
ചെറിയൊരു ഗ്രാമത്തിൽ നിന്ന്, പരിമിതമായ ജീവിതസാഹചര്യങ്ങളിൽ നിന്ന് വലിയൊരു സ്വപ്നത്തിലേക്ക് പറന്നുയരാൻ ആഗ്രഹിക്കുന്ന ഒരു സാധാരണ പെൺകുട്ടിയുടെ ജീവിതയാത്രയാണ് 'ആകാശംലോ ഒക താര' (AOT) എന്ന ചിത്രം പറയുന്നത്. ചെറുപ്രായത്തിൽ തന്നെ വിവാഹിതയാകേണ്ടിവന്ന ആ പെൺകുട്ടി പ്രതിസന്ധികളും കുടുംബത്തിന്റെ എതിർപ്പുകളും മറികടന്ന് തന്റെ ലക്ഷ്യം കൈവരിക്കാൻ നടത്തുന്ന പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. സ്വപ്നങ്ങൾക്ക് അതിരുകളില്ലെന്ന് ചിത്രം നമ്മളെ ഓർമിപ്പിക്കുന്നു.
കൽപന എന്ന അമ്മുവിന്റെ ജീവിതത്തിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. പഠനത്തിൽ മികവ് പുലർത്തുന്ന അവൾക്ക് ബഹിരാകാശ സഞ്ചാരിയാകണമെന്നതാണ് ആഗ്രഹം. എന്നാൽ, കുടുംബത്തിലെ പ്രശ്നങ്ങളും ചെറുപ്രായത്തിൽ തന്നെ വിവാഹജീവിതത്തിലേക്ക് കടക്കേണ്ടിവരുന്നതും അവളുടെ സ്വപ്നങ്ങൾക്ക് തടസ്സമാകുന്നു. ജീവിതം പ്രതീക്ഷിച്ചതുപോലെയല്ല മുന്നോട്ടുപോകുന്നതെങ്കിലും അവളുടെ ലക്ഷ്യത്തെ തിരിച്ചറിയുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ഭർത്താവ് കൃഷ്ണയുടെ വരവ് കഥയിൽ നിർണായകമാകുന്നു. ഒരു പെൺകുട്ടിയുടെ സ്വപ്നങ്ങൾക്ക് കുടുംബവും ജീവിതപങ്കാളിയും നൽകുന്ന പിന്തുണ എത്രത്തോളം പ്രധാനമാണ് എന്നൊരു വിലപ്പെട്ട ഓർമപ്പെടുത്തൽ കൂടിയാണ് ഈ ചിത്രം. അതുതന്നെയാണ് ചിത്രം പ്രേക്ഷകർക്ക് ഭംഗ്യന്തരേണ നൽകുന്ന സന്ദേശവും.
കൃഷ്ണയായി എത്തുന്ന ദുൽഖർ സൽമാൻ തന്റെ താരമൂല്യവും സ്വാഭാവികമായ അഭിനയവും കൊണ്ട് ചിത്രത്തിന്റെ ഗതിക്ക് നൽകുന്ന സംഭാവന വലുതാണ്. അമ്മുവിന്റെ സ്വപ്നങ്ങൾക്ക് പിന്തുണ നൽകുന്ന കഥാപാത്രമായി അദ്ദേഹം വളരെ പക്വവും തന്മയത്വമാർന്നതുമായ അഭിനയമാണ് കാഴ്ചവയ്ക്കുന്നത്.
അമ്മുവിനെ അവതരിപ്പിച്ച സാത്വിക വീരവള്ളിയുടെ പ്രകടനമാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. ആത്മവിശ്വാസമില്ലാത്ത പെൺകുട്ടിയിൽ നിന്ന് സ്വന്തം ലക്ഷ്യത്തിനായി പോരാടുന്ന യുവതിയിലേക്കുള്ള അമ്മുവിന്റെ പരിവർത്തനം ഒരു ഇരുത്തം വന്ന നടിയുടെ ആത്മവിശ്വാസത്തോടെ അവതരിപ്പിക്കാൻ സാത്വികയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സ്വാസിക വിജയ്, ശ്രുതി ഹാസൻ എന്നിവരും തങ്ങളുടെ വേഷങ്ങൾ മികവുറ്റതാക്കി.
സംവിധായകൻ പവൻ സദിനേനി പരിചിതമായ പ്രമേയം തന്നെയാണ് അഭ്രാവിഷ്കാരത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. സ്ത്രീവിദ്യാഭ്യാസം, കുടുംബത്തിന്റെ പിന്തുണ, വ്യക്തിസ്വാതന്ത്ര്യം, സ്വപ്നങ്ങൾ നേടിയെടുക്കാനുള്ള ആത്മവിശ്വാസം തുടങ്ങിയ വിഷയങ്ങൾ സ്വാഭാവികമായും കഥയിൽ കടന്നുവരുന്നുണ്ട്. അതുകൊണ്ടുതന്നെ ചില രംഗങ്ങൾ പ്രേക്ഷകർക്ക് പ്രവചിക്കാനാവും എന്നൊരു ന്യൂനതയുണ്ട്. ചില ഭാഗങ്ങളിൽ വേഗക്കുറവും അലോസരമുണ്ടാക്കുന്നുണ്ട്. എങ്കിലും ദൃശ്യാവിഷ്കാരവും പശ്ചാത്തലസംഗീതവും കഥയുടെ വൈകാരികത നിലനിർത്താൻ സഹായിക്കുന്നുണ്ട്.
Published: 20 Nov 2026, 11:38 am IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented