പ്രായം കൂടുമ്പോൾ ആകാരഭംഗി കുറയുന്നതും ചർമം അയഞ്ഞുതൂങ്ങുന്നതും അമിതമായി കൊഴുപ്പടിയുന്നതും സ്വാഭാവികമാണ്. ശരീരവടിവ് നഷ്ടമാകുന്നത് ചിലരിൽ വലിയ മാനസികബുദ്ധിമുട്ടുകളുണ്ടാക്കാം. ഈസമയത്ത് പ്രായം കുറയ്ക്കാൻ വഴിതേടുന്നവരുണ്ട്. ഇത്തരത്തിൽ ചർമത്തിന്റെ പ്രായം കുറച്ച് ആകാരഭംഗി കൂട്ടാൻ ചില ശസ്ത്രക്രിയാരീതികളുണ്ട്. ഇവയാണ് കോസ്മെറ്റിക് സർജറികൾ എന്നറിയപ്പെടുന്നത്.
കൊഴുപ്പ് കുറയ്ക്കാൻ ലിപ്പോസക്ഷൻ
വയർ, സ്തനങ്ങൾ തുടങ്ങി ശരീരത്തിന്റെ പലഭാഗങ്ങളിലും വലിയതോതിൽ കൊഴുപ്പടിയാറുണ്ട്. ശരീരത്തിൽ അമിതമായി കൊഴുപ്പടിയുമ്പോൾ ആകാരഭംഗി നഷ്ടപ്പെടും. പലർക്കും ഭക്ഷണനിയന്ത്രണത്തിലൂടെയും വ്യായാമത്തിലൂടെയും അമിതകൊഴുപ്പ് സ്വയം നീക്കംചെയ്യാൻ സാധിക്കാറുണ്ട്. എന്നാൽ, ചിലർ എത്ര ശ്രമിച്ചാലും ഇതിന് സാധിക്കാറില്ല. ഈ സാഹചര്യത്തിലാണ് ലിപ്പോസക്ഷൻ എന്ന ശസ്ത്രക്രിയ ചെയ്യുന്നത്.
ഇതൊരു കീഹോൾ ശസ്ത്രക്രിയയാണ്. ശരീരത്തിൽ വളരെച്ചെറിയ മുറിവുണ്ടാക്കി അതിലൂടെ ഒരു നേർത്ത ട്യൂബ് (കാനുല) കടത്തി, പേശികൾക്കും ചർമത്തിനും ഇടയിലുള്ള കൊഴുപ്പുപാളി ദ്രവരൂപത്തിലാക്കി, പമ്പുപയോഗിച്ച് നിശ്ചിത അളവിൽ വലിച്ചെടുക്കുകയാണ് ചെയ്യുന്നത്. ജനറൽ അനസ്തീസ്യ നൽകിയാണ് ഈ ശസ്ത്രക്രിയ ചെയ്യുന്നത്. ശസ്ത്രക്രിയക്കുമുൻപായി വിശദമായ മെഡിക്കൽ പരിശോധനകൾ നടത്തും. എന്തെങ്കിലും അസുഖങ്ങളുള്ളവർ, മരുന്നുകൾ കഴിക്കുന്നവർ എന്നിവരെ വിശദമായി പരിശോധിച്ച് സുരക്ഷിതമാണെന്ന് ഉറപ്പാക്കിയശേഷമേ ശസ്ത്രക്രിയ ചെയ്യുകയുള്ളൂ. പരിശോധനകൾക്കുശേഷം കൊഴുപ്പ് നീക്കേണ്ട ശരീരഭാഗങ്ങൾ ഡോക്ടർ അടയാളപ്പെടുത്തും. ഇതിനുശേഷമാണ് ശസ്ത്രക്രിയ ചെയ്യുക. ശരീരത്തിൽനിന്നു നീക്കംചെയ്യുന്ന കൊഴുപ്പ് എത്ര അളവിലാണെന്ന് കണക്കാക്കി അതിനനുസരിച്ചാണ് ശസ്ത്രക്രിയയുടെ ദൈർഘ്യവും ചെലവും കണക്കാക്കുക.
അൾട്രാസൗണ്ട്, ലേസർ എന്നിവയുപയോഗിച്ചും പ്രത്യേക ദ്രാവകം കുത്തിവെച്ചും ലിപ്പോസക്ഷൻ ചെയ്യാറുണ്ട്.
അൾട്രാസൗണ്ട് ഉപയോഗിച്ചാണെങ്കിൽ കൊഴുപ്പ് നീക്കാനായി മാർക്ക് ചെയ്ത ഭാഗത്ത് അൾട്രാസൗണ്ട് തരംഗങ്ങൾ പതിപ്പിച്ച് അവിടത്തെ കൊഴുപ്പ് അലിയിച്ച് കാനുലയുപയോഗിച്ച് വലിച്ചെടുക്കാം.
ലേസറുപയോഗിച്ചാണെങ്കിൽ, മാർക്ക് ചെയ്ത ഭാഗത്തേക്ക് ലേസർ നൽകി കൊഴുപ്പലിയിച്ച് കാനുലയുപയോഗിച്ച് വലിച്ചെടുക്കാം.
പ്രത്യേകതരം ദ്രാവകം കുത്തിവെച്ചുള്ള ചികിത്സാരീതിയാണ് മറ്റൊന്ന്. ഇതിൽ മാർക്ക് ചെയ്ത ഭാഗത്ത് ഈ ദ്രാവകം കുത്തിവെച്ച് കൊഴുപ്പ് അലിയിച്ചശേഷം കാനുലയുപയോഗിച്ച് ഇവ നീക്കംചെയ്യും.
ഇനി, ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് കൊഴുപ്പ് കുറയുന്നതുമൂലമുള്ള അഭംഗിയുണ്ടെങ്കിൽ ആ ഭാഗത്ത് കൊഴുപ്പ് കുത്തിവയ്ക്കുന്ന രീതിയുണ്ട്. ലിപ്പോസക്ഷൻ വഴി ശേഖരിക്കുന്ന സ്വന്തം കൊഴുപ്പ് ശുദ്ധീകരിച്ച് അത് ആ ശരീരഭാഗങ്ങളിൽ കുത്തിവയ്ക്കുകയാണ് ചെയ്യുക.
വയറ് കുറയ്ക്കാൻ അബ്ഡൊമിനോപ്ലാസ്റ്റി
വയറ്റിൽ അമിതമായി കൊഴുപ്പടിഞ്ഞാൽ അത് പഴയപോലെയാകാൻ വലിയ ബുദ്ധിമുട്ടാണ്. ചിലർക്ക് ഭക്ഷണനിയന്ത്രണത്തിലൂടെയും വ്യായാമത്തിലൂടെയും മാത്രം വയർ കുറയ്ക്കാൻ സാധിക്കാറില്ല. ഇവരിൽ വയർ കുറയ്ക്കാൻ ചെയ്യുന്ന ശസ്ത്രക്രിയയാണ് അബ്ഡൊമിനോപ്ലാസ്റ്റി. ഇതിനെ ടമ്മി ടക് എന്നും പറയാറുണ്ട്. നിരന്തരം വയറ്റിൽ കൊഴുപ്പടിയുന്നതിനൊപ്പം അവിടത്തെ പേശികൾക്കും മാറ്റങ്ങൾ വന്നേക്കാം. കൊഴുപ്പ് നീക്കുന്നതിനൊപ്പം ഈ പ്രശ്നംകൂടി പരിഹരിക്കാനാണ് അബ്ഡൊമിനോപ്ലാസ്റ്റി ഉപയോഗിക്കുന്നത്. വയറ്റിലെ കൊഴുപ്പുപാളികൾ നീക്കംചെയ്യുകയാണ് ഇതുവഴി ചെയ്യുന്നത്. ഇതിനെത്തുടർന്ന് തൂങ്ങിവരുന്ന ചർമം നീക്കംചെയ്ത് ബാക്കി ചർമം ശരീരത്തോടുചേർത്ത് വലിച്ചുകെട്ടാറുമുണ്ട് ഈ ശസ്ത്രക്രിയയിൽ.
മിനി അബ്ഡൊമിനോപ്ലാസ്റ്റിയിൽ വയറ്റിൽ അടിഞ്ഞുകൂടിയ അമിതകൊഴുപ്പ് നീക്കംചെയ്ത് അതിനൊപ്പം അധികമായി തൂങ്ങിനിൽക്കുന്ന ചർമത്തെക്കൂടി നീക്കംചെയ്യുകയും ചെയ്യുന്നു. ഇതിനെ മിനി ടമ്മി ടക് എന്നുപറയുന്നു. അടിവയറ്റിലെ കൊഴുപ്പ് നീക്കാനാണ് ഇത് പൊതുവേ ഉപയോഗിക്കാറുള്ളത്. അടിവയറ്റിൽ മുറിവുണ്ടാക്കിയാണ് കൊഴുപ്പ് നീക്കംചെയ്യുന്നത് എന്നതിനാൽ മുറിവ് പെട്ടെന്ന് കാണാനാവില്ല.
വയറ് കുറയ്ക്കുന്നതിനായി നേരത്തേ വിശദമാക്കിയ ലിപ്പോസക്ഷനും പ്രയോജനപ്പെടുത്താറുണ്ട്.
തുടയുടെ വണ്ണം കുറയ്ക്കാൻ തൈ ലിഫ്റ്റ്
ശരീരത്തിൽ അമിതകൊഴുപ്പില്ലാത്ത പലർക്കും തുടവണ്ണം കൂടുതലുണ്ടാകുന്നത് കാഴ്ചയിൽ അഭംഗിയുണ്ടാക്കാം. തുടയിലെ അമിതകൊഴുപ്പും ചർമവും നീക്കംചെയ്ത് അമിതവണ്ണം കുറയ്ക്കുന്ന സർജറിയാണ് തൈ ലിഫ്റ്റ് സർജറി. ലിപ്പോസക്ഷൻ നടത്തി തുടയിലെ അമിതകൊഴുപ്പ് നീക്കിയശേഷം തൂങ്ങിയ ചർമം നീക്കംചെയ്യുകയാണ് അടുത്ത ഘട്ടം. തുടയുടെ ഉൾഭാഗത്ത് ചെറിയ മുറിവുണ്ടാക്കി അതിലൂടെയാണ് കൊഴുപ്പ് നീക്കുന്നത്. ഇതിനായി കൃത്യമായ പരിശോധനകളിലൂടെ കൊഴുപ്പ് നീക്കംചെയ്യേണ്ട ഭാഗങ്ങൾ മാർക്ക് ചെയ്താണ് സർജറി ചെയ്യുക. തുടർന്ന് തൂങ്ങിയ ചർമം നീക്കംചെയ്ത് ബാക്കി മുറുക്കിക്കെട്ടും.
മുഖത്തിന്റെ പ്രായം കുറയ്ക്കാൻ ഫെയ്സ് ലിഫ്റ്റ്
പ്രായം കൂടുമ്പോൾ മുഖചർമത്തിന്റെ ഇലാസ്തികത കുറയാൻ തുടങ്ങും. ചർമത്തിലെ ജലാംശവും കൊളാജന്റെ അളവും കുറയും. മുഖത്തിന്റെ പല ഭാഗങ്ങളിലും കൊഴുപ്പിന്റെ അളവ് കൂടുകയും കുറയുകയും ചെയ്യും. പേശികൾക്ക് ബലം കുറയാൻ തുടങ്ങുകയും ചർമം താഴോട്ട് വലിഞ്ഞ് തൂങ്ങാനും തുടങ്ങും. അപ്പോഴാണ് പ്രായമാകുന്നത് മുഖത്ത് കണ്ടുതുടങ്ങുന്നത്.
മുഖത്തിന് പ്രായമാകുന്നത് തടയണമെന്ന് ആഗ്രഹിക്കുന്നവർക്കുള്ള സൗന്ദര്യശസ്ത്രക്രിയയാണ് ഫെയ്സ് ലിഫ്റ്റ്. ഇതിനെ റിറ്റിഡക്ടമി എന്നും പറയും. മുഖത്ത് അമിതമായി അടിഞ്ഞിരിക്കുന്ന കൊഴുപ്പിനെ നീക്കുക, കൊഴുപ്പ് കുറഞ്ഞ ഭാഗത്ത് ആവശ്യത്തിന് കൊഴുപ്പ് കുത്തിവയ്ക്കുക, അയഞ്ഞ ചർമത്തെ നീക്കം ചെയ്ത് വലിച്ചുകെട്ടി രൂപഭംഗിയുണ്ടാക്കുക എന്നീ കാര്യങ്ങളാണ് ഇതിൽ ചെയ്യുന്നത്. മുൻകാലത്തെ ഫോട്ടോ നോക്കിയാണ് മുഖത്ത് എന്തെല്ലാം മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് മനസ്സിലാക്കുക. ഇതിന് അനുസരിച്ചാണ് ചികിത്സ പ്ലാൻ ചെയ്യുന്നത്. ഈ സർജറിക്ക് മുൻപായി ശാരീരികാരോഗ്യ പരിശോധനകൾ നടത്തും. ജനറൽ അനസ്തീസ്യയിലാണ് പൊതുവേ സർജറി ചെയ്യാറുള്ളത്.
ചെവിയുടെ സമീപത്തായാണ് ചെറിയ മുറിവുണ്ടാക്കുക. അതിനാൽ ഇത് പെട്ടെന്ന് തിരിച്ചറിയാനാവില്ല. ഇതുവഴി അമിത കൊഴുപ്പ് നീക്കി അയഞ്ഞ പേശികളെ യഥാസ്ഥാനത്തേക്ക് വലിച്ചുകെട്ടി ബാക്കിയുള്ള ചർമത്തെ നീക്കം ചെയ്യും. എത്രമാത്രം കൊഴുപ്പ് നീക്കാനും കുത്തിവയ്ക്കാനും ചർമം വലിച്ചുകെട്ടാനും നീക്കംചെയ്യാനും ഉണ്ടെന്നതിന് അനുസരിച്ചാണ് സർജറിയുടെ സമയം എത്രത്തോളം നീളുമെന്ന് കണക്കാക്കുന്നത്.
സർജറി കഴിഞ്ഞ് വേറെ ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിൽ അടുത്ത ദിവസം തന്നെ ഡിസ്ചാർജ് ചെയ്യും. സർജറിയെത്തുടർന്ന് വരുന്ന അസ്വസ്ഥതകൾ പരിഹരിക്കാൻ ആവശ്യമായ മരുന്നുകൾ ഡോക്ടർ നൽകും. രണ്ട്-മൂന്നാഴ്ചയ്ക്കുള്ളിൽ സാധാരണപോലെ എല്ലാ കാര്യങ്ങളും ചെയ്യാം. ഡോക്ടർ പറയുന്ന ദിവസങ്ങളിൽ തുടർപരിശോധനയ്ക്ക് വരേണ്ടതുണ്ട്.
കഴുത്തിലെ അമിത കൊഴുപ്പ് നീക്കാനും ഇത്തരം സർജറി ചെയ്യാം. ഇതിനെ നെക്ക് ലിഫ്റ്റ് സർജറി എന്നാണ് പറയുന്നത്. ഓരോരുത്തരുടെയും ശാരീരിക അവസ്ഥകൾക്ക് അനുസരിച്ചാണ് എങ്ങനെ ചെയ്യണമെന്ന് തീരുമാനിക്കുന്നത്.
സ്തനവടിവ് നിലനിർത്താൻ ബ്രെസ്റ്റ് ലിഫ്റ്റ്
പ്രായം കൂടുമ്പോഴും പ്രസവശേഷവുമൊക്കെ സ്തനങ്ങളിലെ പേശികൾക്ക് ബലക്കുറവ് ഉണ്ടാകാം. ഇതുമൂലം സ്തനങ്ങൾക്ക് ഇടിവുണ്ടാകാം. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശസ്ത്രക്രിയയാണ് ബ്രെസ്റ്റ് ലിഫ്റ്റ് അഥവാ മാസ്റ്റോപെക്സി.
സ്തനങ്ങൾ ഉയർത്താനുള്ള ശസ്ത്രക്രിയയിൽ സ്തനങ്ങളുടെ അടിവശത്താണ് മുറിവുണ്ടാക്കുക. അതായത്, മുലഞെട്ടിന്റെയും ഏരിയോളയുടെയും താഴേക്ക്. ഈ മുറിവിലൂടെയാണ് സ്തനങ്ങളിലെ കൊഴുപ്പും പേശികളും ചർമവും നീക്കം ചെയ്യുക. എത്ര അളവിൽ ഇവ നീക്കം ചെയ്യണമെന്ന് കണക്കാക്കി മാർക്ക് ചെയ്യും. ഇതിനനുസരിച്ചാണ് സർജറി ചെയ്യുക. ഇതോടെ മുലക്കണ്ണിനും ഏരിയോളയ്ക്കും മാറ്റം വരും. ഇവയും സർജറിയുടെ ഭാഗമായി യഥാസ്ഥാനത്തേക്ക് മാറ്റിവയ്ക്കും.
സ്തനവലുപ്പം കുറയ്ക്കാൻ ബ്രെസ്റ്റ് റിഡക്ഷൻ
സ്തനങ്ങളുടെ വലുപ്പക്കൂടുതൽ മൂലം ബുദ്ധിമുട്ടുന്നവരുണ്ട്. ഈ പ്രശ്നത്തിന് പരിഹാരമാണ് സ്തനവലുപ്പം കുറയ്ക്കാനുള്ള ബ്രെസ്റ്റ് റിഡക്ഷൻ സർജറി. കൂടുതൽ അളവിലുള്ള സ്തനഗ്രന്ഥി നീക്കം ചെയ്താണ് സ്തനങ്ങളുടെ വലുപ്പം അനുയോജ്യമായ അളവിലേക്ക് മാറ്റുന്നത്. മുലഞെട്ടും ഏരിയോളയും ഉയർത്തി സ്ഥാപിക്കുകയും ചെയ്യും. മുലഞെട്ടിന് താഴെയായിരിക്കും സർജറിയുടെ പാടുകൾ ഉണ്ടാവുക. സർജറി കഴിഞ്ഞാൽ ഒന്നോ രണ്ടോ ദിവസം ആശുപത്രിയിൽ കിടക്കേണ്ടി വരും. സങ്കീർണതകൾ ഇല്ലെങ്കിൽ ദിവസങ്ങൾക്കുള്ളിൽ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താനാകും.
സ്തനവലുപ്പം കൂട്ടാൻ ബ്രെസ്റ്റ് ഇംപ്ലാന്റുകൾ
ചിലരിൽ സ്തനവലുപ്പം വളരെ കുറവായിരിക്കും. ചിലരിൽ പ്രായത്തിനും ശരീരത്തിനും അനുസരിച്ച് സ്തനങ്ങൾ രണ്ടുമോ ഒന്നുമാത്രമായോ വികസിക്കാതെവരും. ഇവരുടെ സ്തനങ്ങൾക്കുള്ളിൽ കൃത്രിമ ഇംപ്ലാന്റുകൾ സ്ഥാപിച്ച് സ്തനവലുപ്പം കൂട്ടാം. ഈ സർജറിയെ ബ്രെസ്റ്റ് ഓഗ്മന്റേഷൻ സർജറി എന്ന് പറയുന്നു. ഇതിനായി സ്തനങ്ങൾക്ക് അടിവശത്തായി ചെറിയ മുറിവുണ്ടാക്കിയാണ് ഇംപ്ലാന്റ് സ്ഥാപിക്കുക. അതിനാൽ ഇത് കാഴ്ചയിൽനിന്ന് മറഞ്ഞുനിൽക്കും. സിലിക്കൺ ഇംപ്ലാന്റുകളാണ് പൊതുവേ ഉപയോഗിക്കാറുള്ളത്. ഓരോരുത്തരുടെയും ശരീരപ്രകൃതിക്ക് അനുസരിച്ചാണ് വിവിധ ആകൃതിയിലുള്ള സിലിക്കൺ ഇംപ്ലാന്റുകൾ ഉപയോഗിക്കുന്നത്. ഈ സർജറിക്കുശേഷം ഡോക്ടർ നിർദേശിക്കുന്ന കാലയളവിൽ പ്രത്യേക ബ്രാ ഉപയോഗിക്കേണ്ടിവരും.
ശ്രദ്ധിക്കേണ്ട കാര്യം: ബ്രെസ്റ്റ് ഇംപ്ലാന്റ് സ്ഥാപിച്ചവർ പിന്നീട് എക്സ്റേ, എംആർഐപോലുള്ള സ്കാനുകൾ എടുക്കുന്നതിന് മുൻപ് അക്കാര്യം ഡോക്ടറെ അറിയിക്കണം.
നിതംബഭംഗി വർധിപ്പിക്കാൻ
ആകാരഭംഗി വർധിപ്പിക്കുന്നതിൽ പ്രധാനപ്പെട്ടതാണ് നിതംബഭംഗി. ഇതിന് സഹായിക്കുന്ന ചില സർജറികളുണ്ട്. ബട്ടക് ലിഫ്റ്റ്, ബട്ടക് ഗ്രാഫ്റ്റിങ്, ഗ്ലൂട്ടൽ ഇംപ്ലാന്റ് എന്നിവയാണ് ഇവയിൽ പ്രധാനപ്പെട്ടത്.
ബട്ടക് ലിഫ്റ്റ് സർജറിയിൽ നിതംബത്തിലെ അമിതകൊഴുപ്പ് നീക്കംചെയ്യും. തുടർന്ന് അയഞ്ഞുപോയ ചർമത്തെ വലിച്ചുകെട്ടി ആകൃതിയൊത്തതാക്കിമാറ്റും. ഇതിനെ ഗ്ലൂട്ടിയോപ്ലാസ്റ്റി എന്നും പറയുന്നു.
ശരീരത്തിന്റെ മറ്റുഭാഗങ്ങളിൽനിന്നെടുക്കുന്ന കൊഴുപ്പ് ശുദ്ധീകരിച്ച് നിതംബത്തിൽ കൊഴുപ്പ് കുറഞ്ഞ ഭാഗത്ത് കുത്തിവെക്കുന്ന രീതിയാണ് ബട്ടക് ഗ്രാഫ്റ്റിങ്. ഇതുവഴി നിതംബം ആകൃതിയൊത്തതും വലുപ്പമുള്ളതുമാവുകയും ചെയ്യും. ബട്ടക് ഓഗ്മന്റേഷൻ സർജറി ഗ്ലൂട്ടിയൽ ഓഗ്മന്റേഷൻഎന്നും ഇവ അറിയപ്പെടുന്നു.
ബ്രെസ്റ്റ് ഇംപ്ലാന്റ്പോലെ ഗ്ലൂട്ടൽ ഇംപ്ലാന്റുകളുമുണ്ട്. നിതംബത്തിന്റെ വലുപ്പം കൂട്ടാനാണ് പ്രത്യേകം തയ്യാറാക്കിയ സിലിക്കൺ ഇംപ്ലാന്റുകളാണ് സർജറിയിലൂടെ സ്ഥാപിക്കുന്നത്. ഗ്ലൂട്ടിയൽ ഇപ്ലാന്റ് സർജറി, ബട്ടക് ഓഗ്മന്റേഷൻ വിത്ത് ഇംപ്ലാന്റ്സ് എന്നീ പേരുകളിൽ ഈ സർജറി അറിയപ്പെടുന്നു.
ചുണ്ടുകളുടെ ഭംഗി വർധിപ്പിക്കാൻ
ചുണ്ടുകളുടെ ഭംഗി വർധിപ്പിക്കാൻ ചെയ്യുന്ന കോസ്മെറ്റിക് സർജറിയാണ് ലിപ് ഓഗ്മന്റേഷൻ സർജറി. പൊതുവേ, ലിപ്സ്റ്റിക് ഇടുന്ന ഭാഗത്തെയാണ് ഇതിനായി പരിഗണിക്കുന്നത്. ചുണ്ടിന്റെ ആകൃതിയും തിളക്കവും മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. സർജറി ഇല്ലാതെയും ഇത് ചെയ്യാം. അതിനായി ഡെർമൽ ഫില്ലേഴ്സ് ഉപയോഗിക്കാറുണ്ട്. ആവശ്യത്തിന് കൊഴുപ്പില്ലാത്തതിനാൽ തുടിപ്പ് നഷ്ടപ്പെട്ട ചുണ്ടുകൾക്ക് ആ വ്യക്തിയുടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽനിന്നെടുത്ത കൊഴുപ്പ് ശുദ്ധീകരിച്ച് കുത്തിവെക്കുന്ന രീതിയുണ്ട്.
കൈകളിലെ കൊഴുപ്പ് കുറയ്ക്കാൻ
കൈത്തണ്ടയിൽ അമിതമായി അടിഞ്ഞിരിക്കുന്ന കൊഴുപ്പ് നീക്കി ഒപ്പം തൂങ്ങിനിൽക്കുന്ന അവിടത്തെ ചർമത്തെ നീക്കുകയുംചെയ്യുന്ന സർജറിയാണ് ബ്രാക്കിയോപ്ലാസ്റ്റി അല്ലെങ്കിൽ ആം ലിഫ്റ്റ്. ചിലരിൽ കൈകളിലെ കൊഴുപ്പ് ലിപോസക്ഷൻ വഴി നീക്കിയാൽമതിയാകും. ചിലരിൽ ബാക്കിയാവുന്ന ചർമവുംകൂടി നീക്കേണ്ടിവരും. ഓരോ വ്യക്തിയുടെയും ആവശ്യകതയ്ക്കനുസരിച്ചാണ് ഇത് ചെയ്യുന്നത്.
മൂക്കിന്റെ ഭംഗി കൂട്ടാൻ റൈറൈനോപ്ലാസ്റ്റി
മൂക്കിന്റെ ആകൃതിയും വലുപ്പവും മെച്ചപ്പെടുത്തി മൂക്കിന്റെ ഭംഗി വർധിപ്പിക്കാനുള്ള സർജറിയാണ് റൈനോപ്ലാസ്റ്റി. മൂക്കിന്റെ എല്ലുകളിൽ വരുത്തുന്ന മാറ്റങ്ങളിലൂടെയും പേശികൾ നീക്കംചെയ്തും കൂട്ടിച്ചേർത്തുമാണ് ഈ ശസ്ത്രക്രിയ ചെയ്യുന്നത്. മൂക്കിന്റെ പാലത്തിനുണ്ടാകുന്ന വളവുകൾ ഇതിലൂടെ പരിഹരിക്കാം. മൂക്കിന്റെ സൗന്ദര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം മൂക്കിന്റെ ആകൃതിയിലുണ്ടാകുന്ന തകരാറുകൾമൂലമുള്ള ശ്വാസോച്ഛ്വാസപ്രശ്നങ്ങൾ പരിഹരിക്കാനും ഈ സർജറിയിലൂടെ സാധിക്കും. മൂക്കിന്റെ അകത്താണ് മുറിവുണ്ടാക്കുക. അതിനാൽ പുറത്ത് അഭംഗിയുണ്ടാക്കില്ല. ഇഎൻടി സർജനുമായി ചേർന്നാണ് ഈ സർജറി ചെയ്യുക.
സൗന്ദര്യ ശസ്ത്രക്രിയകൾ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- കോസ്മറ്റിക് സർജറികൾ സുരക്ഷിതമാക്കാൻ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
- ചെയ്യാൻ ആഗ്രഹിക്കുന്ന കോസ്മറ്റിക് സർജറി നിങ്ങൾക്ക് അത്യാവശ്യമാണോയെന്ന് ഉറപ്പാക്കണം. ഇതിന് ഡോക്ടറുടെ ഉപദേശം തേടുന്നത് നല്ലതാണ്.
- ഏതൊരു കോസ്മറ്റിക് സർജറിക്ക് മുൻപായും വിശദമായ മെഡിക്കൽ പരിശോധനകൾ നിർബന്ധമായും നടത്തേണ്ടതുണ്ട്. മിക്ക സർജറികളിലും ജനറൽ അനസ്തേഷ്യയിലാണ് ചെയ്യുന്നത്. അതിനാൽ മെഡിക്കൽ ഫിറ്റ്നസ് ആവശ്യമാണ്.
- കോസ്മറ്റിക് സർജറി ആവശ്യമായ വ്യക്തിക്ക് എന്തെങ്കിലും രോഗങ്ങൾ നേരത്തേ ഉണ്ടെങ്കിൽ അത് ഡോക്ടറോട് പറയണം. മരുന്നുകൾ എന്തെങ്കിലും കഴിക്കുന്നുണ്ടെങ്കിൽ അവയുടെ വിശദാംശങ്ങളും ഡോക്ടർക്ക് നൽകണം (ഉദാഹരണം: പ്രമേഹം, ഉയർന്ന ബിപി തുടങ്ങിയവ).
- എന്തെങ്കിലും മരുന്നുകളോട് അലർജിയുള്ളവർ അതുസംബന്ധിച്ച വിശദാംശങ്ങൾ ഡോക്ടർക്ക് നൽകണം.
- ജീവിതശൈലിയിലെ മാറ്റങ്ങളും വ്യായാമവും ഭക്ഷണക്രമീകരണവും വഴി ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ പരമാവധി ശ്രമിക്കണം. വ്യായാമത്തിനും ഭക്ഷണക്രമീകരണത്തിനും പകരമായി കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയകളെ കാണരുത്.
- ഏത് കോസ്മറ്റിക് സർജറിയാണ് ചെയ്യുന്നത്, രോഗിയുടെ ശരീരം ഏത് രീതിയിലാണ് അതിനോട് പ്രതികരിക്കുന്നത് എന്നതിനെല്ലാം അനുസരിച്ചാണ് എത്രദിവസം ആശുപത്രിയിൽ കിടക്കേണ്ടിവരും എന്ന് കണക്കാക്കുന്നത്. മറ്റ് സങ്കീർണതകൾ ഒന്നുമില്ലെങ്കിൽ സർജറി കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽതന്നെ സാധാരണ ജീവിതത്തിലേക്കും ജോലിയിലേക്കുമൊക്കെ തിരിച്ചെത്താൻ സാധിക്കും.
- മികച്ച സൗകര്യങ്ങളുള്ള ആശുപത്രികളിൽവെച്ച് കോസ്മറ്റിക് സർജറി ചെയ്യുന്നതാണ് നല്ലത്. കോസ്മറ്റിക് സർജറികൾക്കിടെ മറ്റ് എന്തെങ്കിലും സങ്കീർണതകൾ ഉണ്ടായാൽ അക്കാര്യങ്ങൾ കൈകാര്യംചെയ്യാനുള്ള വിദഗ്ധ സൗകര്യങ്ങൾ ആശുപത്രിയിലുണ്ടാകണം.
- സർജറിക്കുശേഷം അണുബാധയുണ്ടാകാതെ നോക്കേണ്ടതുണ്ട്. ആശുപത്രിവാസത്തിനുശേഷം വീട്ടിലെത്തിയാലും ഡോക്ടർ നിർദേശിക്കുന്ന കാര്യങ്ങൾ ശ്രദ്ധയോടെ പാലിക്കണം.
ലിപ്പോസക്ഷൻ സർജറി കഴിഞ്ഞാൽ ശരീരത്തിലെ കൊഴുപ്പ് നീങ്ങി നല്ല മാറ്റം ഉണ്ടാകും. അതിനുശേഷം അതേരീതിയിൽ തുടരാൻ ശരീരത്തിനെ ആരോഗ്യകരമായ രീതിയിൽ പരിപാലിക്കണം. വ്യായാമവും ആരോഗ്യകരമായ ഭക്ഷണരീതികളും ഇതിനുശേഷം തുടരണം. ഇത് ശരീരത്തിൽ വീണ്ടും കൊഴുപ്പ് അടിയാതിരിക്കാൻ സഹായിക്കും.
തിരുവനന്തപുരം കിംസ് ഹെൽത്തിൽ പ്ലാസ്റ്റിക് & കോസ്മെറ്റിക് സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ആണ് ലേഖകൻ.
Published: 10 Nov 2026, 03:47 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented