അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 57-ാമത് പതിപ്പിന്റെ ഉദ്ഘാടന ചിത്രമായെത്തിയത് പോളിഷ് സംവിധായകൻ പവൽ പാവ്‌ലിക്കോവ്‌സ്‌കി ഒരുക്കിയ 'ഫാദർലാൻഡ്' ആണ്. 2026-ലെ കാൻ ചലച്ചിത്രമേളയിൽ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയ സിനിമ എന്ന പ്രത്യേകതയും ഫാദർലാൻഡിനുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള യൂറോപ്പിന്റെയും വിഭജിത ജർമ്മനിയുടെയും ഉണങ്ങാത്ത മുറിവുകൾ വളരെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന സിനിമയാണ്. 'ഐഡ', 'കോൾഡ് വാർ' എന്നീ ചിത്രങ്ങൾക്കുശേഷം ചരിത്രപശ്ചാത്തലത്തിൽ തന്നെ പാവ്‌ലിക്കോവ്‌സ്‌കി ഒരുക്കുന്ന ട്രൈലോജിയിലെ മൂന്നാമത്തെ ചിത്രമാണിത്. ശ്രദ്ധേയമായ നിരവധി നോവലുകളും ചെറുകഥകളും എഴുതിയ പ്രശസ്ത ജർമ്മൻ സാഹിത്യകാരൻ തോമസ് മാനിന്റെ ജീവിതത്തിലെ ഒരു നിർണ്ണായക യാത്രയാണ് സിനിമയുടെ പശ്ചാത്തലം.

To advertise here,

1949-ലാണ് കഥ നടക്കുന്നത്. നാസി ഭരണകൂടത്തിൽ നിന്ന് രക്ഷപ്പെട്ട് അമേരിക്കയിൽ ജീവിച്ച് അവിടുത്തെ പൗരത്വം സ്വീകരിക്കുകയും ചെയ്ത നൊബേൽ സമ്മാന ജേതാവായ സാഹിത്യകാരൻ തോമസ് മാൻ (ഹാൻസ് സിഷ്‌ലർ), ഗൊയ്‌ഥെ പുരസ്‌കാരം സ്വീകരിക്കാനായി ജർമ്മനിയിലേക്ക് മടങ്ങുന്നു. അമേരിക്കൻ-സഖ്യകക്ഷി നിയന്ത്രണത്തിലുള്ള പശ്ചിമ ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിലേക്കും തുടർന്ന് സോവിയറ്റ് സ്വാധീനമുള്ള കിഴക്കൻ ജർമ്മനിയിലെ വെയ്മാറിലേക്കും അദ്ദേഹം നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ കാതൽ.

യുദ്ധാനന്തര ജർമ്മനിയിലെ രാഷ്ട്രീയ ചേരിതിരിവുകൾക്കിടയിൽ നിഷ്പക്ഷമായ സാംസ്‌കാരിക-സാഹിത്യ പാരമ്പര്യത്തെ ഉയർത്തിപ്പിടിക്കാനാണ് തോമസ് മാൻ ശ്രമിക്കുന്നത്. എന്നാൽ, പടിഞ്ഞാറൻ ജർമ്മനിയും കിഴക്കൻ ജർമ്മനിയും തങ്ങളുടെ രാഷ്ട്രീയ മേൽക്കോയ്മയും പ്രത്യയശാസ്ത്രവും സാധൂകരിക്കാനുള്ള ഉപകരണമായി മാനിന്റെ സാന്നിധ്യത്തെ ഉപയോഗിക്കുന്ന കാഴ്ചയാണ് ചിത്രം വരച്ചുകാട്ടുന്നത്. തോമസ് മാനിനൊപ്പം യാത്ര ചെയ്യുന്ന മകൾ എറിക്ക മാനിന്റെ (സാന്ദ്ര ഹ്യൂളർ) കാഴ്ചപ്പാടിലൂടെയും, ലഹരി ഉപയോഗവും കടുത്ത മാനസിക സംഘർഷങ്ങളും നേരിടുന്ന മകൻ ക്ലോസ് മാനിന്റെ (ഓഗസ്റ്റ് ഡീൽ) പ്രശ്‌നങ്ങളിലൂടെയുമാണ് കഥ പുരോ?ഗമിക്കുന്നത്. യഥാർത്ഥ ചരിത്രത്തിൽ ഈ യാത്രയിൽ മാനിനൊപ്പം ഉണ്ടായിരുന്നത് ഭാര്യ കാതിയായിരുന്നെങ്കിലും, തിരക്കഥയിൽ പാവ്‌ലിക്കോവ്‌സ്‌കിയും ഹെൻഡ്രിക് ഹാൻഡ്ലോയ്റ്റെനും ചേർന്ന് എറിക്കയെ കേന്ദ്രബിന്ദുവാക്കി മാറ്റം വരുത്തിയിട്ടുണ്ട്.

സാന്ദ്ര ഹ്യൂളറുടെയും ഹാൻസ് സിഷ്‌ലറുടെയും പ്രകടനങ്ങളാണ് 'ഫാദർലാൻഡി'ന്റെ കരുത്ത്. എറിക്ക മാനായി എത്തുന്ന സാന്ദ്ര ഹ്യൂളർ പിതാവിന്റെ പ്രശസ്തിക്കും രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കുമിടയിൽ നിൽക്കുന്ന കഥാപാത്രത്തെ അതിശക്തമായി അവതരിപ്പിച്ചിട്ടുണ്ട്. സംഭാഷണങ്ങളേക്കാൾ ചില നോട്ടങ്ങളിലൂടെയും ശരീരഭാഷയിലൂടെയും ഹ്യൂളർ കഥാപാത്രത്തിന്റെ വേദന പ്രേക്ഷകരിലേക്ക് പകരുന്നുണ്ട്. തോമസ് മാനായി ഹാൻസ് സിഷ്‌ലർ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ, ക്ലോസ് മാനായി എത്തിയ ഓഗസ്റ്റ് ഡീലും ശ്രദ്ധ നേടി.

ഛായാഗ്രാഹകൻ ലുക്കാസ് സാലിന്റെ ബ്ലാക്ക് ആന്റ് വൈറ്റ് ഫ്രെയിമുകൾ ചിത്രത്തിന്റെ എടുത്തുപറയേണ്ട പ്രത്യേകതയാണ്. തകർന്നടിഞ്ഞ കെട്ടിടങ്ങളും, മങ്ങിയ വെളിച്ചത്തിലുള്ള മുറികളും, നിശ്ചലമായ ക്യാമറ ഫ്രെയിമുകളും കഥാപാത്രങ്ങൾ അനുഭവിക്കുന്ന ഒറ്റപ്പെടലും നാട്ടിലേക്കുള്ള മടങ്ങി വരവിന്റെ വേദനയുമെല്ലാം വളരെ ?ഗംഭീരമായി തന്നെ സ്‌ക്രീനിലെത്തിക്കാൻ ലുക്കാസ് സാലിന് കഴിഞ്ഞിട്ടുണ്ട്.

വെറുമൊരു ചരിത്ര സിനിമ എന്നതിലുപരി പ്രവാസജീവിതം, കലാകാരന്റെ രാഷ്ട്രീയ ഉത്തരവാദിത്തം എന്നിവയെക്കുറിച്ചുള്ള വരച്ചുകാട്ടലാണ് 'ഫാദർലാൻഡ്'. വർത്തമാനകാല ലോകത്തും പ്രസക്തമായ രാഷ്ട്രീയ-സാമൂഹിക പ്രശ്‌നങ്ങളെ പ്രേക്ഷകരെ ഓർമ്മിപ്പിക്കാൻ പാവ്‌ലിക്കോവ്‌സ്‌കിക്ക് സാധിക്കുന്നുണ്ട്. 57-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഉദ്ഘാടന ചിത്രം മികച്ച ദൃശ്യാനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്.