
പ്രതീക്ഷകൾ താളം തെറ്റുന്നു. മോഹങ്ങൾക്കുമേൽ അനിശ്ചിതത്വത്തിന്റെ കരിനിഴൽ പടരുന്നു. ജീവിതത്തിൽ അത്തരമൊരു സന്ദിഗ്ധ ഘട്ടത്തിലൂടെ കടന്നുപോകാത്ത ആരെങ്കിലുമുണ്ടോ?
വിദ്യാസാഗറിന്റെ ഓർമയിലുമുണ്ട് അതുപോലൊരു ദശാസന്ധി. രണ്ടായിരമാണ്ടിലാവണം. തെന്നിന്ത്യയിലെ ഏറ്റവും തിരക്കേറിയ സംഗീത സംവിധായകരിലൊരാളായി തിളങ്ങിനിന്ന വിദ്യാജിയുടെ സിനിമാജീവിതത്തിൽ പൊടുന്നനെ ഒരു മാന്ദ്യം. അവസരങ്ങൾ കുറയുന്നു. പാട്ടുകൾ പലതും പ്രതീക്ഷിച്ച സ്വീകാര്യത നേടാതെ പോകുന്നു. നിഷേധാത്മക ചിന്തകളിലേക്ക് സ്വാഭാവികമായും വഴുതിനീങ്ങുമായിരുന്ന മനസ്സിനെ ആ ഘട്ടത്തിൽ ഉലയാതെ പിടിച്ചുനിർത്തിയത് മറ്റാരുമല്ല; സാക്ഷാൽ മൂകാംബികാ ദേവി തന്നെ. 'ഇരുളിൽ ഒരു കൈത്തിരിനാളം തെളിച്ചു തരുകയായിരുന്നു ദേവി. ആ വെളിച്ചത്തിലായിരുന്നു പിന്നീടുള്ള എന്റെ യാത്ര', വിദ്യാസാഗർ.
'മുൻപ് ചെയ്ത പടങ്ങളിലെ പാട്ടുകൾ പലതും ഹിറ്റായിരുന്നു. എന്നിട്ടും ഒരു ഘട്ടത്തിൽ എനിക്ക് സിനിമകൾ ഇല്ലാതായി', വിദ്യാജി ഓർക്കുന്നു. 'ആകെയൊരു അനിശ്ചിതത്വം. ആ പ്രതിസന്ധിയിലേക്കാണ് ദേവിയുടെ വിളി വരുന്നത്. അതൊരു നിയോഗമായിരുന്നു. ദേവി കൂടി ആഗ്രഹിച്ചാലേ നമുക്ക് മൂകാംബികയിൽ ചെല്ലാൻ കഴിയൂ എന്ന് പറയാറുണ്ടല്ലോ'.
പിന്നെ വൈകിയില്ല. കുടുംബസമേതം മൂകാംബികയിലെത്തി വിദ്യാസാഗർ. ഏകാഗ്രമനസ്സോടെ ആ സന്നിധിയിൽ ചെന്നുനിന്നപ്പോൾ മനസ്സ് ശാന്തമായ പോലെ. എല്ലാ ആശങ്കകളും അവിടെ ഉപേക്ഷിച്ചു തിരിച്ചു പോരുമ്പോഴാണ് ആ അത്ഭുതം സംഭവിച്ചത്. മംഗലാപുരം വിമാനത്താവളത്തിലേക്കുള്ള കാർ യാത്രയ്ക്കിടെ തുടരെത്തുടരെ മൂന്ന് ഫോൺ കോളുകൾ. വ്യത്യസ്ത വ്യക്തികളാണ് വിളിച്ചത്. മൂന്ന് വ്യത്യസ്ത സിനിമകൾക്ക് വേണ്ടി സംഗീത സംവിധാനം നിർവഹിക്കാനുള്ള ഓഫർ. അത്ഭുതം തോന്നി. മനസ്സുകൊണ്ട് ദേവിക്ക് നന്ദി പറഞ്ഞു. നൊന്തു വിളിച്ചാൽ പ്രസാദിക്കാത്ത ദേവിയുണ്ടോ?'
ഇന്നും ആ നിമിഷങ്ങൾ ഓർക്കുമ്പോൾ വിദ്യാസാഗറിന്റെ കണ്ണുകൾ സജലങ്ങളാകും. മൂന്നും തമിഴ് സിനിമകളായിരുന്നു: ധിൽ, പൂവെല്ലാം ഉൻ വാസം, അള്ളിത്തന്ത വാനം. വിക്രം, അജിത്, പ്രഭുദേവ എന്നിവർ നായകരായ പടങ്ങൾ. 'ആ സിനിമകൾക്ക് വേണ്ടി പാട്ടുകളൊരുക്കുമ്പോൾ അദൃശ്യസാന്നിധ്യമായി ദേവിയും ഒപ്പമുണ്ടായിരുന്നു എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. വഴിക്കുവഴിയായി റിലീസായ മൂന്ന് ചിത്രങ്ങളിലേയും പാട്ടുകൾ സൂപ്പർഹിറ്റായി. തമിഴിൽ എന്റെ രണ്ടാം ഇന്നിങ്‌സിന് തുടക്കം കുറിച്ച പടങ്ങളായിരുന്നു അവ. ഇന്നും ആ പാട്ടുകൾക്ക് ആരാധകരുണ്ട്; പുതിയ തലമുറയിൽ പോലും. എല്ലാം ദേവിയുടെ കൃപ.'
കുട്ടിക്കാലത്താണ് ആദ്യമായി മൂകാംബികാ സന്ദർശനം നടത്തിയത്. ആദ്യയാത്രയിൽത്തന്നെ കുടജാദ്രിയിൽ ചെന്നത് ഓർമയുണ്ട്. അവിടത്തെ പ്രശാന്തമായ അന്തരീക്ഷം അന്നേ മനസ്സിനെ തൊട്ടു. ആ നിശ്ശബ്ദതയിൽ പോലും സംഗീതമുള്ള പോലെ. എങ്കിലും ഇതുവരെ ദേവീസ്തുതികളൊന്നും ചിട്ടപ്പെടുത്താൻ കഴിഞ്ഞില്ല എന്നത് നഷ്ടമായി മനസ്സിലുണ്ട്. അവസരങ്ങൾ ഒത്തുവരാത്തതുകൊണ്ടാണ്. ഇനിയെന്നെങ്കിലും ചെയ്യുമായിരിക്കും.
അക്ഷരദേവത കൂടിയാണല്ലോ മൂകാംബിക. കുട്ടിക്കാലത്തേയുണ്ട് അക്ഷരങ്ങളോടുള്ള സ്‌നേഹം. സംഗീതം കഴിഞ്ഞാൽ വായനയോടും എഴുത്തിനോടുമായിരുന്നു അന്നേ ഭ്രമം. 'വാക്കുകളെ സംഗീതം കൊണ്ട് പോറലേൽപ്പിക്കുന്നതിന് എതിരാണ് ഞാൻ. മലയാളമറിയില്ലെങ്കിൽ പോലും വരികൾ ഒരു തവണ വായിച്ചുകേട്ടാൽ എനിക്ക് അർഥം പിടികിട്ടും. അധികമാരും അറിയാത്ത മറ്റൊരു കാര്യം കൂടി പറയാം. തമിഴിൽ ധാരാളം കവിതകൾ എഴുതിയിട്ടുണ്ട് ഞാൻ. പഠിക്കുന്ന കാലത്ത് തമിഴ് ഭാഷാപരീക്ഷയിൽ സംസ്ഥാനത്ത് രണ്ടാം റാങ്ക് ലഭിച്ചിട്ടുണ്ട്. ഇംഗ്ലീഷിലും തമിഴിലുമുള്ള മിക്ക ക്ലാസിക് കൃതികളും ഞാൻ വായിച്ചു തീർത്തത് വിദ്യാർഥിയായിരുന്ന കാലത്താണ്. സാഹിത്യത്തോടുള്ള ആത്മബന്ധം തന്നെയാണ് ഭാഷയെ നിന്ദിക്കരുത് എന്ന വിശ്വാസത്തിന്റെ പിന്നിലും.' ഭാഷയെയും അക്ഷരങ്ങളെയും കവിതയെയും സ്‌നേഹിക്കുന്ന ഒരാൾക്ക് എങ്ങനെ ദേവീഭക്തനാകാതിരിക്കാൻ കഴിയും?.
Content Highlights: Music composer Vidyasagar shares how a visit to the Mookambika Temple saved his struggling career around the year 2000. Immediately after his temple visit, he received offers for three major Tamil films: 'Dhill', 'Poovellam Un Vasam', and 'Alli Thandha Vaanam'. These successful Tamil film soundtracks marked a triumphant second innings in his musical journey. Vidyasagar recalls his childhood trip to Kudajadri and expresses a personal desire to compose a devotional track dedicated to Mookambika Devi. The composer highlights his deep passion for literature and Tamil poetry, emphasizing the importance of respecting lyrics and language in music.
Published: 20 Oct 2026, 11:19 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented