കൊല്ലൂർ: വെള്ളിത്തിരയിലെന്നപോലെ വല്ലാത്തൊരു ആവേശം നിറച്ചാണ് നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ ചന്ദ്രശേഖർ ജോസഫ് വിജയ് കൊല്ലൂർ മൂകാംബിക ക്ഷേത്രദർശനത്തിനെത്തിയത്. ക്ഷേത്രപരിസരം വിജയ് സിനിമയുടെ റിലീസ് ദിനം പോലെ തോന്നിപ്പിച്ചു. വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ കൊടിയുമായാണ് ആരാധകർ അമ്പലത്തിനുള്ളിൽ വന്നത്. അത് വീശി അവർ ചുറ്റമ്പലം വലംവെച്ചു.
ക്ഷേത്രത്തിനുപുറത്ത് ജയ് വിജയ്...തലയ്‌വാ.... വിജയ് അണ്ണാ വിളികളാൽ ആരാധകർ തടിച്ചുകൂടി. ഉഡുപ്പിയിലും മംഗളൂവിലും സ്ഥിരതാമസക്കാരായ ആയിരത്തിലേറെ തമിഴ് മക്കളാണ് വിജയ്‌യെ കാണാൻ കൊല്ലൂരിൽവന്നത്. മൂന്നുമണിക്ക് വിജയ് വന്നതും തീയേറ്ററിലെന്നപോലെ ആർപ്പ് വിളിയായി. ക്ഷേത്രനടയിൽ കാറിൽനിന്നിറങ്ങിയതും വിജയ് ആർപ്പുവിളിക്കുന്ന തന്റെ ആരാധകർക്കുനേരെ പതിവുസ്റ്റൈലിൽ തല ഇടത്തോട്ട് ചരിച്ച്‌ കൈകൂപ്പി. ക്ഷേത്രദർശനം കഴിഞ്ഞ് പുറത്തിറങ്ങി ഔദ്യോഗിക കാർ സ്വയം ഓടിച്ചുപോയതും ആരാധകരെ ത്രസിപ്പിച്ചു. കാറിനു പിറകെ അവർ ആർത്തുവിളിച്ച് ഓടി…

To advertise here,

ചെറുഭീഷണി അതിസുരക്ഷ

'ജോസഫ്' വിജയ് കൊല്ലൂർക്ഷേത്രത്തിൽ വരുമ്പോൾ കരിങ്കൊടി കാണിക്കുമെന്ന അഭ്യൂഹം പരന്നതിനാൽ വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ക്ഷേത്രത്തിൽ നടത്തിയത്. വിജയ് എത്തുന്നതിന് ഒരുമണിക്കൂർ മുൻപുതന്നെ എല്ലാ ഭക്തരെയും മാധ്യമപ്രവർത്തകരെയും അമ്പലത്തിനുള്ളിൽനിന്ന് ഒഴിപ്പിച്ചു. ഫോട്ടോ പതിച്ച താത്‌കാലിക തിരിച്ചറിയൽ കാർഡ് നൽകിയ ചുരുക്കം ജീവനക്കാരും ക്ഷേത്രഅധികൃതരും മാത്രമാണ് ഉള്ളിൽ ഉണ്ടായിരുന്നത്. തമിഴ്‌നാട്ടിൽനിന്നു വന്ന പോലീസ് ഉദ്യോഗസ്ഥർ ക്ഷേത്രത്തിന്റെ സുരക്ഷാചുമതല ഏറ്റെടുത്തു. ഏതു മതസ്ഥർക്കും പ്രവേശിക്കാൻ പറ്റുന്ന ക്ഷേത്രമാണ് മൂകാംബിക എന്നറിയാത്ത ചിലർ ജോസഫ് വിജയ് അമ്പലത്തിൽ കയറുന്നതിലെ നീരസം സാമൂഹികമാധ്യമം വഴി പ്രകടിപ്പിച്ചതാണ് സുരക്ഷ കൂട്ടാൻ കാരണമായത്.

അന്ന് സ്വർണവാൾ, ഇന്ന് വെള്ളിവാൾ..

ടോളിവുഡിൽനിന്ന് രാഷ്ട്രീയത്തിൽവന്ന് തമിഴകത്തിന്റെ മുഖ്യമന്ത്രിയായവർക്ക് മൂകാംബികദേവിയോട് പ്രത്യേക ഇഷ്ടമുണ്ട്. എം.ജി.ആറിൽ തുടങ്ങി ജയലളിതയിലൂടെ വന്ന് വിജയ്‌യിൽ എത്തിനിൽക്കുകയാണ് ആ ഇഷ്ടം. 1976-ൽ ക്ഷേത്രദർശനത്തിനെത്തിയ മുഖ്യമന്ത്രി എം.ജി.ആർ. നൽകിയത് വലിയൊരു സ്വർണവാൾ ആണ്. ഇന്നും നിത്യേന വൈകീട്ട് നടക്കുന്ന മംഗളാരതിയിൽ ആ വാൾ എഴുന്നള്ളിക്കാറുണ്ട്.

വെള്ളിയാഴ്ച വിജയ് കാണിക്കയായി സമർപ്പിച്ചതാകട്ടെ 1.600 കിലോഗ്രാം തൂക്കംവരുന്ന വെള്ളിവാളും. ഊരാൻ പറ്റുന്ന ഉറയോടുകൂടിയ വെള്ളിവാളാണ് ചില്ലുപെട്ടിയിലാക്കി വിജയ് സമ്മാനിച്ചത്. വർഷങ്ങൾക്ക് മുൻപ് ജയലളിത വന്നപ്പോൾ സ്വർണക്കിരീടമാണ് മൂകാംബികദേവിക്ക് സമർപ്പിച്ചത്.