സിനിമാ മേഖലയിലെ സ്ത്രീകളെ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിലൂടെയും യൂട്യൂബിലൂടെയും നിരന്തരം മോശം പരാമർശങ്ങളും ട്രോളുകളും നടത്തുന്നവർക്കെതിരെയും നിയമം കർശനമായി നടപ്പാക്കണമെന്ന് വിശാൽ ആവശ്യപ്പെട്ടു.

തെന്നിന്ത്യൻ സിനിമാലോകത്തും തമിഴ്‌നാട് രാഷ്ട്രീയത്തിലും വലിയ ചർച്ചയായി മാറിയ സംഭവമാണ് നടി തൃഷയ്‌ക്കെതിരെയുള്ള പരാമർശത്തെത്തുടർന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ അറസ്റ്റിലായത്. ഈ പോലീസ് നടപടിയെ പിന്തുണച്ചും സിനിമയിലെ സ്ത്രീസുരക്ഷ ഉയർത്തിപ്പിടിച്ചും രംഗത്തെത്തിയിരിക്കുകയാണ് നടൻ വിശാൽ. ഉദയനിധി യെ അറസ്റ്റ് ചെയ്തതിനെ വിശാൽ ന്യായീകരിച്ചു. സിനിമാമേഖലയിലെ സ്ത്രീകളെക്കുറിച്ച് അനുചിതമായ പരാമർശങ്ങൾ നടത്തുന്ന യുട്യൂബർമാർ ഉൾപ്പെടെ എല്ലാവർക്കുമെതിരെ സമാനമായ നടപടി സ്വീകരിക്കണമെന്ന് വിശാൽ ആവശ്യപ്പെട്ടു.
രാഷ്ട്രീയ സാഹചര്യങ്ങളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാറുണ്ടെന്നും, എന്നാൽ സിനിമയിലെ സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്ന എല്ലാവർക്കും ഈ ശിക്ഷ ഒരേപോലെ ബാധകമാക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും വാർത്താ ഏജൻസിയായ എ.എൻ.ഐയോട് വിശാൽ വ്യക്തമാക്കി. ഉദയനിധിയോട് കാണിച്ച അതേ നിയമപരമായ സമീപനം എല്ലാവരോടും ഉണ്ടാകണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
സിനിമാ മേഖലയിലെ സ്ത്രീകളെ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിലൂടെയും യൂട്യൂബിലൂടെയും നിരന്തരം മോശം പരാമർശങ്ങളും ട്രോളുകളും നടത്തുന്നവർക്കെതിരെയും നിയമം കർശനമായി നടപ്പാക്കണമെന്ന് വിശാൽ ആവശ്യപ്പെട്ടു. "നമ്മുടെ വനിതാ സഹപ്രവർത്തകരെക്കുറിച്ച് പരസ്യമായി മോശം പരാമർശങ്ങൾ നടത്തുന്ന നിരവധി യുട്യൂബർമാരുണ്ട്. അതിനാൽ അവർക്കും സമാനമായ പെരുമാറ്റച്ചട്ടം ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു," വിശാൽ കൂട്ടിച്ചേർത്തു.
കാവേരി സമരത്തിനിടെ തൃഷയെക്കുറിച്ച് ഉദയനിധി നടത്തിയ ഇരട്ട അർത്ഥമുള്ള പരാമർശങ്ങൾക്കെതിരെ തമിഴക വെട്രി കഴകം (ടി.വി.കെ) പാർട്ടിയുടെ വനിതാ വിഭാഗം തഞ്ചാവൂർ പോലീസിൽ നൽകിയ പരാതിയിലാണ് ഈ നടപടിയുണ്ടായത്. തഞ്ചാവൂരിലെ സെംഗിപ്പട്ടി പോലീസ് സ്റ്റേഷനിൽ വെച്ച് അദ്ദേഹത്തെ തടഞ്ഞുവെച്ച് ഒരു മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് പോലീസ് വിട്ടയച്ചത്.
കാവേരി സമരത്തിനിടയിൽ ഉദയനിധി സ്റ്റാലിൻ സംസാരിക്കുമ്പോൾ ജനക്കൂട്ടത്തിൽ ചിലർ "തൃഷ, തൃഷ" എന്ന് വിളിച്ചപ്പോഴാണ് ഈ വിവാദത്തിന് കാരണമായ പരാമർശം ഉണ്ടായത്. ഇതിനോട് പ്രതികരിച്ച അദ്ദേഹം ദ്വയാർത്ഥപരാമർശങ്ങൾ നടത്തുകയും, തുടർന്ന് താൻ കാവേരി വെള്ളത്തെക്കുറിച്ചാണ് സംസാരിച്ചതെന്ന് പറയുകയുമാണുണ്ടായത്. എന്നാൽ ഇതിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ ടി.വി.കെ.യുടെ വനിതാ വിഭാഗം ഉദയനിധിക്കെതിരെ പോലീസിൽ പരാതി നൽകുകയായിരുന്നു.
തഞ്ചാവൂർ ഈസ്റ്റ് പോലീസ് സംഘം ചൊവ്വാഴ്ച രാവിലെയാണ് ചെന്നൈ നീലാങ്കരയിലെ വസതിയിലെത്തി അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. സെങ്കിപ്പട്ടി പോലീസ് സ്റ്റേഷനിലെത്തിച്ച അദ്ദേഹത്തെ രാത്രി എട്ടരയോടെ വിട്ടയച്ചു. തുടർന്ന് ചെന്നൈയിലേക്ക് വിമാനമാർഗം മടങ്ങി. ഉദയനിധി മുൻകൂർ ജാമ്യഹർജി സമർപ്പിച്ചതിനെത്തുടർന്ന് ഉച്ചയ്ക്ക് 12 വരെ അറസ്റ്റ് ചെയ്യുന്നതിന് മദ്രാസ് ഹൈക്കോടതി വിലക്കുണ്ടായിരുന്നു. ഇക്കാരണത്താൽ വീട്ടിൽനിന്ന് ഉദയനിധിയെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് ചോദ്യംചെയ്യാനായി പോലീസ് വാഹനത്തിൽ കയറ്റിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
എന്നാൽ ഈ പരാമർശങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും വ്യക്തിപരമായല്ല സർക്കാരിന്റെ പ്രവർത്തനങ്ങളെ ഉദ്ദേശിച്ചാണ് അദ്ദേഹം സംസാരിച്ചതെന്നുമാണ് ഡി.എം.കെ വ്യക്തമാക്കുന്നത്. ഈ നടപടി തമിഴ്‌നാട്ടിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതുറന്നിട്ടുണ്ട്. വിഷയത്തിൽ തൃഷ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Content Highlights: Tamil actor Vishal supported the brief police action against Leader of Opposition Udhayanidhi Stalin over his alleged inappropriate remarks targeting actor Trisha, emphasizing that similar strict legal measures should be applied to everyone on social media who speaks ill of women in the film industry.
Published: 09 Aug 2026, 12:42 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented