
പ്രിയപ്പെട്ടവരുടെ വിയോഗം മനുഷ്യന്റെ യാഥാർഥ്യബോധത്തെയും ജീവിതത്തെയും എങ്ങനെ തകിടം മറിക്കുമെന്ന് വരച്ചുകാട്ടുന്ന ചിത്രമാണ് 'എവരിടൈം'. ഓസ്ട്രിയ സംവിധായിക സാന്ദ്ര വോൾനർ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കാൻ ചലച്ചിത്രമേളയിലെ 'അൺ സെർട്ടെയ്ൻ റിഗാർഡ്' വിഭാഗത്തിൽ പ്രദർശിപ്പിക്കുകയും, ഈ വർഷത്തെ ഓസ്‌കർ മത്സരത്തിലേക്ക് ജർമനിയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത ചിത്രം മേളയിലെ വ്യത്യസ്തമായ ചിത്രങ്ങളിലൊന്നാണ്.
നഷ്ടബോധത്തെയും ഡിജിറ്റൽ കാലഘട്ടത്തിലെ ഓർമസൂക്ഷിപ്പുകളെയും വ്യത്യസ്തമായാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അപ്രതീക്ഷിതമായൊരു ദുരന്തത്തിനുശേഷം ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകാൻ പാടുപെടുന്ന മൂന്ന് പേരിലൂടെയാണ് 'എവരിടൈം' സഞ്ചരിക്കുന്നത്. എല്ല (ബിർജിറ്റ് മിനിച്മയർ), മകൾ മെല്ലി (ലോട്ടെ കെയ്ലിങ്), ലക്‌സ് (ട്രിസ്റ്റൻ ലോപ്പസ്) എന്നിവർ ആഗ്രഹിച്ചിട്ടും ഒരിക്കലും നടക്കാതെ പോയ ഫാമിലി ട്രിപ്പിനായി ടെനെറിഫിലേക്ക് പോകുന്നു.
അവരുടെ കഴിഞ്ഞകാലവും നിലവിലെ സാഹചര്യങ്ങളുമെല്ലാം ഇടയ്ക്കിടെ സ്‌ക്രീനിൽ വന്നുപോകുന്നുണ്ട്. ജെസിയുടെ (കാർല ഹട്ടർമാൻ) അസാന്നിധ്യം ചിത്രത്തിലുടനീളം പല രൂപങ്ങളിൽ പ്രേക്ഷകർക്ക് അനുഭവപ്പെടുന്ന രീതിയിലാണ് മുന്നോട്ട് പോകുന്നത്. പഴയ ഫോട്ടോകളും ശബ്ദരേഖകളും മാത്രമല്ല, ജെസി നിർമിച്ച വീഡിയോ ഗെയിം ലോകത്തിലൂടെ സഞ്ചരിക്കാനുള്ള മെല്ലിയുടെ ശ്രമങ്ങളിലൂടെ പ്രേക്ഷകർക്ക് വേറിട്ടൊരു ഇമോഷണൽ കണക്ഷൻ കൊടുക്കാൻ സംവിധായികയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കൂടാതെ ജെസി അയച്ച സന്ദേശങ്ങളിലും ഓർമകളിലും കുരുങ്ങി ജീവിക്കുന്ന ലക്‌സിന്റെയും ദുഃഖത്തെ ഉൾക്കൊള്ളാൻ ശ്രമിക്കുന്ന എല്ലയുടെയും മാനസികാവസ്ഥകൾ ചിത്രം സൂക്ഷ്മമായി കാണിച്ചിട്ടുണ്ട്.
സംഭാഷണങ്ങളേക്കാൾ നിശ്ശബ്ദതകൾക്കും നോട്ടങ്ങൾക്കും പ്രാധാന്യം നൽകുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഗ്രിഗറി ഓക്കിന്റെ ഛായാഗ്രഹണമാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന കരുത്ത്. ഫിലിം ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങളിലെ ഗ്രെയിനുകളും സിൽഹൗട്ടുകളും കഥാപാത്രങ്ങളുമായി ചേർന്നുനിൽക്കുന്നു.
യാഥാർഥ്യവും ഭാവനയും തമ്മിലുള്ള വേർതിരിവ് മനസ്സ്സിലാക്കാനാകാത്ത ക്ലൈമാക്‌സും പ്രേക്ഷകന് പുതിയൊരു കാഴ്ചാനുഭവം നൽകുന്നു. വേർപാടിന്റെ ദുഃഖത്തെക്കുറിച്ചുള്ള പതിവ് സിനിമാ രീതികളിൽനിന്ന് മാറിനിൽക്കുന്ന ചിത്രമാണ് 'എവരിടൈം'. വേഗമേറിയ കഥാഗതിയോ വ്യക്തമായ ഉത്തരങ്ങളോ പ്രതീക്ഷിക്കുന്നവർക്ക് നിരാശ തോന്നാമെങ്കിലും, നഷ്ടബോധത്തെ മറികടക്കാൻ നമ്മുടെ മനസ് കണ്ടെത്തുന്ന വഴികളെ ഇത്രമേൽ പൂർണതയോടെ അവതരിപ്പിച്ച മറ്റൊരു ചിത്രമുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്.
Content Highlights: Austrian director Sandra Wollner's film Everytime explores grief, loss, and digital memories following a family tragedy. The film premiered in the Un Certain Regard section at Cannes and was selected as Germany's official Oscar entry. Follows Ella, Melli, and Lux on a trip to Tenerife as they cope with the absence of Jesse through photos, messages, and a video game. Cinematographer Gregory Oke's film-camera visuals and the director's reliance on silence over dialogue stand out as major strengths. Offers a slow-paced, unconventional cinematic experience that blurs the line between reality and imagination.
Published: 22 Nov 2026, 03:31 pm IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented