തികച്ചും യാദൃച്ഛികമായാണ് 'ടുൾസ കിംഗ്' ഒടിടി പരമ്പര ശ്രദ്ധയിൽപ്പെട്ടത്. വെറ്ററൻ താരം സിൽവെസ്റ്റർ സ്റ്റാലൺ മുഖ്യവേഷത്തിലെത്തുന്ന ഒരു പതിവ് ഗാങ്സ്റ്റർ പരമ്പര എന്ന വിചാരത്തോടെ കണ്ടുതുടങ്ങിയ പരമ്പരയുടെ മൂന്നു സീസണുകൾ തീർക്കാൻ വേണ്ടിവന്നത് വെറും ഒരാഴ്ച. 2022-ലാണ് ഒന്നാം സീസൺ തുടങ്ങിയത്, ഇപ്പോൾ നാലാം സീസൺ പുരോഗമിക്കുന്നു. എല്ലാ ശനിയാഴ്ചയും പുതിയ എപ്പിസോഡ്. നാലാമത്തെ എപ്പിസോഡിനായി കാത്തിരിക്കുകയാണ് ആരാധകർ. അഞ്ചാം സീസണും ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. അമേരിക്കൻ പ്രേക്ഷകർക്കിടയിൽ വലിയ തരംഗം സൃഷ്ടിച്ച ഈ ക്രൈം ഡ്രാമയിൽ അറപ്പിക്കുന്ന കുറ്റകൃത്യങ്ങളേക്കാൾ മുന്നിട്ടുനിൽക്കുന്നത് രസകരമായ വ്യക്തിബന്ധങ്ങളും നർമവുമാണ്. പിന്നെ, സ്റ്റാലണിന്റെ 'അന്യായ'മായ സ്‌റ്റൈലും സ്വാഗും മാസും. ടെയ്‌ലർ ഷെറിഡനാണ് പരമ്പരയുടെ സ്രഷ്ടാവ്.

To advertise here,

മാഫിയാ പശ്ചാത്തലമുള്ള ഡ്വൈറ്റ് മാൻഫ്രെഡിയുടെ വേഷമാണ് സ്റ്റാലൺ അവിസ്മരണീയമാക്കുന്നത്. തന്റെ മാഫിയാസംഘത്തിനു (ഫാമിലി)വേണ്ടി ചെയ്ത ഒരു കുറ്റത്തിന് 25 വർഷത്തെ ജയിൽവാസം അനുഭവിച്ച് പുറത്തിറങ്ങുന്ന അയാൾ ത്യാഗത്തിനും വിശ്വസ്തതയ്ക്കും അർഹമായ പ്രതിഫലവും ആദരവും പ്രതീക്ഷിക്കുന്നു. പക്ഷേ, ഒരു പുതിയ കുറ്റകൃത്യസാമ്രാജ്യം സ്ഥാപിക്കാനെന്ന പേരിൽ മാഫിയാ തലവന്മാർ അയാളെ ഓക്ലഹോമയിലെ ടുൾസ എന്ന വിദൂരനഗരത്തിലേക്ക് അയക്കുന്നു. ഒരുതരം നാടുകടത്തൽ. അയാളുടെ പഴയ കൂട്ടാളികൾ കാലത്തിനൊപ്പം ഏറെ മുന്നോട്ട് പോയിക്കഴിഞ്ഞു. മാഫിയയിലെ പുതിയ തലമുറയ്ക്ക് അയാളെക്കുറിച്ചുള്ള വലിയ മതിപ്പോ, ആവശ്യങ്ങളോ ഇല്ല. നാടുകടത്തപ്പെട്ട നഗരമാകട്ടെ, പരിചയമുള്ള ന്യൂയോർക്ക് അധോലോകത്തിൽ നിന്ന് സങ്കൽപ്പിക്കാൻ കഴിയുന്നതിലും വ്യത്യസ്തവും.

എന്നാൽ തോൽവി സമ്മതിച്ചു പിൻമാറുന്ന ശീലം ഡ്വൈറ്റിനില്ല. ടുൾസയിലെ അപരിചിതമായ ചുറ്റുപാടുകളിൽ പകച്ചു നിൽക്കാതെ വളരെ പെട്ടെന്ന് ഒരു പുതിയ സാമ്രാജ്യത്തിന് അയാൾ തറക്കല്ലിടുന്നു. നാട്ടുകാരായ കുറച്ചാളുകളെ കൂടെക്കൂട്ടി ശക്തമായ ഒരു മാഫിയാ പ്രസ്ഥാനമുണ്ടാക്കാൻ അദ്ദേഹം ശാരീരിക അക്രമത്തേക്കാൾ ഉപയോഗപ്പെടുത്തുന്നത് ഭീഷണികളും ബുദ്ധിശക്തിയും ഒന്നിനുമുന്നിലും പതറാത്ത ചങ്കൂറ്റവുമാണ്. കഥാപാത്രമായി ജീവിക്കുന്ന സ്റ്റാലോൺ ഈ കഥാപാത്രത്തിന് നൽകുന്ന ഭാവവും ശൈലിയും വേറിട്ടതാണ്.

പ്രായപൂർത്തിയായ ശേഷമുള്ള ജീവിതത്തിന്റെ ഭൂരിഭാഗവും സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന, നിയമത്തോട് യാതൊരു ബഹുമാനവുമില്ലാത്ത, വിജയിക്കാൻ ഏതു കുറ്റകൃത്യവും സ്വീകരിക്കുന്ന മാൻഫ്രെഡി ഒരുതരത്തിലും നാം പിന്തുണയ്‌ക്കേണ്ട വ്യക്തിയല്ല. എങ്കിലും പരമ്പര കാണുമ്പോൾ അയാളുടെ ധൈര്യം കണ്ടും ഭീഷണികളും തമാശകളും കേട്ടും പ്രേക്ഷകർ പുഞ്ചിരിക്കുന്നു, കുറ്റകൃത്യത്തിൻമേൽ കെട്ടിപ്പൊക്കിയതാണെങ്കിലും അയാളുടെ സംരംഭം വിജയിക്കണേ എന്ന് ഹൃദയപൂർവ്വം ആഗ്രഹിക്കുന്നു. ഒരുതരം 'ഗിൽറ്റി പ്ലെഷർ' (കുറ്റബോധത്തോടെ ആനന്ദിക്കുന്ന ഒന്ന്!) പ്രേക്ഷകരും ഈ ക്രിമിനൽ കഥാപാത്രവും തമ്മിൽ ഉടലെടുക്കുന്ന ഈ വിചിത്രമായ ബന്ധത്തിന്റെ വലിയൊരു ക്രെഡിറ്റ് സിൽവെസ്റ്റർ സ്റ്റാലൺ എന്ന നടന്റെ അസാമാന്യമായ പ്രകടനത്തിന് അവകാശപ്പെട്ടതാണ്.

മാസ്മരികമായ സ്‌ക്രീൻ സാന്നിധ്യം

പല മികച്ച അഭിനേതാക്കളും സഹനടന്മാരുടെ വേഷങ്ങളിൽ സംതൃപ്തരാകുകയോ, 'നൊസ്റ്റു' പ്രോജക്റ്റുകളിൽമാത്രം പ്രത്യക്ഷപ്പെടുകയോ ചെയ്യുന്ന പ്രായത്തിൽ സ്റ്റാലൺ മൂന്നു സീസൺ പിന്നിടുന്ന ഒരു ടെലിവിഷൻ പരമ്പരയുടെ മുഖ്യസ്തംഭമായി തുടരുകയാണ്. എന്തൊരു സ്‌ക്രീൻ സാന്നിധ്യമാണ് ഇപ്പോഴും! കൃത്രിമമായി സൃഷ്ടിച്ചെടുക്കാൻ കഴിയാത്ത ഒരു പഴയകാല പ്രൗഢിയും ചാരുതയും അദ്ദേഹത്തിന്റെ ഓരോ ചലനത്തിലുമുണ്ട്. കോട്ടും സ്യൂട്ടുമിട്ട്, കളർ ഗ്ലാസുകൾക്ക് പിന്നിൽ കണ്ണുകൾ ഒളിപ്പിച്ച്, കയ്യിൽ സിഗാറുമായി അയാൾ നടന്നു വരുന്നത് ഗംഭീര കാഴ്ചയാണ്. ക്യാമറയെ പൂർണമായി കീഴ്‌പ്പെടുത്തുന്ന അഹങ്കാരത്തോളമെത്തുന്ന ആത്മവിശ്വാസവും സാന്നിദ്ധ്യവും ആകർഷണീയതയും. തന്റെ അധികാരം ഉറക്കെ പ്രഖ്യാപിക്കേണ്ട ആവശ്യം വരുന്നേയില്ല!

ശാരീരികസാന്നിധ്യം മാത്രമല്ല അദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നത്. ഭീഷണമായ മാഫിയാഭാവത്തിൽ നിന്ന് കുസൃതിയിലേക്ക് മാറാൻ ഒരു നൊടി മാത്രമേ വേണ്ടൂ മാൻഫ്രെഡിക്ക്. ചിരിക്കിടെ വലിയൊരു ഭീഷണി മുഴക്കാനും ഭയപ്പെടുത്താനും അയാൾക്ക് കഴിയും. സ്റ്റാലോൺ പുരികം ഉയർത്തി നോക്കുന്നതും, മറുപടി പറയുന്നതിന് മുൻപ് ചെറിയൊരു ഇടവേള എടുക്കുന്നതും നേർത്ത പുഞ്ചിരിയോടെ കാര്യങ്ങൾ ആസ്വദിക്കുന്നതുമെല്ലാം കണ്ടിരുന്നുപോവും. അദ്ദേഹത്തിന്റെ ഗംഭീരശബ്ദം മാൻഫ്രെഡിയുടെ സാധാരണ സംഭാഷണങ്ങളെപ്പോലും രസകരമാക്കുന്നു. കടുപ്പക്കാരനായ ഒരു കുറ്റവാളിയെയാണ് അവതരിപ്പിക്കുന്നതെങ്കിലും അദ്ദേഹം അത് തികച്ചും ആസ്വദിക്കുന്നുണ്ടെന്നത് വ്യക്തമാണ്.

സാധാരണ ക്രൈം ഡ്രാമകളെപ്പോലെ അറപ്പിക്കുന്ന ഹിംസയിലും കുറ്റകൃത്യങ്ങളിലും നിഷേധാത്മകതയുമല്ല 'ടുൾസ കിംഗി'ൽ മുന്നിട്ടുനിൽക്കുന്നത്. ഒരു സാധാരണ മനുഷ്യന്റെ എല്ലാ വിചാരവികാരങ്ങളും, പ്രണയമടക്കം, മാനുഷികബന്ധങ്ങളും നായകനുണ്ട്. അദ്ദേഹത്തിന്റെ ചില പ്രതികരണങ്ങൾ നമ്മളെ അമ്പരപ്പിക്കുമെങ്കിലും. കാൽനൂറ്റാണ്ട് ജയിലിനുള്ളിൽ കഴിഞ്ഞ ഒരു മനുഷ്യൻ പെട്ടെന്ന് സ്മാർട്ട്‌ഫോണുകളുടെയും, നിയമാംഗീകാരമുള്ള കഞ്ചാവ് വിപണിയുടെയും ഡേറ്റിംഗ് ആപ്പുകളുടെയും മാറുന്ന സാമൂഹിക രീതികളുടെയും ലോകത്ത് എത്തിപ്പെടുന്നത് രസകരമായ നിരവധി സന്ദർഭങ്ങൾക്ക് വഴിവെക്കുന്നു. കാലത്തിനു പിന്നിൽപ്പെട്ടുപോയ ഒരു മനുഷ്യൻ പുതിയ ലോകവുമായി പൊരുത്തപ്പെടാൻ നടത്തുന്ന ശ്രമങ്ങളിൽ നർമത്തിനപ്പുറം ഒരുതരം നൊമ്പരവുമുണ്ട്.

ആക്ഷൻ ഹീറോയിൽ നിന്ന് മികച്ച നടനിലേക്ക്

ഒരു അഭിനേതാവ് എന്ന നിലയിൽ സ്റ്റാലൺ പ്രായത്തിനൊപ്പം വളരുന്നത് കൗതുകകരമായ കാഴ്ചയാണ്. കരിയറിന്റെ തുടക്കത്തിൽ ശാരീരികക്ഷമതയ്ക്കും ആക്ഷൻ രംഗങ്ങൾക്കുമായിരുന്നു മുൻതൂക്കം. 'റോക്കി'യിൽത്തന്നെ മികച്ചൊരു നടന്റെ സാന്നിധ്യമുണ്ടായിരുന്നു. പിന്നീട് ഓരോ സിനിമ കഴിയുന്തോറും അദ്ദേഹത്തിന്റെ അഭിനയത്തിൽ സൂക്ഷ്മതയും വൈകാരികമായ ആഴവും കൂടി. 'ക്രീഡ്' സിനിമകളിൽ പ്രായമായ റോക്കിയെ അവതരിപ്പിക്കുമ്പോൾ ഈ മാറ്റം ഹൃദയസ്പർശിയായിരുന്നു. ഒരിക്കൽ കരുത്തിന്റെ പര്യായമായിരുന്ന ആ കഥാപാത്രത്തിന്റെ ഉള്ളിൽ വാത്സല്യത്തിന്റെയും ഏകാന്തതയുടെയും വലിയൊരു ലോകമുണ്ടെന്ന് അദ്ദേഹം കാണിച്ചുതന്നു.

ശാരീരികമായി ശക്തരെങ്കിലും വൈകാരികമായി ബലഹീനരായ, പലപ്പോഴും പാർശ്വവൽക്കരിക്കപ്പെടുകയും പിന്നീട് പോരാടി തിരിച്ചുവരികയും ചെയ്യുന്ന മനുഷ്യരെയാണ് സ്റ്റാലോൺ സ്‌ക്രീനിൽ അവതരിപ്പിച്ചിട്ടുള്ളത്. റോക്കി ബൽബോവയും ജോൺ റാംബോയും തികച്ചും വ്യത്യസ്തരാണെങ്കിലും പ്രതിസന്ധികളെ അതിജീവിക്കാനുള്ള അവിശ്വസനീയമായ കഴിവുള്ളവരാണ്. ധാർമ്മിക കാഴ്ചപ്പാട് അല്പം വ്യത്യസ്തമാണെങ്കിലും മാൻഫ്രെഡിയും സമാനമായ രീതിയിൽ വാർത്തെടുക്കപ്പെട്ടയാളാണ്.

എന്നാൽ പന്ത്രണ്ട് പേരോട് ഒറ്റയ്ക്ക് പോരാടാൻ കഴിയുമെന്ന് സ്റ്റാലോൺ ഇനി തെളിയിക്കേണ്ടതില്ല. അക്രമം നേരിട്ട് ഉപയോഗിക്കാതെ തന്നെ അപകടകരമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിയും. വാർധക്യം ബാധിച്ച ശരീരവും ഇടയ്ക്കിടെയുള്ള ക്ഷീണവുമെല്ലാം കഥാപാത്രത്തിന്റെ ആകർഷണീയതയുടെ ഭാഗമാവുന്നു. സ്‌ക്രീനിലെ മാസ്മരസാന്നിധ്യം എന്നത് എപ്പോഴും അത്ഭുതപ്പെടുത്തുന്ന എന്തെങ്കിലും ചെയ്യുന്നതിൽ നിന്നല്ല വരുന്നത് എന്ന് അദ്ദേഹം തിരിച്ചറിഞ്ഞതായി തോന്നുന്നു. ചിലപ്പോൾ വെറുതെ അവിടെ നിൽക്കുന്നതു കൊണ്ടുതന്നെ ആ പ്രഭാവമുണ്ടാക്കാം.

'ടുൾസ കിംഗ്' കുറ്റകൃത്യ മനഃശാസ്ത്രത്തിന്റെ ആഴത്തിലുള്ള പരിശോധനയാണെന്നോ അമേരിക്കൻ അധോലോകത്തെക്കുറിച്ചുള്ള സങ്കീർണ്ണമായ നിരീക്ഷണമാണെന്നോ കരുതേണ്ടതില്ല. ചില കഥാസന്ദർഭങ്ങൾ ടെലിവിഷൻ റേറ്റിംഗ് പോലുള്ള നിരവധി ഘടകങ്ങൾ പരിഗണിച്ച് മാറ്റിയെഴുതിയതാകാം, കഥാഗതിയും ഏറ്റുമുട്ടലുകളുമൊക്കെ പ്രവചനീയമാകാം. എങ്കിലും മറ്റു ഗാങ്സ്റ്റർ ഡ്രാമകളെ അപേക്ഷിച്ച് ഇതിന്റെ ധാർമ്മികലോകം വളരെ ലളിതമാണെന്നതാകാം വിനോദമെന്ന നിലയിൽ വൻവിജയമാകുന്നതിന്റെ കാരണം. മാൻഫ്രെഡി കുറ്റകൃത്യങ്ങളിലേർപ്പെടുന്നുണ്ടെന്നും നിയമവിരുദ്ധമായ ബിസിനസ്സുകൾ നടത്തുന്നുണ്ടെന്നും നമുക്കറിയാം. എങ്കിലും ഷോ വളരെ ശ്രദ്ധാപൂർവ്വം നമ്മുടെ സഹതാപം അയാളിലേക്ക് തിരിച്ചുവിടുന്നു.

അയാളുടെ ശത്രുക്കൾ പലപ്പോഴും കൂടുതൽ മോശക്കാരോ വഞ്ചകരോ ജനങ്ങൾക്ക് തീരെ ഇഷ്ടപ്പെടാത്തവരോ ആണ്. മാൻഫ്രെഡി 'ചതിയിൽ വഞ്ചന കാണിക്കാത്ത' പഴയകാലത്തെ അലിഖിത നിയമങ്ങൾ പാലിക്കുന്നയാളാണ്; ബലഹീനരായ ആളുകളെ സംരക്ഷിക്കുന്ന, ചിലപ്പോൾ അപ്രതീക്ഷിതമായി വലിയ ഔദാര്യം കാണിക്കുന്നയാൾ. അയാളുടെ വ്യക്തിപരമായ ചില ആദർശങ്ങൾ (അങ്ങനെ പറയാമെങ്കിൽ) നോക്കിയാൽ അയാൾ താരതമ്യേന ഒരു മാന്യനാണ്! ഈ വ്യത്യാസം പ്രധാനമാണ്. നാം അയാളുടെ പ്രവൃത്തികളെ പൂർണ്ണമായി പിന്തുണയ്ക്കുകയല്ല ചെയ്യുന്നത്; മറിച്ച് തനിക്കെതിരെ രൂപപ്പെട്ട സാഹചര്യങ്ങളെ നിയന്ത്രിക്കുന്ന ഒരു ബുദ്ധിമാനായ മനുഷ്യന്റെ പ്രകടനം നാം ആസ്വദിക്കുകയാണ്. അയാൾ വിജയിക്കുമ്പോൾ, നമ്മളും വിജയിച്ച പോലൊരു തോന്നൽ. തൊട്ടുപിന്നാലെ ഒരു ഗാങ്സ്റ്ററെയാണല്ലോ പിന്തുണച്ചതെന്ന അസ്വാസ്ഥ്യജനകമായ തിരിച്ചറിവ്. ധാർമ്മികമായ ആ ആശയക്കുഴപ്പമാണ് ഈ ഷോയുടെ ഏറ്റവും ഫലപ്രദമായ ഘടകങ്ങളിലൊന്ന്.

75-ാം വയസ്സിലെ പ്രണയം

മാൻഫ്രെഡിയുടെ രണ്ടാം ഇന്നിംഗ്‌സിലെ പ്രണയജീവിതവും വളരെ കൗതുകകരമാണ്. ആദ്യഎപ്പിസോഡിൽ അയാൾ ബാറിൽ വെച്ച് കണ്ടുമുട്ടുന്ന സ്‌റ്റെയ്‌സി ബീൽ എന്ന പോലീസ് (എടിഎഫ്) ഉദ്യോഗസ്ഥയുമായി രാത്രി ഹോട്ടൽ റൂമിലേക്കു പോവുന്നു ഡ്വൈറ്റ്. പിറ്റേന്ന് സ്‌റ്റേസി പ്രായത്തെക്കുറിച്ചു ചോദിക്കുമ്പോൾ 1963ൽ ജോൺ എഫ്. കെന്നഡി വധിക്കപ്പെട്ടപ്പോൾ താൻ ഹൈസ്‌കൂളിൽ അവസാനവർഷ വിദ്യാർഥിയായിരുന്നുവെന്നാണ് അയാൾ പറയുന്നത്. അപ്പോൾ പ്രായം 75 ആയിരിക്കുമെന്ന് സ്‌റ്റേസി കണക്കുകൂട്ടുന്നു. താൻ കരുതിയത് 'ഹാർഡ് 55' ആണെന്ന് അവൾ പറയുമ്പോൾ ഡ്വൈറ്റിന്റെ മറുപടി: 'ഹാർഡ് ഈസ് ദ കീ വേർഡ് ഹിയർ, ഈസ്ന്റ് ഇറ്റ്?' പ്രായവ്യത്യാസത്തെക്കുറിച്ച് അവൾ പറയുന്നത് 'ഏജ് കാന്യൻ' എന്നാണ്; വെറുമൊരു വിടവല്ല, ഒരു വലിയ മലയിടുക്ക്!

പിന്നീട് റാഞ്ച് ഉടമയായ മാർഗരറ്റ് ഡെവറോയുമായി പ്രണയബന്ധത്തിലാവുമ്പോഴും ഈ അനായാസത ദർശിക്കാം. എഴുപതുകളിൽ നിൽക്കുന്ന ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം, യാതൊരു സ്വയം ബോധവുമില്ലാതെയാണ് അയാൾ പ്രണയത്തെ സമീപിക്കുന്നത്. തന്റെ പ്രായത്തെക്കുറിച്ച് ഒരു കോംപ്ലക്‌സുമില്ല, ചെറുപ്പമെന്ന് വരുത്താനുള്ള വെറുപ്പിക്കുന്ന ശ്രമങ്ങളുമില്ല. മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന ആശങ്ക എന്നോ അവസാനിപ്പിച്ച ഒരാളുടെ ആത്മവിശ്വാസത്തോടെയാണ് അയാൾ സംസാരിക്കുന്നത്.

പങ്കാളിയെ മനസ്സിലാക്കുന്ന ഒരു പുഞ്ചിരി, നേരിയ കളിയാക്കൽ, ഡ്രിങ്കിനിടയിലെ സാവകാശത്തിലെ സംഭാഷണം- സ്റ്റാലൺ ഇതെല്ലാം വളരെ സ്വാഭാവികമായാണ് ചെയ്യുന്നത്. 25 വർഷം ജയിലിൽ നഷ്ടമായ ഒരു മനുഷ്യന്റെ സ്വാഭാവികമായ നഷ്ടബോധമോ, എത്രയും പെട്ടെന്ന് എല്ലാം തിരിച്ചുപിടിക്കാനുള്ള വെപ്രാളമോ ഇല്ലാത്ത, ജീവിതത്തിൽ നല്ല നിമിഷങ്ങൾ ഇനിയും ബാക്കിയുണ്ടെന്ന് വിശ്വസിക്കുന്ന ഹൃദയാർദ്രതയുള്ള കരുത്തൻ. മാഫിയാ തലവൻ എന്ന കുപ്രസിദ്ധിയെ കൊണ്ടുനടക്കുന്നത്ര ലാഘവത്തോടെയും സ്വാഗോടെയുമാണ് അയാൾ തന്റെ പ്രായത്തെയും പ്രണയത്തെയും കൈകാര്യം ചെയ്യുന്നത്.

സ്റ്റാലണിന്റെ അഭിനയജീവിതം വലിയൊരു അതിജീവന പോരാട്ടത്തിന്റെ കഥയാണ്. ജനനസമയത്തുണ്ടായ സങ്കീർണതകളെത്തുടർന്നുള്ള നാഡീക്ഷതം മുഖത്തിന്റെ ഒരു ഭാഗത്തെ പേശികളുടെ ചലനത്തെയും സംസാരരീതിയെയും ബാധിച്ചു. നടനാകാനുള്ള യാത്രയിൽ അതൊരു വലിയ തടസ്സമായി. നിരന്തരമായി അവസരങ്ങൾ നിരസിക്കപ്പെട്ടിട്ടും അദ്ദേഹം സിനിമാമോഹം ഉപേക്ഷിച്ചില്ല. അഭിനേതാവാകാനുള്ള അവസരങ്ങൾ തേടിയുള്ള അലച്ചിലിനിടയിൽ പല ചെറിയ ജോലികളും ചെയ്യേണ്ടിവന്നു. ഒടുവിൽ തിരക്കഥാരചനയിലേക്ക് തിരിഞ്ഞു. ബാങ്ക് അക്കൗണ്ടിൽ വെറും 106 ഡോളർ മാത്രമുണ്ടായിരുന്നപ്പോഴും താൻ എഴുതിയ 'റോക്കി' എന്ന തിരക്കഥയിൽ താൻതന്നെ നായകനാകണമെന്ന നിബന്ധനയിൽ അദ്ദേഹം ഉറച്ചുനിന്നു. നായകവേഷത്തിൽ മറ്റൊരു നടനെ അവതരിപ്പിക്കാനായിരുന്നു നിർമാതാക്കളുടെ താത്പര്യം. ആ വാശിയാണ് ഹോളിവുഡ് ചരിത്രം തിരുത്തിയത്. ആ പഴയ പോരാളിയുടെ നിഴൽ തന്നെയാണ് മാൻഫ്രെഡിയിലും കാണുന്നത്. ഒരു ഗാങ്സ്റ്ററുടെ വിജയത്തെപ്പോലും പ്രേക്ഷകന്റെ സ്വന്തം വിജയമായി മാറ്റിത്തീർക്കാൻ സ്റ്റാലോണിനു കഴിയുന്നു. അതാണ് 'ടുൾസ കിംഗി'ന്റെ യഥാർഥ വിജയവും.