ഇന്റീരിയർ ഡിസൈനർ എന്ന പേര് നമ്മൾക്ക് സുപരിചിതമാണ്. വീടിന്റെ അകത്തളങ്ങൾക്ക് വ്യക്തിത്വം നൽകുന്നത് ഇന്റീരിയർ ഡിസൈനർമാരാണ്. വീടുകൾക്ക് ഉപയോഗക്ഷമതയും സൗകര്യവും ഉറപ്പാക്കുന്നതിലും ഇന്റീരിയർ ഡിസൈനർക്ക് പങ്കുണ്ട്. എന്നാൽ ഇന്റീരിയർ സ്റ്റൈലിസ്റ്റ് എന്ന പേര് പലരും കേട്ടുകാണില്ല. നമ്മുടെ നാട്ടിൽ ഇന്റീരിയർ സ്റ്റൈലിങ്ങുകൾ പ്രചാരത്തിലായി വരുന്നതേയുള്ളു.

To advertise here,

എന്നാൽ ഇന്റീരിയറിനെ കൂടുതൽ സൗന്ദര്യത്തോടെ അവതരിപ്പിക്കുകയാണ് ഇന്റീരിയർ സ്റ്റൈലിസ്റ്റിന്റെ ജോലി. ഒരു മുറിയുടെയോ വീടിന്റെയോ ഏറ്റവും മനോഹരമായ വശങ്ങൾ കണ്ടെത്തി അവയെ കൂടുതൽ ആകർഷകമായി അവതരിപ്പിക്കുന്നതിലാണ് ഇന്റീരിയർ സ്‌റ്റൈലിസ്റ്റിന്റെ പ്രധാന ഉത്തരവാദിത്വം. 

ആർക്കിടെക്ചർ ഫോട്ടോ ഷൂട്ടുകൾ, മാഗസിൻ ഫോട്ടോ ഷൂട്ടുകൾ ഇത്തരം സാഹചര്യത്തിലാണ് ഇന്റീരിയർ സ്‌റ്റൈലിസ്റ്റിന്റെ സേവനം കൂടുതലായി ഉപയോഗപ്പെടുത്തുക.

ഒരു വീടിന്റെ ഫോട്ടോ എടുക്കുമ്പോൾ ഫർണിച്ചറുകളുടെ സ്ഥാനം, അതിന്റെ നിറം, ഏതെല്ലാം അലങ്കാര വസ്തുക്കൾ ഉപയോഗിക്കണം, ലൈറ്റുകളുടെ വിന്യാസം തുടങ്ങി ആ വീടിന്റെ എലഗൻസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇന്റീരിയർ സ്റ്റൈലിസ്റ്റാണ് ചെയ്യുന്നത്.

ഇന്റീരിയർ ഡിസൈനറും സ്റ്റൈലിസ്റ്റും തമ്മിലുള്ള വ്യത്യാസം എന്താണ്

ഉപഭോക്താവിന്റെ ആവശ്യങ്ങളും താൽപര്യങ്ങളും ജീവിതശൈലിയും ബജറ്റും മുൻനിർത്തി അതിനനുസരിച്ച് ഒരു വീടിന്റെ അകത്തളങ്ങളുടെ രൂപകൽപ്പന തീരുമാനിക്കുന്നയാളാണ് ഇന്റീരിയർ ഡിസൈനർ. ചുവരുകൾ, സീലിങ്, തറ, ഫർണിച്ചറുകൾ, ലൈറ്റിങ്, തുടങ്ങി ഒരു മുറിയുടെ രൂപവും ഉപയോഗവും നിർണയിക്കുന്ന എല്ലാ ഘടകങ്ങളും ഇതിൽ ഉൾപ്പെടുന്നു.

ഇന്റീരിയർ ഡിസൈനർ ഒരു ഇടം മനോഹരവും സൗകര്യപ്രദവും ആക്കി അതിനെ പ്രായോഗിക തലത്തിൽ കൊണ്ടുവരുന്നു. എന്നാൽ ഇന്റീരിയർ സ്‌റ്റൈലിസ്റ്റ് അതിന്റെ ഭംഗിയെ കൂടുതൽ ദൃശ്യപരമാക്കുന്നു. കുറച്ചുകൂടി സിംപിളായി പറഞ്ഞാൽ

ഇന്റീരിയർ ഡിസൈനർ ഉപഭോക്താവിന്റെ ആവശ്യങ്ങൾക്കനുസരിച്ച് സ്ഥലം രൂപകൽപ്പന ചെയ്യുകയും ഫർണിച്ചറുകളും മറ്റ് ഘടകങ്ങളും തിരഞ്ഞെടുക്കുകയും ചെയ്യുന്നു. സ്‌റ്റൈലിസ്റ്റ് നിലവിലുള്ള ഇടത്തെ കൂടുതൽ ആകർഷകമാക്കാൻ ഫർണിച്ചറുകൾ, അലങ്കാരവസ്തുക്കൾ, നിറങ്ങൾ, മറ്റ് ഘടകങ്ങൾ എന്നിവ പുനഃക്രമീകരിക്കുന്നു.