വേനൽക്കാലമാണ് വരുന്നത്. മലയാളികൾ റെഫ്രിജറേറ്റർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കാലം കൂടിയാണിത്. സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ കറന്റ് ബില്ല് കൂടും.

To advertise here,

റെഫ്രിജറേറ്റർ തിരഞ്ഞെടുക്കുമ്പോൾ മുതൽ ഇക്കാര്യത്തിൽ ധാരാളം ശ്രദ്ധിക്കാനുണ്ട്. ചെറിയ കുടുംബമാണ് നിങ്ങളുടേത് എങ്കിൽ അതിന് അനുസരിച്ചുള്ള റെഫ്രിജറേറ്റർ തിരഞ്ഞെടുക്കുക.

റെഫ്രിജറേറ്ററുകളുടെ വൈദ്യുതി ഉപയോഗം അറിയുന്നതിന് ബി.ഇ.ഇ (ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി) സ്റ്റാർ ലേബൽ പരിശോധിച്ചാൽ മതി. അഞ്ച് സ്റ്റാർ ഉളള 240 ലിറ്റർ റെഫ്രിജറേറ്റർ വർഷം 385 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുമ്പോൾ രണ്ട് സ്റ്റാർ ഉള്ളവ വർഷം 706 യൂണിറ്റ് ഉപയോഗിക്കുന്നു. സ്റ്റാർ അടയാളം ഇല്ലാത്ത പഴയ റെഫ്രിജറേറ്റർ വർഷം 900 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നു. സ്റ്റാർ അടയാളം കൂടും തോറും വൈദ്യുതി ഉപയോഗം കുറയുമെന്നർത്ഥം.അതുകൊണ്ട് റെഫ്രിജറേറ്റർ വാങ്ങുമ്പോൾ സ്റ്റാർ എണ്ണാൻ മറക്കരുത്.

ഇത് പുതിയ റെഫ്രിജറേറ്റർ വാങ്ങുമ്പോൾ ഉള്ള കാര്യമാണ്. ഇനി വീട്ടിൽ ഉള്ള റെഫ്രിജറേറ്റർ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന് നോക്കാം.

  • ഫ്രിഡ്ജിന്റെ താപനില 3°C മുതൽ 5°C വരെയും ഫ്രീസറിന്റേത് -18°C ആയും ക്രമീകരിക്കുക
  • റെഫ്രിജറേറ്ററിനു ചുറ്റും വായുസഞ്ചാരം ഉറപ്പാക്കുക. ഇതിനായി ഭിത്തിയിൽ നിന്നും നാല് ഇഞ്ചെങ്കിലും അകലം ഉണ്ടായിരിക്കണം.
  • റെഫ്രിജറേറ്ററിന്റെ വാതിൽ ഭ്രദമായി അടഞ്ഞിരിക്കണം. ഇതിനായി വാതിലിലുളള റബ്ബർ ബീഡിംഗ് സമയാസമയം പരിശോധിച്ച് പഴക്കം ചെന്നതാണെങ്കിൽ മാറ്റുക.
  • ആഹാര സാധനങ്ങൾ ചൂടാറിയതിനുശേഷം മാത്രം റെഫ്രിജറേറ്ററിൽ വയ്ക്കുക. എടുത്തു കഴിഞ്ഞാൽ തണുപ്പു മാറിയതിനുശേഷം മാത്രം ചൂടാക്കുക.
  • കൂടെക്കൂടെ റെഫ്രിജറേറ്റർ തുറക്കുന്നത് ഊർജനഷ്ടമുണ്ടാക്കും.
  • റെഫ്രിജറേറ്റർ കൂടുതൽ നേരം തുറന്നിടുന്നത് ഒഴിവാക്കാനായി ആഹാരസാധനങ്ങൾ അടുക്കോടെയും ചിട്ടയോടെയും ഒരു നിശ്ചിത സ്ഥാനത്ത് വയ്ക്കാൻ ശ്രദ്ധിക്കുക.
  • കാലാവസ്ഥ അനുസരിച്ചും ഉള്ളിലെ സാധനങ്ങളുടെ അളവ് അനുസരിച്ചും തെർമോസ്റ്റാറ്റ് ക്രമീകരിക്കണം.
  • റെഫ്രിജറേറ്ററിൽ ആഹാര സാധനങ്ങൾ കുത്തിനിറച്ച് ഉപയോഗിക്കുന്നത് വൈദ്യുതിച്ചെലവ് കൂട്ടും. മാത്രമല്ല ഇങ്ങനെ ചെയ്യുന്നത് റെഫ്രിജറേറ്ററിനകത്തെ തണുത്ത വായുവിന്റെ സുഗമമായ സഞ്ചാരത്തിന് തടസ്സം ഉണ്ടാക്കുന്നതിനാൽ ആഹാര സാധനങ്ങൾ കേടാകുകയും ചെയ്യും.
  • ആഹാര സാധനങ്ങൾ അടച്ചുമാത്രം റെഫ്രിജറേറ്ററിൽ സൂക്ഷിക്കുക. ഇത് ഈർപ്പം റെഫ്രിജറേറ്ററിനകത്ത് വ്യാപിക്കുന്നത് തടയുകയും തന്മൂലമുള്ള വൈദ്യുതിനഷ്ടം ഒഴിവാക്കുകയും ചെയ്യുന്നു.
  • ഫ്രീസറിൽ ഐസ് കൂടുതൽ കട്ട പിടിക്കുന്നത് ഊർജനഷ്ടമുണ്ടാക്കുന്നു. അതിനാൽ നിർമാതാവ് നിർദ്ദേശിച്ച സമയ ക്രമത്തിൽ തന്നെ ഫ്രീസർ ഡീഫ്രോസ്റ്റ് ചെയ്യുക.