ധനുഷും മമ്മൂട്ടിയും പ്രധാന വേഷത്തിലെത്തുന്ന തമിഴ് ചിത്രം 'ഓമി'ന്റെ ടൈറ്റിലിൽ മാറ്റം. നേരത്തെ, 'ഒഎം- ചാപ്റ്റർ വൺ: ഉധിരം- ദ ബ്ലഡ് വുഡ്' എന്ന പേരിലായിരുന്നു ചിത്രം പ്രഖ്യാപിച്ചത്. ട്രെയ്‌ലറിന് മുമ്പ് വന്ന എല്ലാ പ്രചാരണത്തിലും ഇതേ പേരുതന്നെയായിരുന്നു ഉപയോഗിച്ചത്. എന്നാൽ, ട്രെയ്‌ലറിന് ശേഷം 'ഒ.എം- ഓപ്പറേഷൻ മോൾ' എന്ന പേരിലാണ് ചിത്രത്തിന്റെ പ്രൊമോഷൻ മെറ്റീരിയലുകളെല്ലാം.

To advertise here,

പ്രഖ്യാപിച്ചതിൽനിന്നും ഏറെ വൈകിയായിരുന്നു കഴിഞ്ഞ ദിവസം  ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തത്. വെള്ളിയാഴ്ച വൈകീട്ട് ഏഴുമണിക്ക് ട്രെയ്‌ലർ റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപിച്ചത്. എന്നാൽ, 11 മണിയോടെയാണ് ട്രെയ്‌ലർ സാമൂഹികമാധ്യമങ്ങളിൽ ലഭ്യമായത്. ട്രെയ്‌ലർ റിലീസിന്റെ മണിക്കൂറുകൾക്ക് മുമ്പ് ഇറങ്ങിയ പ്രൊമോഷണൽ മെറ്റീരിയലുകൾ മുതലാണ് പേരിൽ മാറ്റമുണ്ടായത്. ഇതിന്റെ കാരണമെന്തെന്ന് അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയിട്ടില്ല.

ട്രെയ്‌ലർ റിലീസിന് പിന്നാലെ ടൈറ്റിൽ മാറ്റം സാമൂഹികമാധ്യമങ്ങളിൽ ചർച്ചയായി. സെൻസർ ബോർഡിന്റെ നിർദേശപ്രകാരമാണ് പേരുമാറ്റമെന്നാണ് ചർച്ച. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ വാദം സാധൂകരിക്കും വിധം റിപ്പോർട്ടു ചെയ്തിട്ടുണ്ട്.

ALSO READ | 'ഓ'മിലെ സായ് പല്ലവിയുടെ വേഷത്തിന് പ്രചോദനം മെറിൻ ജോസഫ് ഐ.പി.എസ്; വെളിപ്പെടുത്തി സംവിധായകൻ

യു/ എ സെർട്ടിഫിക്കറ്റാണ് ചിത്രത്തിന് സെൻസർ ബോർഡ് അനുവദിച്ചത്. 'അമരൻ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രാജ്കുമാർ പെരിയസാമിയാണ് 'ഒ.എം- ഓപ്പറേഷൻ മോൾ' സംവിധാനം ചെയ്യുന്നത്. ചിത്രം നവംബർ 20-ന് തിയേറ്ററിലെത്തും.

ധനുഷിനും മമ്മൂട്ടിക്കും പുറമെ സായ് പല്ലവിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. നസിറുദ്ദീൻ ഷാ, ഇന്ദ്രൻസ്, ശ്രീലീല, രേണു ദേശായി എന്നിവരും ചിത്രത്തിലുണ്ട്. സായ് അഭ്യങ്കറാണ് ചിത്രത്തിന് സംഗീതം നൽകുന്നത്.