
ഒരു വീടിന്റെ പ്രധാന വാതിൽ തുറന്ന് അകത്തേക്ക് കടക്കുമ്പോൾ ആദ്യം നമ്മുടെ ശ്രദ്ധയിൽപ്പെടുന്നത് എന്താണ്? അവിടുത്തെ ക്രമീകരണമോ ചുവരുകളിലെ ചിത്രങ്ങളോ ഫർണിച്ചറുകളോ അതോ ആ വീടിന്റെ മൊത്തത്തിലുള്ള അന്തരീക്ഷമോ?
ഒരു വീടിന്റെ ഹൃദയമാണ് ലിവിങ് റൂം. കുടുംബാംഗങ്ങൾ ഒരുമിച്ചുകൂടുന്നതും അതിഥികളെ സ്വീകരിക്കുന്നതും സന്തോഷങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കുന്നതുമെല്ലാം ഇവിടെയാണ്. അതുകൊണ്ടുതന്നെ വീടിന്റെ ഊർജ്ജപ്രവാഹത്തിൽ ലിവിങ് റൂമിന് ഫെങ് ഷുയി പ്രത്യേക പ്രാധാന്യം നൽകുന്നു.
വീടിനെ കൂടുതൽ സന്തുലിതവും ഐശ്വര്യപൂർണവുമാക്കാൻ ലിവിങ് റൂമിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പരിചയപ്പെടാം.
1. ഓർമ്മകൾക്കും വേണം ശരിയായ ഇടം!
നമ്മെ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ടവരുടെ ചിത്രങ്ങൾ എവിടെ സ്ഥാപിക്കണം എന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഫെങ് ഷുയി പ്രകാരം, മൺമറഞ്ഞുപോയ കുടുംബാംഗങ്ങളുടെയും പൂർവികരുടെയും ചിത്രങ്ങൾ തെക്ക് ഭിത്തിയിൽ സ്ഥാപിക്കുന്നതാണ് ഉചിതം. ഇത് കുടുംബത്തിന്റെ പാരമ്പര്യത്തെ ഓർമിപ്പിക്കുന്ന മനോഹരമായൊരു ക്രമീകരണമാണ്.
പ്രതീകാത്മക ചിത്രം
2. ദൈവളുടെ ചിത്രങ്ങൾ എവിടെ സ്ഥാപിക്കണം?
ദൈവങ്ങളുടെ ചിത്രങ്ങൾ സ്ഥാപിക്കുമ്പോൾ അവയുടെ സ്ഥാനവും ദിശയും ശ്രദ്ധിക്കണം. കിഴക്ക് അല്ലെങ്കിൽ പടിഞ്ഞാറ് ഭിത്തികളിൽ ദൈവചിത്രങ്ങൾ സ്ഥാപിക്കാവുന്നതാണ്. വൃത്തിയും ശാന്തതയുമുള്ള ഒരിടം ഇതിനായി തിരഞ്ഞെടുക്കുക.
3. കുടുംബത്തിന്റെ സന്തോഷം ചുവരുകളിലും പ്രതിഫലിക്കട്ടെ!
കുടുംബാംഗങ്ങൾ ഒരുമിച്ചുള്ള സന്തോഷകരമായ ചിത്രങ്ങൾ തെക്കുപടിഞ്ഞാറ് മൂലയിലോ പടിഞ്ഞാറ് ഭിത്തിയിലോ സ്ഥാപിക്കാം. കുടുംബബന്ധങ്ങളിലെ സ്നേഹം, ഐക്യം, പരസ്പരവിശ്വാസം എന്നിവയെ വർധിപ്പിക്കാൻ ഇത് സഹായിക്കും.
4. ഗോവണിക്ക് താഴെ അക്വേറിയമോ ഫൗണ്ടനോ ഉണ്ടോ? ശ്രദ്ധിക്കണം!
സ്ഥലപരിമിതി കാരണം പലരും ഗോവണിക്ക് താഴെയുള്ള ഭാഗം പല ആവശ്യങ്ങൾക്കായി ഉപയോഗിക്കാറുണ്ട്. എന്നാൽ ഫെങ് ഷുയി പ്രകാരം ഈ ഭാഗത്ത് ഫൗണ്ടൻ, അക്വേറിയം തുടങ്ങിയ ജലസംബന്ധമായ സംവിധാനങ്ങൾ സ്ഥാപിക്കുന്നത് ഒഴിവാക്കണം. ഇത്തരം ക്രമീകരണങ്ങൾ കുടുംബത്തിലെ കുട്ടികളുടെ വളർച്ചയെയും ഭാവിയെയും പ്രതികൂലമായി ബാധിക്കുമെന്നാണ് വിശ്വാസം. അതുപോലെ, ഗോവണിക്ക് താഴെ പൂജാമുറിയോ പഠനമുറിയോ ഒരുക്കുന്നതും ഒഴിവാക്കേണ്ടതാണ്.
5. പ്രധാന വാതിൽ തുറക്കുമ്പോൾ ആദ്യം കണ്ണിൽപ്പെടുന്നത് എന്താണ്?
വീടിന്റെ പ്രധാന വാതിൽ തുറക്കുമ്പോൾ തന്നെ ഗോവണിയുടെ ആരംഭഭാഗമോ ഡൈനിങ് ടേബിളോ നേരിട്ട് കാണുന്നുണ്ടോ? എങ്കിൽ ഈ ക്രമീകരണം ഒന്ന് ശ്രദ്ധിക്കേണ്ടതാണ്!
ഫെങ് ഷുയി പ്രകാരം, ഇത്തരത്തിലുള്ള ക്രമീകരണം വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും അനാവശ്യ ചെലവുകൾ വർധിക്കാനും വരുമാനത്തിൽനിന്ന് സേവിങ്‌സ് നിലനിർത്താൻ ബുദ്ധിമുട്ടുണ്ടാകാനും കാരണമാകാം. അതിനാൽ പ്രധാന വാതിലിൽനിന്നുള്ള കാഴ്ചയും അകത്തേക്കുള്ള ഊർജ്ജപ്രവാഹവും ശ്രദ്ധിച്ച് ക്രമീകരിക്കുന്നത് നല്ലതാണ്.
6. പ്രധാന വാതിലിന് അഭിമുഖമായി കണ്ണാടി വേണ്ട!
വീടിന്റെ പ്രധാന വാതിൽ തുറക്കുമ്പോൾ നേരെ മുന്നിൽ ഒരു വലിയ കണ്ണാടി കാണുന്നുണ്ടോ? എങ്കിൽ അതിന്റെ സ്ഥാനം മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കാം.
ഫെങ് ഷുയി പ്രകാരം, പ്രധാന വാതിലിലൂടെ അകത്തേക്ക് പ്രവേശിക്കുന്ന നല്ല ഊർജ്ജത്തെയും ഭാഗ്യത്തെയും കണ്ണാടി പ്രതിഫലിപ്പിച്ച് പുറത്തേക്ക് തിരിച്ചയക്കുമെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ പ്രധാന വാതിലിന് നേരെ കണ്ണാടി സ്ഥാപിക്കുന്നത് ഒഴിവാക്കണം. കണ്ണാടികൾ വീട്ടിൽ സ്ഥാപിക്കുമ്പോൾ അവയുടെ സ്ഥാനവും ദിശയും പ്രത്യേകം ശ്രദ്ധിക്കുക.
ചെറിയ മാറ്റങ്ങൾ; വലിയ വ്യത്യാസങ്ങൾ!
ഫെങ് ഷുയി നിർദേശങ്ങൾ പിന്തുടർന്ന് വീടിന്റെ ഓരോ ഭാഗവും ശ്രദ്ധയോടെയും സ്നേഹത്തോടെയും ക്രമീകരിക്കാം. കാരണം, നല്ല ഊർജ്ജം നിറയുന്ന ഇടങ്ങൾ സന്തോഷവും സമാധാനവും സമൃദ്ധിയും നിറഞ്ഞ ജീവിതത്തിന് വഴിയൊരുക്കുന്നു.
നമ്മുടെ വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും അറിയാതെ സൂക്ഷിച്ചുവയ്ക്കുന്ന ചില വസ്തുക്കൾ അവിടുത്തെ ഊർജ്ജത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഫെങ് ഷുയി പറയുന്നു. എന്തൊക്കെയാണ് ആ വസ്തുക്കൾ? ഏതൊക്കെയാണ് ഒരു ഇടത്ത് ഒരിക്കലും സൂക്ഷിക്കാൻ പാടില്ലാത്തവ?
ദൗർഭാഗ്യവും തടസ്സങ്ങളും ക്ഷണിച്ചുവരുത്തുമെന്ന് വിശ്വസിക്കപ്പെടുന്ന ഇത്തരം വസ്തുക്കളെക്കുറിച്ച് അടുത്ത ഭാഗത്തിൽ വിശദമായി പരിചയപ്പെടാം!
Content Highlights: Placement of ancestor pictures on the south wall for tradition., Proper directional placement of deity and family photos., Avoiding water features and prayer rooms under staircases., Preventing mirrors directly facing the main entrance to retain positive energy.
Published: 06 Nov 2026, 02:58 pm IST
ABOUT THE AUTHOR

Chitra Hanson
chitrahanson@gmail.com23 വര്‍ഷമായി ഫെങ്ഷുയി രംഗത്ത് പ്രവര്‍ത്തിക്കുന്നയാളാണ് ലേഖിക. 16 വര്‍ഷമായി ഫെങ്ഷുയി അധ്യാപനവും നടത്തുന്നുണ്ട്. ഫെങ്ഷുയി ഗ്രാന്റ് മാസ്റ്റര്‍ ലില്ലിയൻ ടൂവിന്റെ കീഴില്‍ വേള്‍ഡ് ഓഫ് ഫെങ്ഷുയി മലേഷ്യയില്‍ നിന്ന് ഉന്നത ബിരുദമായ മാസ്റ്റര്‍ കണ്‍സള്‍ട്ടന്റ് കോഴ്സ് പൂര്‍ത്തിയാക്കി. കൊരട്ടി ആസ്ഥാനമായി മിറാക്കിള്‍ ഫെങ്ഷുയി എന്ന കണ്‍സള്‍ട്ടിങ് സ്ഥാപനവും നടത്തുന്നുണ്ട്.
.Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented