ചില കഥകളുണ്ട്, നമുക്ക് പലതവണ കണ്ടും കേട്ടും പരിചിതമായിരിക്കും. എന്നാൽ അവതരണ മികവും താരപ്രകടനങ്ങൾകൊണ്ട് അവ നമ്മെ പിടിച്ചിരുത്തും. രാജ്കുമാർ പെരിയസാമി രചനയും സംവിധാനവും നിർവഹിച്ച OM: Operation Mole അങ്ങനെയൊരു ചിത്രമാണ്. ആലോചിക്കുന്തോറും മനസ്സിനെ ലഹരിപിടിപ്പിക്കുന്ന അനുഭവമാണ് ഈ പാൻ ഇന്ത്യൻ ചിത്രം. ധനുഷ്, മമ്മൂട്ടി, സായി പല്ലവി എന്നിവരാണ് മുഖ്യവേഷങ്ങളിൽ. ഇവർ മൂന്നുപേരിലൂടെയുമാണ് സിനിമ മുന്നോട്ടുപോകുന്നത്.

To advertise here,

ട്രെയിലറിൽ കാണിച്ചിരിക്കുന്നതുപോലെ ഒരു അണ്ടർ കവർ ഓപ്പറേഷനാണ് സിനിമയുടെ ആകെത്തുക. രണ്ട് ക്ഷേത്രനഗരങ്ങൾക്ക് നടുവിലാണ് കഥ നടക്കുന്നത്. തമിഴ്നാട്-ആന്ധ്രപ്രദേശ് അതിർത്തിയിൽ നടക്കുന്ന നിരന്തരമായ രക്തചന്ദനക്കടത്ത്. അതിന് പിന്നിൽ പ്രവർത്തിക്കുന്നതാകട്ടെ ബർമ കാർത്തി എന്ന കാർത്തികേയൻ. ഇയാളെ വലയിലാക്കിയാൽ തകരുന്നത് അന്താരാഷ്ട്ര ബന്ധങ്ങളുള്ള ഒരു വലിയ സംഘമാണ്. കാർത്തികേയനെ പിടികൂടാൻ ഐപിഎസ് ഉദ്യോഗസ്ഥയായ നിത്യാ റെഡ്ഡിയുടെ നേതൃത്വത്തിൽ ഒരു പദ്ധതി തയ്യാറാക്കുന്നു. അതിനായി കാർത്തികേയന്റെ സംഘത്തിലേക്ക് തിരു എന്ന ഏജന്റിനെ നിയോഗിക്കുന്നു. ഇതാണ് OM എന്ന ചിത്രത്തിന്റെ കഥാസാരം. കന്നഡയിൽ ശിവ രാജ്കുമാറും ശ്രീ മുരളിയും മുഖ്യവേഷത്തിലെത്തിയ മഫ്തി എന്ന ചിത്രത്തിന്റെ പ്രമേയത്തോട് ഏറെ ചേർന്നുനിൽക്കുന്ന ആശയമാണെങ്കിലും രാജ്കുമാർ പെരിയസാമിയുടെ എഴുത്തും സംവിധാനമികവുമാണ് OM-ന്റെ ബലം.

പിടിച്ചിരുത്തുന്ന അവതരണമാണ് ചിത്രത്തിന്റെ മുതൽക്കൂട്ട്. വൈകാരികതയുടെ മേമ്പൊടി കൂടിയാകുമ്പോൾ ചിത്രം മറക്കാനാവാത്ത സിനിമാനുഭവമായി മാറുന്നു. ബർമ കാർത്തികേയനെ ചുറ്റിപ്പറ്റിയാണ് ചിത്രം മുന്നോട്ടുപോകുന്നത്. ബർമ കാർത്തികേയന്റെ ജീവിതമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. കാർത്തികേയൻ എങ്ങനെ ബർമ കാർത്തികേയനായി എന്ന് അതീവ വൈകാരികമായാണ് സംവിധായകൻ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. തുടക്കത്തിൽ വില്ലനാണോ എന്ന് തോന്നിക്കുമെങ്കിലും കംപ്ലീറ്റ് പോസിറ്റീവ് നായകനായിട്ടാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. കാർത്തികേയനെക്കുറിച്ചുള്ള തന്റെ നിഗമനങ്ങൾ തെറ്റാണെന്ന് തിരുവിന് ബോധ്യപ്പെടുന്നതോടെ തിരു എന്ന കഥാപാത്രവും പ്രേക്ഷകനും ഒന്നായി ബർമ കാർത്തികേയനൊപ്പം നിൽക്കും.

അണ്ടർ കവർ ഏജന്റുമാർക്ക് സ്വന്തം കുടുംബത്തിനോട് തന്റെ ജോലി എന്താണെന്ന് പറയാതിരിക്കേണ്ടി വരാറുണ്ട്. ആ രംഗങ്ങൾ രസകരമായാണ് ചിത്രീകരിച്ചിരിക്കുന്നതെങ്കിലും ചിരിക്കപ്പുറമുള്ള ഒരുതരം നോവ് പ്രേക്ഷകനിലുണ്ടാക്കാൻ ഈ രംഗങ്ങൾക്ക് സാധിച്ചിട്ടുണ്ട്. അച്ഛനുമായും ഭാര്യയുമായും മകനുമായും സർവോപരി സിയ എന്ന കാർത്തികേയനുമായും തിരുവിനുള്ള ബന്ധം വിശദമായിത്തന്നെ സംവിധായകൻ പ്രേക്ഷകരെ ബോധ്യപ്പെടുത്തുന്നുണ്ട്. റിപ്പോർട്ടിങ് ഓഫീസറും സബോഡിനേറ്റ് ഓഫീസറും തമ്മിലുള്ള ബന്ധത്തിൽ ഒരു വൈകാരികതലം കൂട്ടിച്ചേർക്കുന്നതിലും രാജ്കുമാർ പെരിയസാമി വിജയിച്ചിരിക്കുന്നു. രക്തചന്ദനം വെട്ടുക എന്നത് ഒരു ജനതയുടെ ഉപജീവനമാർഗമായും മറ്റൊരു കൂട്ടരുടെ നിയമലംഘനമായും ബാലൻസ് ചെയ്താണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്.

സിയ എന്ന കാർത്തികേയനായി അതിഗംഭീര പ്രകടനമാണ് മമ്മൂട്ടി കാഴ്ചവെച്ചിരിക്കുന്നത്. സ്ഥിരം മസാല സിനിമകളിൽ കാണുന്ന കള്ളക്കടത്തുകാരനായ നായകനോട് തോന്നുന്നപോലെയുള്ള ആരാധനയല്ല സിയയോട് പ്രേക്ഷകർക്ക് തോന്നുക. അതൊരുതരം ഇഷ്ടമാണ്. നിസ്സഹായനായ ഒരു മനുഷ്യനെ ചേർത്തുപിടിക്കുന്നതുപോലെയുള്ള ഇഷ്ടം. മലയാളത്തിൽനിന്ന് ഒരു നടനെ മറ്റൊരു പ്രമുഖ തമിഴ്താരംകൂടി പ്രധാനവേഷത്തിലുള്ള ചിത്രത്തിൽ അഭിനയിപ്പിച്ച് മരണത്തിന് വിട്ടുകൊടുക്കുന്ന കഥാപാത്രം ചെയ്യിക്കുന്നത് ഒരുപാട് നമ്മൾ കണ്ടിരിക്കുന്നു. എന്നാൽ ആ ക്ലീഷേ പൊളിച്ചെഴുതുന്നുണ്ട് ഓം. കാർത്തികേയനാണ് ഈ ചിത്രത്തിലെ നായകൻ. കാർത്തികേയനുള്ള എല്ലാ രംഗത്തിലും ധനുഷ് അവതരിപ്പിക്കുന്ന തിരു ഉണ്ട്. ഹീറോയിസത്തിലൂടെയും വൈകാരികതയിലൂടെയും ധർമസങ്കടത്തിലൂടെയും കടന്നുപോകുന്ന കഥാപാത്രത്തെ ധനുഷ് മികച്ചതാക്കിയിട്ടുണ്ട്. കുറേ നാളുകൾക്കുശേഷം ചിരിച്ചും കളിച്ചും നൃത്തംചെയ്തും വിലസുന്ന ധനുഷിനെ സ്ക്രീനിൽ കാണാൻ സാധിച്ചു.

ഞെട്ടിക്കുന്ന മറ്റൊരു പ്രകടനം സായി പല്ലവിയുടേതാണ്. നിത്യാ റെഡ്ഡി എന്ന പോലീസ് ഉദ്യോഗസ്ഥയായി വിളയാടുകയാണ് അവർ. കുപ്രസിദ്ധമായ ശേഷാചലം വെടിവെപ്പ് കേസുമായി ഒരു ബന്ധം കൊടുക്കുന്നുണ്ട് ഈ കഥാപാത്രത്തിന്. പോലീസ് ഓഫീസറുടെ കണിശതയും ഒരു മകളെന്ന നിലയിലുള്ള വാശിയുമെല്ലാം നിറഞ്ഞ കഥാപാത്രം സായിയുടെ ജീവിതത്തിലെ നാഴികക്കല്ലാകും. രാമായണത്തിലെ സീതയെ അവതരിപ്പിച്ചത് ഇതേ നടി തന്നെയാണോ എന്ന് സംശയം തോന്നിക്കുംവിധം അതിഗംഭീരമാക്കിയിട്ടുണ്ട് നിത്യയെ സായി പല്ലവി. നസിറുദ്ദീൻ ഷാ, ഇന്ദ്രൻസ്, ശ്രീലീല എന്നിവരും അവരവരുടെ വേഷങ്ങൾ ഗംഭീരമാക്കി.

എടുത്തുപറയേണ്ട മറ്റൊരാൾ സംഗീത സംവിധായകനായ സായ് അഭ്യങ്കറാണ്. ഓരോ രംഗത്തിനും അനുയോജ്യമായ വിധത്തിലാണ് അദ്ദേഹം പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്. കഥാഗതിക്ക് ചേർന്നുനിൽക്കുംവിധമാണ് ഗാനങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ചില ഗാനങ്ങൾ സന്ദർഭാനുസരണം പശ്ചാത്തല സംഗീതമെന്നോണമേ ഉപയോഗിച്ചിട്ടുള്ളൂ എന്നതും ശ്രദ്ധേയമാണ്.
ക്ലൈമാക്സിൽ പറഞ്ഞവസാനിപ്പിക്കാനൊന്നുമില്ലാതെ, രണ്ടാം ഭാഗത്തിന് സാധ്യത തുറന്നിട്ട് അവസാനിപ്പിക്കുന്ന ചിത്രങ്ങളിൽനിന്ന് ഓം വ്യത്യസ്തമാകുന്നത് പറയാനുള്ളതെല്ലാം പറഞ്ഞു എന്നതാണ്. ചില കാര്യങ്ങൾ രണ്ടാം ഭാഗത്തിലേക്ക് അവശേഷിപ്പിക്കുന്നുണ്ടെങ്കിലും സമ്പൂർണമാണ് ഈ ആദ്യഭാഗം. ധൈര്യമായി കാണാം OM: Operation Mole.