
നൊബേൽ സമ്മാന ജേതാവായ പ്രശസ്ത സാഹിത്യകാരൻ ജെ.എം. കൂറ്റ്‌സെയുടെ 'ജീസസ് ട്രിലോജി' നോവലുകളെ ആസ്പദമാക്കി പോർച്ചുഗീസ് സംവിധായകൻ തിയാഗോ ഗ്യൂഡെസ് ഒരുക്കിയ സ്പാനിഷ് ചിത്രമാണ് 'അക്വി'. 2026-ലെ കാൻ ചലച്ചിത്രമേളയിലെ 'കാൻ പ്രീമിയർ' വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രം, 57-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സുവർണ മയൂരത്തിനായി മത്സരിക്കുന്ന പ്രധാന ചിത്രങ്ങളിലൊന്നാണ്.
അപരിചിതമായ ലോകത്ത് പ്രത്യേക സാഹചര്യത്തിൽ അച്ഛനും അമ്മയുമായി മാറുന്ന രണ്ട് മനുഷ്യരുടെയും ഒരു കൊച്ചുകുട്ടിയുടെയും യാത്രയാണ് സിനിമ പറയുന്നത്. മൂന്ന് മണിക്കൂറിലധികം ദൈർഘ്യമുണ്ട് ചിത്രത്തിന്.
ഭൂതകാലത്തെക്കുറിച്ച് യാതൊരു ഓർമയുമില്ലാത്ത സൈമൺ (മനോലോ സോളോ) എന്ന മധ്യവയസ്‌കനും ആറ് വയസുകാരനായ ഡേവിഡും (അലക്‌സ് പെലേസ്) 'നോവില്ല' എന്ന അപരിചിതമായ നഗരത്തിൽ എത്തിച്ചേരുന്നിടത്താണ് കഥ തുടങ്ങുന്നത്. ഒരാഴ്ച മുമ്പ് മാത്രം കണ്ടുമുട്ടിയ ഇവർക്കിടയിൽ രക്തബന്ധമില്ല. എങ്കിലും ഡേവിഡിന്റെ അമ്മയെ കണ്ടെത്തണമെന്ന ലക്ഷ്യത്തിൽ സൈമൺ അവനോടൊപ്പം ചേരുന്നു. തുടർന്ന് അവർ ഇനസ് (പട്രീഷ്യ ലോപ്പസ് അർണായിസ്) എന്ന സ്ത്രീയെ കണ്ടുമുട്ടുന്നു. ആദ്യം മടിച്ചുനിൽക്കുന്നുണ്ടെങ്കിലും പിന്നീട് ഇനസ് ഡേവിഡിന്റെ അമ്മയുടെ സ്ഥാനം ഏറ്റെടുക്കുന്നു. പ്രണയബന്ധമൊന്നുമില്ലാത്ത സൈമണും ഇനസും ഡേവിഡിനായി ഒരു കുടുംബമായി മാറുകയാണ്.
ഏത് കാലഘട്ടമാണെന്നോ ഏത് രാജ്യമാണെന്നോ വ്യക്തമാക്കാത്ത ഒരു ഡിസ്റ്റോപ്പിയൻ ലോകത്താണ് കഥ നടക്കുന്നത്. അവിടെ ആർക്കും തങ്ങളുടെ പഴയ ജീവിതത്തെക്കുറിച്ച് ഓർമകളില്ല. ഡേവിഡിന്റെ അസാധാരണമായ കഴിവുകൾ തിരിച്ചറിയുന്ന സൈമണും ഇനസും അവനെ ഒരു ഡാൻസ് അക്കാദമിയിൽ ചേർക്കുന്നു. തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളും, വളർന്നുവരുന്ന ഡേവിഡ് (ഹ്യൂഗോ എൻക്വെൻട്ര) താൻ യഥാർഥത്തിൽ ആരാണ് എന്ന് തേടി നടത്തുന്ന അന്വേഷണങ്ങളുമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്.
'നീ എന്നെ മനസിലാക്കാൻ ശ്രമിക്കരുത് എന്ന് എനിക്ക് വാക്കുതരണം', എന്ന് ചിത്രത്തിന്റെ അവസാന ഭാഗത്ത് ഡേവിഡ് സൈമണോട് പറയുന്ന വാചകമാണ് ഈ സിനിമയുടെ ആകെത്തുക എന്ന് വേണമെങ്കിൽ പറയാം. പഴയ ഓർമകൾ നഷ്ടപ്പെട്ട മനുഷ്യരുടെ നിസ്സഹായതയും, ഒരു കുഞ്ഞിനെ വളർത്തുന്നതിലെ സമ്മർദങ്ങളും മനോലോ സോളോയും പട്രീഷ്യ ലോപ്പസ് അർണായിസും അങ്ങേയറ്റം സ്വാഭാവികമായി അവതരിപ്പിച്ചിട്ടുണ്ട്. നിഗൂഢതകൾ ഒളിപ്പിച്ചുവെച്ച കൊച്ചു ഡേവിഡായി അലക്‌സ് പെലേസ് വിസ്മയിപ്പിച്ചു.
ഒരു ഘട്ടത്തിൽ 'ഞാനൊരു പ്രേതമാണോ?' എന്ന് ഡേവിഡ് ചോദിക്കുമ്പോൾ പ്രേക്ഷകരിലും അത്തരമൊരു ചിന്ത ജനിപ്പിക്കാൻ സാധിച്ചു. സെർജി ലോപ്പസ്, ഡാനിയൽ ഏലിയാസ്, ലാംബെർട്ട് വിൽസൺ എന്നിവരും തങ്ങളുടെ വേഷങ്ങൾ മികച്ചതാക്കി.
ഡാനിയേല കാജിയാസിന്റെ ഛായാഗ്രഹണമാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകർഷണം. ചിത്രത്തിന്റെ ക്ലൈമാക്‌സിലേക്ക് അടുക്കുമ്പോൾ ആസ്‌പെക്ട് റേഷ്യോയിൽ വരുത്തുന്ന മാറ്റം ആഖ്യാനത്തിന് മറ്റൊരു തലം നൽകുന്നതാണ്.
വേഗതയേറിയ കഥപറച്ചിലോ ലളിതമായ ഉത്തരങ്ങളോ പ്രതീക്ഷിക്കുന്നവർക്ക് മൂന്നര മണിക്കൂർ ദൈർഘ്യമുള്ള 'അക്വി' അല്പം ക്ഷമ പരീക്ഷിക്കുന്ന അനുഭവമായേക്കാം. ചിലയിടങ്ങളിൽ ആവർത്തനവിരസത തോന്നാമെങ്കിലും, കുട്ടികളുടെ സ്വാതന്ത്ര്യത്തെയും സർഗാത്മകതയെയും നിയന്ത്രിക്കുന്ന സമൂഹത്തോടുള്ള ശക്തമായ വിമർശനമാണ് തിയാഗോ ഗ്യൂഡെസും ലൂയിസ് അറൗജോയും ചേർന്നെഴുതിയ തിരക്കഥ. ക്ഷമയോടെ കണ്ടിരിക്കുന്നവർക്ക് മികച്ചൊരു ചലച്ചിത്രാനുഭവം സമ്മാനിക്കുന്ന സൃഷ്ടിയാണ് 'അക്വി'.
Content Highlights: Portuguese filmmaker Tiago Guedes directs the Spanish film Aqui, adapted from Nobel laureate JM Coetzee's Jesus Trilogy novels. Screened at Cannes Premiere 2026, the over three-hour-long movie competes for the Golden Peacock at the 57th International Film Festival of India (IFFI). Set in a dystopian world devoid of past memories, the story follows Simon (Manolo Solo), Ines (Patricia Lopez Arnaiz), and young David (Alex Pelaez). Praised for natural performances, Daniela Cajias's cinematography, and shifting aspect ratios, the film rewards patient viewers with a rich cinematic experience.
Published: 21 Nov 2026, 09:37 pm IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented