ടെലിവിഷൻ താരം സുമോണ ചക്രവർത്തി ശസ്ത്രക്രിയയ്ക്ക് വിധേയയായി. ഏതാനും വർഷങ്ങളായി അലട്ടിയിരുന്ന 'എൻഡോമെട്രിയോസിസ്' എന്ന രോഗാവസ്ഥയ്ക്കാണ് താരം ശസ്ത്രക്രിയ നടത്തിയത്. കഴിഞ്ഞ രണ്ട് മാസമായി സാമൂഹികമാധ്യമങ്ങളിൽനിന്ന് വിട്ടുനിന്നതിന്റെ കാരണം വ്യക്തമാക്കി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ദീർഘമായ കുറിപ്പിലൂടെയാണ് 38-കാരിയായ നടി തന്റെ ആരോഗ്യവിവരങ്ങൾ ആരാധകരുമായി പങ്കുവെച്ചത്.

To advertise here,

വർഷങ്ങളായി നിയന്ത്രിക്കാൻ ശ്രമിച്ചിട്ടും രോഗാവസ്ഥ നാലാം ഘട്ടത്തിലേക്ക് അതീവ ഗുരുതരമായി വളർന്നതിനെ തുടർന്ന് കഴിഞ്ഞ മേയ് നാലിനാണ് സുമോണ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ശസ്ത്രക്രിയയ്ക്ക് ശേഷം കഴിഞ്ഞ രണ്ട് മാസമായി ശാരീരികമായും മാനസികമായും സുഖം പ്രാപിക്കാനുള്ള ശ്രമത്തിലായിരുന്നുവെന്നും ഇപ്പോൾ പൂർണ ആരോഗ്യവതിയാണെന്നും താരം വ്യക്തമാക്കി. തന്നെ മികച്ച രീതിയിൽ പരിചരിച്ച ഡോക്ടർമാർക്കും മെഡിക്കൽ സംഘത്തിനും താരം നന്ദി അറിയിച്ചു.

ആരുടെയും സഹതാപം പിടിച്ചുപറ്റാനല്ല, മറിച്ച് ഈ അനുഭവം ജീവിതത്തോടുള്ള തന്റെ കാഴ്ചപ്പാടിൽ വലിയ മാറ്റം വരുത്തിയതിനാലാണ് ഇക്കാര്യം പങ്കുവെക്കുന്നതെന്ന് സുമോണ കുറിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം തന്റെ വയറിൽ മൂന്ന് പാടുകൾ അവശേഷിക്കുന്നുണ്ട്. ഈ അടയാളങ്ങൾ എപ്പോഴെങ്കിലും മാഞ്ഞുപോകുമോ എന്ന് തനിക്കറിയില്ല. എന്നാൽ, അവ തന്നെ എപ്പോഴും അലട്ടുന്നുണ്ട്. എങ്കിലും ഈ പാടുകളും ഓർമകളും ജീവിച്ചുതീർത്തതിന്റെ തെളിവുകളാണെന്നും അവർ കൂട്ടിച്ചേർത്തു.

സാമൂഹികമാധ്യമങ്ങളിൽ താൻ നേരിടുന്ന ബോഡി ഷെയ്മിംഗിനെയും അശ്ലീല കമന്റുകളെയും കുറിച്ചും താരം കുറിപ്പിൽ പ്രതികരിച്ചു. തന്റെ ചിത്രങ്ങൾക്ക് താഴെ വരുന്ന മോശം കമന്റുകൾ ഭൂരിപക്ഷവും പുരുഷന്മാരിൽനിന്നാണെന്ന് താരം ചൂണ്ടിക്കാട്ടി. ഒരു നടി എന്ന നിലയിൽ ഇത്തരം കാര്യങ്ങൾ സ്വാഭാവികമാണെന്ന് അറിയാം. തന്റെ അവസാന ശ്വാസം വരെ അഭിനയരംഗത്ത് തുടരുമെന്നും സുമോണ വ്യക്തമാക്കി.

അടുത്തിടെ തന്റെ ജന്മദിനം സാമൂഹികമാധ്യമങ്ങളിൽനിന്ന് വിട്ടുനിന്ന് ആഘോഷിച്ച സുമോണ, ഇൻസ്റ്റാഗ്രാമിലെ ലൈക്കുകളും ഫോളോവേഴ്‌സും അല്ല സ്‌നേഹത്തിന്റെയോ ബന്ധങ്ങളുടെയോ മാനദണ്ഡമെന്ന് ഈ ഇടവേള ഓർമിപ്പിച്ചതായി കുറിച്ചു.

'ബഡേ അച്ചേ ലഗ്‌തേ ഹേ', 'ദി കപിൽ ശർമ ഷോ' തുടങ്ങിയ പ്രശസ്തമായ ടെലിവിഷൻ പരിപാടികളിലൂടെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സുമോണ ചക്രവർത്തി. 38-ാം പിറന്നാൾ സുമോണ ഇസ്താംബുളിലായിരുന്നു ആഘോഷിച്ചത്.