25 വർഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷം നടൻ വിജയ്ക്കെതിരെ ഭാര്യ സംഗീത വിവാഹമോചനത്തിന് കേസ് നൽകിയിരിക്കുകയാണ്. ഈയവസരത്തിൽ വിജയ്‌യുടെ ആരാധകർ സ്ത്രീകളോട് കൂടുതൽ മര്യാദയും മാന്യതയും കാണിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി അഭിഭാഷകയായ ശരണ്യ നടരാജൻ. ഇക്കാര്യം വിശദീകരിക്കുന്ന ഒരു വാർത്താക്കുറിപ്പും അവർ പുറത്തിറക്കി. വ്യക്തിപരമായ വിഷയങ്ങളിൽ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും സംഗീതയെ ലക്ഷ്യം വെച്ചുള്ള അധിക്ഷേപങ്ങൾ അവസാനിപ്പിക്കണമെന്നും ശരണ്യ ആവശ്യപ്പെട്ടു.

To advertise here,

വിജയ്‍യുടെ ആരാധകരിൽ ചിലർ സംഗീതയെ ലക്ഷ്യം വെച്ച് സോഷ്യൽ മീഡിയയിൽ ആക്രമണം നടത്തുന്നത് അങ്ങേയറ്റം വിഷമിപ്പിക്കുന്നതാണെന്ന് ശരണ്യ നടരാജൻ പറഞ്ഞു. അപരിചിതർ കാണിക്കുന്ന മാനുഷിക പരിഗണന പോലും ആരാധകർ കാണിക്കുന്നില്ലെന്നും അവർ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കി. ടിവികെ (TVK) പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളിൽ വിജയ് പങ്കെടുത്തതിലെ വൈരുദ്ധ്യത്തെ ശരണ്യ വിമർശിച്ചു. സ്വന്തം ഭാര്യ കോടതിയിൽ സംരക്ഷണത്തിനായി ഹർജി നൽകിയ അതേ ദിവസം തന്നെ മറ്റൊരു സ്ത്രീയോടൊപ്പം വനിതാ ദിനം ആഘോഷിക്കുന്നത് അവഗണിക്കാനാവാത്ത വൈരുദ്ധ്യമാണെന്ന് അഭിഭാഷക ചൂണ്ടിക്കാട്ടി.

സ്വാധീനത്തിനും ഇമേജിനും മുകളിലായിരിക്കണം നീതിയും അന്തസ്സും. താൻ സംഗീതയുടെ അഭിഭാഷകയല്ല. മാനുഷികമായ പരിഗണന വെച്ചാണ് പ്രതികരിക്കുന്നത്. വിവാഹേതര ബന്ധങ്ങൾ ക്രിമിനൽ കുറ്റമല്ലാതായിരിക്കാം. എന്നാൽ അവ ഒരു പ്രവണതയായി ആഘോഷിക്കുന്നത് സാധാരണമായി കാണാൻ കഴിയില്ല. ഇത്തരം കാര്യങ്ങളിൽ ഗൂഢാലോചനാ സിദ്ധാന്തങ്ങൾ തിരയുന്നതിന് പകരം പക്വത കാണിക്കണമെന്നും അവർ ആരാധകരോട് ആവശ്യപ്പെട്ടു.

"ഇത് രാഷ്ട്രീയം മാത്രമല്ല, ഇത് മനുഷ്യത്വത്തെക്കുറിച്ചാണ്. ഞാൻ സംഗീതയുടെ അഭിഭാഷകയല്ല. എൻ്റെ പേര് അവരുടെ അഭിഭാഷകയായി ടാഗ് ചെയ്യുകയോ പരാമർശിക്കുകയോ ചെയ്യരുതെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു. തെറ്റായ വിവരങ്ങൾ ഒഴിവാക്കാം. വിവാഹേതര ബന്ധങ്ങൾക്ക് ഇപ്പോൾ ശിക്ഷ ലഭിക്കില്ലായിരിക്കാം. എന്നാൽ അവയെ അഭിമാനകരമായ നിമിഷമായി പ്രദർശിപ്പിക്കുകയും സാധാരണവൽക്കരിക്കുകയും ചെയ്യുന്നത് അവയെ സാധാരണമാക്കുന്നില്ല. ആദ്യം ജയം രവി... ഇപ്പോൾ വിജയ്‍യും തൃഷ കൃഷ്ണനും." ശരണ്യയുടെ വാക്കുകൾ ഇങ്ങനെ.

1999 ഓഗസ്റ്റ് 25-നാണ് വിജയ്‌യും സംഗീതയും വിവാഹിതരായത്. തമിഴ് വ്യവസായിയുടെ മകളായ സംഗീത വിവാഹത്തിന് മുൻപ് വിജയ്‌യുടെ വലിയൊരു ആരാധികയായിരുന്നു. ഇവർക്ക് ജേസൺ സഞ്ജയ്, ദിവ്യ സാഷ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. 1954-ലെ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണ് സംഗീത വിവാഹമോചനത്തിന് അപേക്ഷ നൽകിയത്. വിജയ്ക്ക് മറ്റൊരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് സംഗീത ഹർജിയിൽ ആരോപിച്ചു. 2021-ലാണ് താൻ ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞതെന്നും ഇത് അവസാനിപ്പിക്കുമെന്ന് വിജയ് ഉറപ്പ് നൽകിയിരുന്നതായും അവർ പറയുന്നു.

എന്നാൽ ആ ബന്ധം തുടരുകയും വിജയ് തന്നെ സാമൂഹികവും ഔദ്യോഗികവുമായ ജീവിതത്തിൽ നിന്ന് അകറ്റി നിർത്തുകയും ചെയ്തു. വിജയ് നടിക്കൊപ്പം വിദേശയാത്രകൾ നടത്തിയതും പൊതുചടങ്ങുകളിൽ പങ്കെടുത്തതും സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് തനിക്കും മക്കൾക്കും വലിയ മാനസിക വിഷമവും അപമാനവും ഉണ്ടാക്കിയെന്നും ഹർജിയിൽ പറയുന്നു.

നിലവിൽ ജില്ലാ കോടതിയിലാണ് ഈ കേസ് നടക്കുന്നത്. വിജയ്‌യുടെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റങ്ങൾ തനിക്ക് കഠിനമായ മാനസിക ക്ലേശമുണ്ടാക്കിയതായും സംഗീത ഹർജിയിൽ പറഞ്ഞു.