സ്പായിലെ മണം ഇഷ്ടമില്ലാത്തവർ ആരെങ്കിലും ഉണ്ടാകുമോ? പക്ഷേ ഭൂരിഭാഗം പേർക്കും സ്വന്തം ബാത്ത്‌റൂമിലെ മണം അത്ര ഇഷ്ടമല്ല. എത്ര ബാത്ത്‌റൂം ക്ലീനറുകൾ ഒഴിച്ചാലും ഈ ഗന്ധം പോകണമെന്നില്ല. കിടപ്പുമുറികൾക്ക് നൽകുന്ന അതേ പ്രാധാന്യം ബാത്ത്‌റൂമുകൾക്ക് നൽകിയാൽ സ്പാ പോലെ നിങ്ങളുടെ ബാത്ത്‌റൂം മനോഹരമാകും

To advertise here,

എന്നും വൃത്തിയായി കഴുകുക

കുളി കഴിഞ്ഞാൽ ബാത്ത്‌റൂമിൽ മെഴുക്കും അഴുക്കും സോപ്പിന്റെ പതയുമെല്ലാം കാണും. ഇത് അപ്പോൾ തന്നെ കഴുകി കളയുക. തുടർന്ന് ജനൽ തുറന്നിടുകയോ എക്‌സോസ്റ്റഡ് ഫാൻ ഉപയോഗിക്കുകയോ ചെയ്താൽ ബാത്ത്‌റൂം വേഗത്തിൽ ഉണങ്ങും.

ടോയ്‌ലറ്റ് ഏരിയ വൃത്തിയാക്കാം

ടോയ്‌ലറ്റിന്റെ അകം മാത്രമല്ല ടോയ്‌ലറ്റ് പുറവും അതിന് ചുറ്റുമുള്ള ഭാഗങ്ങളും നന്നായി കഴുകി വൃത്തിയാക്കുക. ഈ ഭാഗങ്ങളിൽ മഞ്ഞ കറ ഉണ്ടാകാൻ സാധ്യതയുണ്ട്. ബേക്കിങ് സോഡയും ടൂത്ത് പേസ്റ്റുമെല്ലാം ഇത്തരം കറകൾ പോകാനുള്ള എളുപ്പമാർഗമാണ്.

ബാത്ത്‌റൂമിന്റെ തറകൾ മാത്രമല്ല ചുവരും തുടച്ചുവൃത്തിയാക്കേണ്ടത് അനിവാര്യമാണ്. ബാത്ത്‌റൂമിലെ മിറർ തുടച്ച് വൃത്തിയായി സൂക്ഷിക്കുക.

ഡ്രെയിനേജ് ആയിരിക്കും മിക്ക ബാത്ത്‌റൂമുകളിലെയും വില്ലൻ. അതിനാൽ തന്നെ വെള്ളം കൃത്യമായി ഒഴുകി പോകുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

ബാത്ത്‌റൂം ഡെക്കറേഷൻ

ബാത്ത്‌റൂമിൽ ഓർഗനൈസർ നിർബന്ധമായും വേണം. സോപ്പും ഷാംപുവും ബോഡി ലോഷനുമെല്ലാം ഇതിൽ വൃത്തിയായി വെക്കാം. ഈ ഓർഗനൈസറിന്റെ അതേ നിറത്തിൽ ടൗവ്വൽ ബാത്ത്‌റൂമിൽ ഇടുന്ന മാറ്റ്, തുടങ്ങിയവ ഉപയോഗിക്കു. ടോയ്‌ലറ്റ് സീറ്റിന്റെ പുറത്തും ഇതേ നിറത്തിലുള്ള കവർ ഉപയോഗിക്കാം. ബക്കറ്റും മഗ്ഗും ഇതേ കളർ തന്നെ തിരഞ്ഞെടുക്കുക. എന്തിന് ലൂഫ പോലും ഇതേ നിറം തന്നെയാകട്ടെ

ടോയ്‌ലറ്റിൽ എപ്പോഴും നല്ല ഗന്ധം ലഭിക്കാനായി നല്ല മണമുള്ള മെഴുകുതിരികൾ വാങ്ങിവയ്ക്കാം. നിങ്ങൾ കുളിക്കുമ്പോൾ ഈ മെഴുകുതിരികൾ കത്തിച്ചുവെക്കാം. വെള്ളം വീഴാത്ത ഇടത്തുവയ്ക്കാൻ ശ്രദ്ധിക്കണമെന്നുമാത്രം.

ചെടികൾ കൊണ്ട് മനോഹരമാക്കാം

ചെറിയ ലൈവ് പ്ലാന്റുകൾ ബാത്ത്‌റൂമിൽ വെക്കാം. മണി പ്ലാന്റ് പോലുള്ള ലോ മെയിന്റനൻസ് പ്ലാന്റുകളാണ് ബാത്ത്‌റൂമിന് നല്ലത്.

നല്ല ഭംഗിയുള്ള വാൾപേപ്പറുകൾ ചുവരുകളിൽ ഒട്ടിക്കുന്നതും നന്നായിരിക്കും. നിങ്ങൾക്ക് മനസിന് ഇഷ്ടപ്പെട്ട നിറം തന്നെയാകട്ടെ ഇത്.