
കുന്നിൻചെരുവിൽ ശാന്തമായി നിൽക്കുന്ന വീട്. വാലി വില്ലയുടെ ഫോട്ടോ കണ്ടപ്പോൾ ആദ്യം തോന്നിയത് അതാണ്. വീടെന്ന ഭാവം ഒന്നുമില്ലാതെ വളരെ സിംപിളായൊരു വീട്. ഒരു മൂവന്തിക്കാണ് വാലി വില്ലയിൽ ആദ്യം എത്തുന്നത്. എരുമേലി കണമല റോഡിലൂടെ പോകുമ്പോൾ ഈ വീട് കണ്ണിൽപെടില്ല. പ്രധാന റോഡിൽനിന്ന് ഒൻപത് മീറ്റർ താഴ്ചയിലാണ് വീട്. ചീവിടുകളുടെ ശബ്ദമാണ് വാലി വില്ലയിൽ ആദ്യം വരവേറ്റത്. മുറ്റത്ത് ഒരു കോണിൽ പൂവിട്ടു നിൽക്കുന്ന പീസ് ലില്ലി. വീടിന് നേരെ താഴെ പമ്പാ നദി നിശബ്ദമായി ഒഴുകുന്നു. വീട്ടിൽനിന്ന് നേരെ നോക്കിയാൽ കാടാണ്. രാത്രി ഇരുട്ടി തുടങ്ങിയപ്പോൾ വാലി വില്ലയിലേക്ക് പതുക്കെ തണുപ്പ് അരിച്ചെത്തി തുടങ്ങി. എല്ലാ ലൈറ്റുകളും പ്രകാശിച്ചപ്പോൾ ഭംഗി പതിന്മടങ്ങായി.
പിറ്റേന്ന് പുലർച്ചെ വീണ്ടും ഞങ്ങൾ വാലി വില്ലയിലേക്ക് എത്തി. വാലി വില്ലയ്ക്ക് താഴെ കോടമഞ്ഞായിരുന്നു. ഇവിടുത്തെ പ്രധാന ബെഡ്‌റൂമിൽനിന്ന് നോക്കിയാൽ കാണുന്ന ആദ്യ കാഴ്ച മലയിടുക്കിൽനിന്ന് കാടിനിടയിലൂടെ കോടമഞ്ഞ് അരിച്ചെത്തുന്നതാണ്. ഒപ്പം പമ്പാ നദി കാണാം. മാസ്റ്റർ ബെഡ്‌റൂമിൽ കിടന്നുറങ്ങി കണ്ണ് തിരുമ്മി എഴുന്നേറ്റാൽ ആദ്യം കാണുന്ന കാഴ്ച ഇതാണ്. പമ്പയെ കാണാൻ കാടും കോടമഞ്ഞും കാണാൻ മാസ്റ്റർ ബെഡ്‌റൂമിനോട് ചേർന്ന് പ്രത്യേക ബാൽക്കണിയും നൽകിയിട്ടുണ്ട്.
വീടിന്റെ വരാന്തയിൽ ഇരുന്നാലും മുന്നിലെ കാടും പുഴയും മനോഹരമായി ആസ്വദിക്കാം. കണമല സ്വദേശി നിതിൽ സെബാസ്‌ററ്യന് വേണ്ടി അനീഷ് ആന്റണിയാണ്(Rare Earth Architects) വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. എറണാകുളത്ത് ഐടി ഫീൽഡിൽ ജോലി ചെയ്യുന്ന നിതിലിന് വീക്കന്റ് ഹോമായി ഉപയോഗിക്കാനും ഒപ്പം പ്രായമായ മാതാപിതാക്കൾക്ക് താമസിക്കാനും വേണ്ടിയാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. പഴയ കുടുംബവീട് ഇരുന്ന അതേ സ്ഥലത്താണ് വാലി വില്ലയും പണി കഴിപ്പിച്ചിരിക്കുന്നത്.
നാല് ബെഡ്‌റൂമുകളിലായി 2250 സ്‌ക്വയർഫീറ്റിലാണ് വീട്. രണ്ട് കിടപ്പുമുറി, ലിവിങ് ഡൈനിങ് റൂം കിച്ചൺ ഇവയാണ് താഴെത്തെ നിലയിൽ ക്രമീകരിച്ചിരിക്കുന്നത്. പ്രായമായ മാതാപിതാക്കൾക്ക് ഉപയോഗിക്കാനുള്ള സൗകര്യം മുൻനിർത്തി വർക്ക് ഏരിയയും കിച്ചണും ഒരുമിച്ചാണ് നൽകിയിരിക്കുന്നത്. മുകളിലെ നിലയിൽ രണ്ട് ബെഡ്‌റൂമുകൾ നൽകിയിട്ടുണ്ട്.
ഏത് കോണിലിരുന്നും കാട് കാണാം
ഏത് കോണിലിരുന്നും കാടിന്റ ഭംഗി ആസ്വദിക്കാൻ കഴിയുന്ന വിധത്തിലാണ് ഡിസൈൻ. ലിവിങ് റൂമിലെ സോഫയിൽ ഇരുന്നാലും കാട് കാണാം. ഇതിനായി വരാന്തയ്ക്കും ലിവിങ് റൂമിനും ഇടയിൽ ഗ്ലാസ് സ്ലൈഡിങ് ഡോറുകളാണ് നൽകിയിരിക്കുന്നത്. ബെഡ്‌റൂമിൽനിന്നും ഇതുപോലെ പുറത്തെ പ്രകൃതിഭംഗി ആസ്വദിക്കാവുന്ന തരത്തിൽ ചെറിയ ഗ്ലാസ് വിൻഡോകൾ നൽകിയിട്ടുണ്ട്.
എൽ ഷേപ്പ് വീടും ഡബിൾ ഹൈറ്റും
വീടിന്റെ മുറ്റത്ത് കാർ പാർക്കു ചെയ്യാവുന്ന തരത്തിൽ സ്‌പേസ് വേണമെന്നായിരുന്നു ക്ലയന്റിന്റെ ആവശ്യങ്ങളിൽ ഒന്ന്. അതുകൊണ്ട് തന്നെ എൽ ഷെയ്പ്പിലാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. ഡബിൾ ഹൈറ്റാണ് മറ്റൊരു ഹൈലൈറ്റ്. വീടിനകത്ത് ചൂട് കുറയ്ക്കാൻ ഈ ഡബിൾ ഹൈറ്റ് സഹായിക്കുന്നുണ്ട്. പഴയ വീടിന്റെ ഓടാണ് പുതിയ വീടിനും ഉപയോഗിച്ചിരിക്കുന്നത്. ചെരിവുള്ള മേൽക്കൂരയും പഴയ ഓടിന്റെ നിറവും സ്വഭാവിക ഭൂപ്രകൃതിയോട് നന്നായി ഇണങ്ങിച്ചേരുന്ന വിധത്തിലാണ്.
മുറ്റം നിറയെ ചെടിയാണ്. ഒത്തനടുവിൽ ഒരു മരവും ഉണ്ട്. പഴയ വീട്ടിലെ ചെടികളെയും മരത്തെയും എല്ലാം അതേപോലെ നിലനിർത്തിയാണ് വീട് ചെയ്തതെന്ന് ആർക്കിടെക്റ്റ് ലക്ഷിപ്രഭ വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ ഭൂപ്രകൃതിയുടെ സ്വഭാവികതയോട് ഈ ചെടികളും മരങ്ങളും നന്നായി ഇണങ്ങിച്ചേരുന്നുണ്ട്.
മിനിമലാണ് പക്ഷേ, എലഗന്റുമാണ്
വളരെ ലളിതമാണ് ഡിസൈൻ. വെള്ളയും ടെറാകോട്ടയും നിറങ്ങളാണ് പ്രധാനമായും ഇന്റീരിയറിൽ ഉപയോഗിച്ചിരിക്കുന്നത്. സോഫയും ഫർണിച്ചറും കർട്ടനും വാർഡോബുമെല്ലാം ഈ കളർ തീമിലാണ്. പുറത്തെ പ്രകൃതിപോലെ വീടും വീടിന്റെ ഉള്ളും ശാന്തമായി അനുഭവപ്പെടാൻ ഈ നിറങ്ങൾ സഹായിക്കും. വീടിനെ അനാവശമായി അലങ്കരിച്ചിട്ടില്ല. മോടിപിടിപ്പിക്കാനായി പ്രത്യേകിച്ചൊന്നും ചെയ്തിട്ടുമില്ല. ഇത് ബോധപൂർവ്വമായൊരു തിരഞ്ഞടെുപ്പായിരുന്നുവെന്ന് അനീഷ് ആന്റണി പറയുന്നു. കാരണം, കാലത്തെ അതിജീവിച്ചും ഈ വീട് പുതിമയോടെ നിൽക്കും. ട്രെന്റ് ഔട്ട് ആകാൻമാത്രം ട്രെന്റിങ് ആയത് ഒന്നും ഈ വീട്ടിൽ ഇല്ല എന്നതു തന്നെ. എന്നിട്ടും ഈ വീട് തരുന്നത് ഒരു റിസോർട്ട് ഫീലാണ്.
Valley Villa: Image Credit: Rare Earth Architects[Missing Credit]
വാലി വില്ലയിലെ ഫ്‌ളോറിങ് എടുത്ത് പറയേണ്ടതാണ്. ടെറാക്കോട്ട ഫിനിഷുള്ള ടൈലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. നല്ല ഗ്രിപ്പുള്ള ഈ ടൈൽ നിതിലിന്റെ മാതാപിതാക്കളുടെ സുരക്ഷ മുന്നിൽ കണ്ടുകൊണ്ടാണ് തിരഞ്ഞെടുത്തത്. മുറ്റത്ത് പെബിൾസ് വിരിച്ചിരിക്കുന്നു. ഇത് പുഴയെയും വീടിനെയും കണക്ടു ചെയ്യുന്ന പ്രധാന ഫാക്ടറുകളിൽ ഒന്നാണ്. പഴയ വീട്ടിലും മുറ്റത്ത് പെബിൾസ് ആയിരുന്നു എന്നതും ഒരു കാരണമായി.
നഗരത്തിരക്കിൽനിന്ന് ഓടിയൊളിക്കാൻ ആരും കൊതിച്ചുപോകുന്ന ഇടം. ഈ വീട്ടിലെ രാവിലെകൾ, വൈകുന്നേരങ്ങൾ ഒരു തെറാപ്പിപോലെയാണ്. പ്രകൃതിയും അതിനോട് ഇണങ്ങി നിൽക്കുന്ന ഈ വീടും ഒരു മെഡിറ്റേഷൻ പോലെ അനുഭവപ്പെടും ചിലപ്പോഴൊക്കെ തിരികെ പോരാൻ തോന്നിയെന്ന് വരില്ല.
Content Highlights: 2250 sq ft 4-bedroom minimalist weekend home in Erumely, Designed by architect Aneesh Antony for client Nithin Sebastian, Overlooks the Pampa river, forest, and morning mist, L-shape design with double height and terracotta roof tiles, Resort-like tranquil atmosphere blending naturally with the surrounding landscape
Published: 07 Nov 2026, 10:59 am IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented