സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കി നടി തൃഷയുടെ ഇൻസ്റ്റഗ്രാം സ്റ്റോറികൾ. തമിഴ്നാട് പ്രതിപക്ഷ നേതാവും നിർമാതാവുമായ ഉദയനിധി സ്റ്റാലിന്റെ പരാമർശങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ തൃഷ സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. വിവാദം നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് താരം ഇൻസ്റ്റഗ്രാമിലൂടെ ഈ കുറിപ്പുകൾ പങ്കുവെച്ചത്. ഉദയനിധിയുടെ പരാമർശങ്ങളുമായി ബന്ധപ്പെട്ട വിവാദത്തിന്റെ തുടക്കം മുതൽ തൃഷ പൂർണനിശബ്ദത പാലിച്ചിരുന്നതിനാൽ ഈ പുതിയ പോസ്റ്റുകൾക്ക് വലിയ രീതിയിലുള്ള ശ്രദ്ധ ലഭിച്ചിട്ടുണ്ട്.

To advertise here,

ആരുടേയും പേര് എടുത്തുപറയുകയോ വിവാദത്തെക്കുറിച്ച് നേരിട്ട് പരാമർശിക്കുകയോ ചെയ്തുകൊണ്ടല്ല തൃഷ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. "ഈ പ്രായത്തിൽ നാടകം കളിക്കുന്നത് നാണക്കേടാണ്. പോയി കുറച്ച് പണം ഉണ്ടാക്കി സമാധാനം കണ്ടെത്തൂ" എന്നായിരുന്നു തൃഷ പങ്കുവെച്ച ഒരു പോസ്റ്റിലെ വരികൾ. മറ്റൊരു പോസ്റ്റിൽ, ഒരിക്കൽ നമ്മൾ ആഗ്രഹിച്ച ജീവിതം ലഭിക്കുന്നതിനെക്കുറിച്ചും താരം സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ പോസ്റ്റുകൾ ഉദയനിധിക്കുള്ള മറുപടിയെന്ന രീതിയിലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നത്.

കഴിഞ്ഞദിവസം തൃഷയുടെ മുത്തശ്ശിയുടെ ജന്മദിനമായിരുന്നു. ഇതിന്റെ ചിത്രങ്ങൾ തൃഷ തന്റെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. തൃഷയുടെ അമ്മ ഉമ കൃഷ്ണന്റെ സോഷ്യൽ മീഡിയാ കുറിപ്പും ഇതിനൊപ്പം ശ്രദ്ധ നേടുന്നുണ്ട്. വ്യായാമം ചെയ്യാനും, ചർമ്മസംരക്ഷണം നടത്താനും, പണം ഉണ്ടാക്കാനും, സ്വന്തം കാര്യം നോക്കി ജീവിക്കാനുമൊക്കെ ഉപദേശിക്കുന്ന വരികളാണ് അവർ സ്റ്റോറിയായി പങ്കുവെച്ചത്.

ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമർശം

കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട പ്രതിഷേധ പരിപാടിക്കിടെയാണ് ഈ വിവാദങ്ങളുടെ തുടക്കം. കാവേരി സമരത്തിനിടെ തൃഷയെക്കുറിച്ച് ഉദയനിധി നടത്തിയ ഇരട്ട അർത്ഥമുള്ള പരാമർശങ്ങൾക്കെതിരെ തമിഴക വെട്രി കഴകം (ടി.വി.കെ) പാർട്ടിയുടെ വനിതാ വിഭാഗം തഞ്ചാവൂർ പോലീസിൽ നൽകിയ പരാതിയിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. തഞ്ചാവൂരിലെ സെംഗിപ്പട്ടി പോലീസ് സ്റ്റേഷനിൽ വെച്ച് അദ്ദേഹത്തെ തടഞ്ഞുവെച്ച് ഒരു മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് പോലീസ് വിട്ടയച്ചത്.

കാവേരി സമരത്തിനിടയിൽ ഉദയനിധി സ്റ്റാലിൻ സംസാരിക്കുമ്പോൾ ജനക്കൂട്ടത്തിൽ ചിലർ "തൃഷ, തൃഷ" എന്ന് വിളിച്ചപ്പോഴാണ് ഈ വിവാദത്തിന് കാരണമായ പരാമർശം ഉണ്ടായത്. ഇതിനോട് പ്രതികരിച്ച അദ്ദേഹം ദ്വയാർത്ഥപരാമർശങ്ങൾ നടത്തുകയും, തുടർന്ന് താൻ കാവേരി വെള്ളത്തെക്കുറിച്ചാണ് സംസാരിച്ചതെന്ന് പറയുകയുമാണുണ്ടായത്. എന്നാൽ ഇതിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ ടി.വി.കെ.യുടെ വനിതാ വിഭാഗം ഉദയനിധിക്കെതിരെ പോലീസിൽ പരാതി നൽകുകയായിരുന്നു.

തഞ്ചാവൂർ ഈസ്റ്റ് പോലീസ് സംഘം ചൊവ്വാഴ്ച രാവിലെയാണ്‌ ചെന്നൈ നീലാങ്കരയിലെ വസതിയിലെത്തി അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്‌. സെങ്കിപ്പട്ടി പോലീസ്‌ സ്റ്റേഷനിലെത്തിച്ച അദ്ദേഹത്തെ രാത്രി എട്ടരയോടെ വിട്ടയച്ചു. തുടർന്ന്‌ ചെന്നൈയിലേക്ക്‌ വിമാനമാർഗം മടങ്ങി. ഉദയനിധി മുൻകൂർ ജാമ്യഹർജി സമർപ്പിച്ചതിനെത്തുടർന്ന് ഉച്ചയ്ക്ക് 12 വരെ അറസ്റ്റ് ചെയ്യുന്നതിന് മദ്രാസ് ഹൈക്കോടതി വിലക്കുണ്ടായിരുന്നു. ഇക്കാരണത്താൽ വീട്ടിൽനിന്ന് ഉദയനിധിയെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് ചോദ്യംചെയ്യാനായി പോലീസ് വാഹനത്തിൽ കയറ്റിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

എന്നാൽ ഈ പരാമർശങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും വ്യക്തിപരമായല്ല സർക്കാരിന്റെ പ്രവർത്തനങ്ങളെ ഉദ്ദേശിച്ചാണ് അദ്ദേഹം സംസാരിച്ചതെന്നുമാണ് ഡി.എം.കെ വ്യക്തമാക്കുന്നത്. ഈ നടപടി തമിഴ്‌നാട്ടിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതുറന്നിട്ടുണ്ട്.