ചെട്ടിനാട് എന്ന പേരിനൊപ്പം ഓർത്തുവെക്കപ്പെടുന്ന ഒന്ന് അവിടുത്തെ വീടുകളാണ്. ആരെയും അത്ഭുതപ്പെടുത്തുന്ന, കാലത്തെ അതിജീവിക്കുന്ന വാസ്തുവിദ്യയിൽ കെട്ടിപ്പൊക്കിയ വീടുകൾ. അതിലൊരു വീടാണ് ചെട്ടിനാട് മാൻഷൻ. ചെട്ടിനാട് വാസ്തുവിദ്യയ്ക്ക് പേരുകേട്ട കാനാടുകാത്താൻ എന്ന പൈതൃക ഗ്രാമത്തിലാണ് ഈ വീടുള്ളത്. ഈ വീടിനെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും അറിയണമെങ്കിൽ ആദ്യം ചെട്ടിയാന്മാരുടെ അതിജീവന ചരിത്രംകൂടി അറിയണം.

To advertise here,

കച്ചവടക്കാരായ ചെട്ടിയാന്മാരുടെ ജന്മദേശം കാവേരിപൂമ്പട്ടണം ആയിരുന്നു. എട്ടാം നൂറ്റാണ്ടിൽ ഈ മേഖലയിൽ ആഞ്ഞടിച്ച സുനാമി ചെട്ടിയാന്മാരെ തകർത്തുകളഞ്ഞു. ഇതോടെ പാലായനം ചെയ്ത ഇവർ പാണ്ഡ്യരാജാവിന്റെ അടുത്ത് സഹായം തേടിയെത്തി. കച്ചവടക്കാരായ ചെട്ടിയാന്മാരുമായി എഗ്രിമെന്റിൽ ഏർപ്പെട്ട പാണ്ഡ്യരാജാവ് ശിവഗംഗ ജില്ലയിലെ 96 ഗ്രാമങ്ങൾ ചെട്ടിയാന്മാർക്കായി അനുവദിച്ചു. ഇതിൽ 50 ഗ്രാമങ്ങൾ ശിവഗംഗ ജില്ലയിലും 40 ഗ്രാമങ്ങൾ പുതുക്കോട്ട ജില്ലയിലുമാണ്.

അങ്ങനെ അവർ കൊട്ടാരസദൃശമായ വീടുകൾ പണിതുയർത്തി. അത്തരം ഒരു ഗ്രാമമാണ് കാനാടുകാത്താനും. ഇവിടെ ഇത്തരത്തിൽ നിരവധി ചെട്ടിയാർ വീടുകൾ കാണാനാകും. പല വീടുകളും ഇടിഞ്ഞ് പൊളിഞ്ഞ് നാമാവശേഷമായെങ്കിലും ഇന്നും കാലത്തെ തോൽപ്പിച്ച് ചെട്ടിനാട് വാസ്തുവിദ്യയുടെ രാജകീയത്വത്തിന്റെ സാക്ഷ്യമായി ആ വീടുകൾ ഇന്നും നിലകൊള്ളുന്നുണ്ട്.

സുനാമി നശിപ്പിച്ചവരുടെ മുൻകരുതൽ

സുനാമി തകർത്തെറിഞ്ഞ തങ്ങളുടെ ഇന്നലെകൾ മുന്നിലുള്ളതുകൊണ്ടുതന്നെ ചെട്ടിയാർമാർ മഴ കുറവുള്ള, വെള്ളം കയറാൻ സാധ്യതയില്ലാത്ത ശിവഗംഗ ജില്ലയാണ് തിരഞ്ഞെടുത്തത്. മഴ പെയ്താലും വെള്ളം വീടിനകത്തേക്ക് കയറരുത് എന്ന മുൻകരുതൽ എടുക്കാനായി ഗ്രാമത്തിലുടനീളം കനാലുകൾ പണിതു. വീട് പണിയുമ്പോഴും ആ മുൻകരുതൽ പാലിച്ചുപോന്നു.

ഇതാണ് ചെട്ടിയാർ വീടുകൾ

കൃത്യമായ സ്ട്രാക്ചറുകൾ പാലിച്ചുപോരുന്നവയാണ് ഓരോ ചെട്ടിയാർ വീടുകളും. ചെട്ടിയാർ മാൻഷനും അത്തരത്തിലുള്ള ഒരു വീടാണ്. 1902- ലാണ് ചെട്ടിയാർ മാൻഷന്റെ നിർമ്മാണം. മൊത്തം പത്തുവർഷമാണ് ഈ വീട് നിർമ്മാണം പൂർത്തിയാക്കാനായി എടുത്തത്. തറ നിർമ്മിക്കാൻമാത്രം എടുത്തത് രണ്ട് വർഷത്തോളമാണ്. സത്തപ്പ അണ്ണാമലൈ ചെട്ടിയാർ ആണ് ചെട്ടിയാർ മാൻഷന്റെ നിർമ്മാണത്തിന് തുടക്കമിട്ടത്. 4,400 സ്‌ക്വയർഫീറ്റാണ് ചെട്ടിയാർ മാൻഷന്റെ വിസ്തീർണം.

ലോകത്തിന്റെ പല ഭാഗത്തുനിന്നും വസ്തുക്കൾ എത്തിച്ചാണ് വീട് നിർമ്മിച്ചത്. ബർമ്മയിൽനിന്ന് തേക്കുകൾ, ഇറ്റലിയിൽനിന്ന് മാർബിൾ, കണ്ണഞ്ചിപ്പിക്കുന്ന വിധത്തിൽ സീലിങ്ങ് മോടിപിടിപ്പിക്കാൻ കോപ്പർ ക്യാസ്‌ററയ്‌നുകളാണ് ഉപയോഗിച്ചത്. സ്‌പെയിനിൽനിന്ന് ഇറക്കുമതി ചെയ്തതാണ് ചെട്ടിനാട് വീടുകളുടെ മുഖമുദ്രയായ നീളൻ കൽത്തൂണുകൾ. വിവിധ നിറത്തിലുള്ള ബെൽജിയം ഗ്ലാസുകൾ ഉപയോഗിച്ചാണ് ജനാലകൾ വർണശബളമാക്കിയത്.

ചെട്ടിയാർ വീടുകളുടെ പ്രത്യേകത

കെട്ടിലും മട്ടിലും വേറിട്ടു നിൽക്കുന്നവയാണ് ഓരോ ചെട്ടിയാർ വീടുകളും. സുനാമിയെ പേടിച്ച ചെട്ടിയാന്മാർ ഒരു മഴയോ വെള്ളപ്പൊക്കമോ ഇനി തങ്ങളെ മുറിവേൽപ്പിക്കരുതെന്ന് ഉറപ്പിച്ചു. അങ്ങനെ തറകൾ ഉയരത്തിൽ കെട്ടി. അഞ്ച് സ്റ്റെപ്പുകൾക്ക് മുകളിൽ വീടുകൾ വെച്ചു. മുറ്റത്ത് എത്തുന്ന മഴ വെള്ളം ഒലിച്ചുപോകാൻ പ്രത്യേക ചാലുകൾ നിർമ്മിച്ചു. ഗ്രാമത്തിന് ചുറ്റും ഇത്തരത്തിൽ വെള്ളം ഒഴുകി പോകാനായി പ്രത്യേക കനാലുകളും നിർമ്മിച്ചു. വീടിനകത്തുള്ള നടുമുറ്റത്തുപോലും വെള്ളം ഒഴുകി പോകാനുള്ള പ്രത്യേക സംവിധാനങ്ങൾ കാണാം.

മുഖപ്പാണ് ചെട്ടിനാട് വീടുകളുടെ മറ്റൊരു പ്രത്യേകത. ഗജലക്ഷ്മി വിഗ്രഹമാണ് ഈ മുഖപ്പിലേത്. ഏതൊരു ചെട്ടിയാർ വീട്ടിലും ഈ മുഖപ്പ് അങ്ങനെ തല ഉയർത്തി നിൽക്കുന്നതുകാണാം. രാജനിലയം ആണ് മറ്റൊരു പ്രത്യേകത. പടുകൂറ്റൻ വാതിലുകളെയാണ് രാജനിലയങ്ങൾ എന്നു പറയുന്നത്. ബർമ്മയിൽനിന്നുള്ള തേക്കുകൾ കൊണ്ടു നിർമ്മിച്ച രാജനിലയങ്ങൾ ഓരോ വീടിന്റെയും വലുപ്പം അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.

ചെട്ടിനാട് മാൻഷന്റെ ഒരു ഭാഗത്ത് ഈ കുടുംബത്തിലുള്ളവർ തന്നെയാണ് താമസിക്കുന്നത്. ബാക്കി ഭാഗങ്ങൾ ചെട്ടിനാടിനെക്കുറിച്ചും അവയിലെ വീടുകളെക്കുറിച്ചും അറിയാൻ വരുന്ന അതിഥികൾക്കുള്ള ഇടങ്ങളാണ്. ഇവിടെ വന്ന് താമസിച്ച് ചെട്ടിയാർ സംസ്‌കാരത്തെ, ആർക്കിടെക്ചറിനെ, എല്ലാത്തിലും ഉപരി ഒരു ജനതയുടെ അതിജീവനത്തെ അടുത്തറിയാം.