കാസർകോട്: കാസർകോട് കേരള കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് നടത്താനിരുന്ന ദേശീയ സെമിനാറിനെതിരെ വിദ്യാർഥി സംഘടനകളുടെ ശക്തമായ പ്രതിഷേധം. ആർ.എസ്.എസ്. പ്രജ്ഞാ പ്രവാഹ് ജെ. നന്ദകുമാർ പങ്കെടുക്കുന്നതിനെതിരെയാണ് വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. എസ്.എഫ്.ഐ., എൻ.എസ്.യു.ഐ., എം.എസ്.എഫ്., എ.ഐ.എസ്.എഫ്. തുടങ്ങിയ വിദ്യാർഥി സംഘടനകൾ സംയുക്തമായാണ് സെമിനാർ തടയാൻ പ്രതിഷേധം സംഘടിപ്പിച്ചത്.

To advertise here,

സംഘപരിവാർ പശ്ചാത്തലമുള്ള അഖില ഭാരതീയ സാഹിത്യ പരിഷത്തുമായി ചേർന്ന് വന്ദേമാതരം വാർഷികം ആഘോഷിക്കാൻ സർവകലാശാല തീരുമാനമെടുക്കുകയായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്. പരിപാടിയുടെ ബ്രോഷർ പുറത്തുവന്നതിനു പിന്നാലെ പ്രതിഷേധവുമായി വിദ്യാർഥികൾ രംഗത്തെത്തി. ക്യാമ്പസിനകത്ത് പരിപാടി നടത്താൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ വിദ്യാർഥികൾ, 'ആർ.എസ്.എസ്. ഗോ ബാക്ക്' മുദ്രാവാക്യങ്ങൾ ഉയർത്തി.

സർവകലാശാലയുടെ പ്രധാന കവാടത്തിനു മുന്നിലും സെമിനാർ നടക്കുന്ന ലൈബ്രറി ഹാളിന്റെ കവാടങ്ങളിലുമായാണ് വിദ്യാർഥികൾ ഉപരോധ സമരം നടത്തിയത്. സെമിനാർ ഹാളിനകത്തേക്ക് കയറ്റിവിടണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടെങ്കിലും പൊലീസ് തയ്യാറായില്ല. വിദ്യാർഥികളുടെ ഐഡി കാർഡുകൾ പരിശോധിച്ചശേഷവും അകത്തേക്ക് കയറ്റാൻ പൊലീസ് കൂട്ടാക്കിയില്ലെന്നും എ.ബി.വി.പിക്കാരെ മാത്രമാണ് അകത്തേക്ക് കയറ്റിവിട്ടതെന്നും വിദ്യാർഥികൾ ആരോപിച്ചു.

വിദ്യാർഥികളെ അകത്തു കയറ്റരുതെന്ന് വൈസ് ചാൻസലർ പറഞ്ഞതായി പൊലീസ് അറിയിച്ചെന്ന് വിദ്യാർഥികൾ പറഞ്ഞു. സർവകലാശാലയിൽ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുമ്പോൾ ക്യാമ്പസ് യൂണിയനുമായി സംസാരിക്കുകയോ ചർച്ച ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് വിദ്യാർഥിയൂണിയൻ പ്രസിഡന്റ് കുറ്റപ്പെടുത്തി. വൻ പൊലീസ് സന്നാഹമാണ് ക്യാമ്പസിനുള്ളിൽ ഒരുക്കിയിരിക്കുന്നത്. ജലപീരങ്കിയും സ്ട്രൈക്കിങ് ഫോഴ്സും ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ക്യാമ്പസിൽ നിലയുറപ്പിച്ചിട്ടുണ്ട്.