ് സോണിയാ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ശ്രമിച്ചെന്ന വിവാദത്തിൽ കോൺഗ്രസിനെതിരെ പ്രതിഷേധം. സംഭവത്തിൽ ദേശവിരുദ്ധത ആരോപിച്ച് ബിജെപിയും വിശ്വഹിന്ദു പരിഷത്തും രംഗത്തെത്തി. നെഹ്‌റു കുടുംബത്തിന് ഇന്ത്യൻ പാരമ്പര്യത്തോടുള്ള എതിർപ്പാണ് ഇതിലൂടെ പ്രകടമാകുന്നതെന്ന് ബിജെപി ആരോപിച്ചു. കോൺഗ്രസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നേതാക്കൾ പറഞ്ഞു.

To advertise here,

വന്ദേമാതരത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബങ്കിംചന്ദ്ര ചാറ്റർജിയുടെ ബന്ധുവും ബിജെപി എംഎൽഎയുമായ സുമിത്രോ ചാറ്റർജി സോണിയ ഗാന്ധിക്ക് കത്തയച്ചു. നെഹ്‌റു കുടുംബത്തിൻ്റെ ഇന്ത്യാവിരുദ്ധ നിലപാടാണ് പുറത്തുവന്നതെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി എക്സിൽ കുറിച്ചു.

അതേസമയം, പരിപാടിയുടെ സംഘാടകരായ സേവാദളിന് സംഭവിച്ച വീഴ്ചയാണിതെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. വന്ദേമാതരം ആലപിക്കുന്ന സംഘത്തിന് കൃത്യമായ നിർദേശം നൽകുന്നതിൽ വീഴ്ച സംഭവിച്ചതായി സേവാദൾ അധ്യക്ഷൻ വി.വി. ശ്രീനിവാസ് കോൺഗ്രസ് ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് സേവാദളിൽനിന്ന് കോൺഗ്രസ് വിശദീകരണം തേടി. ഇതിന് ശ്രീനിവാസ് വിശദീകരണം നൽകുകയും ചെയ്തു. സംഭവത്തിൽ സേവാദളിന്റെ മുൻ അധ്യക്ഷനും വിശദീകരണം നൽകിയിട്ടുണ്ട്.