ബൊഗെയ്ൻവില്ല എന്ന ചിത്രത്തിനുശേഷം അമൽ നീരദ് സംവിധാനംചെയ്യുന്ന ചിത്രം, പരാജയപ്പെട്ടെങ്കിലും ആരാധകർക്കിടയിൽ കൾട്ട് സ്റ്റാറ്റസ് നിലനിൽക്കുന്ന ബാച്ചിലർ പാർട്ടി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം. ഇത്രയും മതിയായിരുന്നു ആരാധകർക്ക് ബാച്ചിലർ പാർട്ടി ഡ്യുവെ എന്ന ചിത്രത്തിനായി കാത്തിരിക്കാൻ.

To advertise here,

സ്റ്റൈലിഷ് മേക്കിങ്, അഞ്ച് നായകന്മാരുടെ തകർപ്പൻ പ്രകടനം, സർപ്രൈസ് കാമിയോ. ഇതാണ് ബാച്ചിലർ പാർട്ടി ഡ്യുവെ. ബാച്ചിലർ പാർട്ടി എന്ന ആദ്യഭാഗവുമായി ആത്മബന്ധം പുലർത്തുന്ന ചിത്രംകൂടിയാണ് ഈ രണ്ടാം ഭാഗം. എന്നാൽ ആദ്യഭാഗത്തിന്റെ തുടർച്ചയോ അതേ കഥാപാത്രങ്ങളുടെ ആവർത്തനമോ അല്ല ഡ്യുവെ.

കൊച്ചി പശ്ചാത്തലമായുള്ള ക്വട്ടേഷൻ കഥയാണ് അടിസ്ഥാനപരമായി ബാച്ചിലർ പാർട്ടി ഡ്യുവെ. കൊച്ചിയെ നടുക്കുന്ന ഒരു അപകടമരണം. ഇതിന്റെ തുടർച്ചയായി നടക്കുന്ന ചില സംഭവവികാസങ്ങളിലേക്ക് എത്തിപ്പെടുകയാണ് പാണ്ഡവർ എന്ന വിളിപ്പേരുള്ള അഞ്ച് ചെറുപ്പക്കാർ. ഇവർക്ക് ഏറ്റുമുട്ടേണ്ടിവരുന്നതാകട്ടെ ഗുരുവെന്നും പ്രഭുവെന്നും പേരുള്ള രണ്ട് ലോക്കൽ അധോലോക നേതാക്കളോടും. ഈ രണ്ട് കൂട്ടർ തമ്മിലുള്ള പോരാട്ടമാണ് ചിത്രം പിന്നീട് സംസാരിക്കുന്ന പ്രമേയം. സൗഹൃദവും പ്രണയവും പ്രതികാരവും നഷ്ടപ്പെടലുമെല്ലാം ഇതിനിടയിൽ കടന്നുപോകുന്നു.

നസ്ലിൻ, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഷറഫുദ്ദീൻ, ചന്തു സലിംകുമാർ എന്നിവരാണ് പാണ്ഡവരെ അവതരിപ്പിക്കുന്നത്. ഷൈൻ ടോം ചാക്കോ, കുഞ്ചാക്കോ ബോബൻ എന്നിവരാണ് യഥാക്രമം ഗുരുവിനെയും പ്രഭുവിനെയും അവതരിപ്പിക്കുന്നത്. നാദിയാ മൊയ്തു, രജിഷ വിജയൻ, പാരീസ് ലക്ഷ്മി, ജ്യോതിർമയി, ഹൻസിക എന്നിവരാണ് പ്രധാന സ്ത്രീ കഥാപാത്രങ്ങൾ. ടൊവിനോ തോമസും ഒരു പ്രധാന കഥാപാത്രമായി വന്നിട്ടുണ്ട്.

പ്രധാനകഥാപാത്രങ്ങളായ അഞ്ചംഗ സംഘം ഇല്ലാത്ത വളരെക്കുറച്ച് ഫ്രെയിമുകളേ ചിത്രത്തിലുള്ളൂ. ആദ്യഭാഗത്തിന്റെ ഫ്ലേവർ ആദ്യാവസാനം നിലനിർത്തുന്നുണ്ട് രണ്ടാം ഭാഗം. ബാച്ചിലർ പാർട്ടി എന്ന പേര് ആരാധകരിൽ സൃഷ്ടിച്ചിട്ടുള്ള പ്രതീക്ഷയ്ക്ക് ഒപ്പം നിൽക്കുന്നതാണ് കഥാഗതിയും മേക്കിങ്ങും. പ്രധാന അഞ്ച് കഥാപാത്രങ്ങളെ ഉത്തമപുരുഷന്മാരാക്കാതെ ആന്റിഹീറോ ഇമേജിൽത്തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ച പ്രഭു എന്ന കഥാപാത്രമാകട്ടെ അങ്ങേയറ്റം കപടത നിറഞ്ഞയാളും ക്രൂരനുമാണ്. സമൂഹത്തിൽ മാന്യതയുടെ മുഖംമൂടി അണിഞ്ഞുനിൽക്കുന്ന പണച്ചാക്കായ കഥാപാത്രം കുഞ്ചാക്കോ ബോബനിൽ ഭദ്രമായിരുന്നു. ഷൈൻ ടോമിനും വില്ലൻ വേഷം തന്നെയായിരുന്നു.

നിരവധി കഥാപാത്രങ്ങൾ വന്നുപോകുന്നുണ്ടെങ്കിലും എല്ലാവർക്കും കഥാഗതിയിൽ എന്തെങ്കിലുമൊക്കെ ചെയ്യാനുണ്ട് എന്നത് എടുത്തുപറയണം. ക്രിസ്റ്റോ സേവ്യറിന്റെ പാട്ടുകളേക്കാൾ അല്പം മുകളിൽ നിൽക്കുന്നുണ്ട് പശ്ചാത്തലസംഗീതം. ആദ്യഭാഗത്തിനായി രാഹുൽ രാജ് ഒരുക്കിയ പശ്ചാത്തലസംഗീതവും കഥാഗതിയിൽ ആവേശമാകുന്നുണ്ട്. ഫയറിങ്, സ്ഫോടനരംഗങ്ങൾക്കായി കുറച്ചധികം സമയം അമൽ നീരദും സംഘട്ടനസംവിധായകൻ സുപ്രീംസുന്ദറും നീക്കിവെച്ചിരിക്കുന്നു.

ആക്ഷനും ഫയറിങ്ങും സ്ഫോടനവും ഒപ്പം വൈകാരികതയും നിറഞ്ഞ സ്റ്റൈലിഷ് ചിത്രം കാണാൻ താത്പര്യമുള്ളയാളാണ് നിങ്ങളെങ്കിൽ ബാച്ചിലർ പാർട്ടി ഡ്യുവെക്ക് ടിക്കറ്റെടുക്കാം.