ഒക്ടോബർ 27- സ്മാരകശിലകളുടെ കഥാകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ള ഓർമയായിട്ട് 9 വർഷം. കൊല്ലൂരിലേക്കുള്ള യാത്രയെക്കുറിച്ച് അദ്ദേഹം എഴുതിയത് വായിക്കാം. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'മൂകാംബിക സ്മൃതികൾ' എന്ന പുസ്തകത്തിൽ നിന്ന്.

To advertise here,

 

വീടിനടുത്തായിരുന്നു അറയ്ക്കൽ അമ്പലം. കാണാവുന്നതും കേൾക്കാവുന്നതുമായ ദൂരത്തിൽ. വിശാലമായ മുറ്റമാണ് വീടിന്റെത്. വേനൽക്കാലത്ത് ബാപ്പയുടെ മൂത്ത സഹോദരി കാംപ്‌കോട്ട് വിരിച്ച് മുറ്റത്ത് മലർന്നുകിടക്കും. അടുത്ത് എന്നെയും കിടത്തും. ആകാശത്ത് നിറഞ്ഞ നക്ഷത്രങ്ങളെ നോക്കി മലക്കുകൾ ഇറങ്ങിവരുന്നതിനെക്കുറിച്ചു പറയും. അതു കേട്ടും ഭാവനയിൽ കണ്ടും അങ്ങനെ കിടക്കുമ്പോൾ അറയ്ക്കൽ അമ്പലത്തിലെ കൊട്ടു കേൾക്കും. അതിന്റെ താളത്തിനനുസരിച്ച് അവർ എന്റെ പുറത്തു തട്ടും. ആ സൗഖ്യത്തിൽ ഞാനുറങ്ങും.

അറയ്ക്കൽ അമ്പലത്തിലെ തെറവരവ് വലിയ കാഴ്ചയാണ്. താളത്തിൽക്കൊട്ടി പണിക്കരും പിരിവുകാരുമെല്ലാം ചേർന്നുള്ള നിറപ്പകിട്ടുള്ള ഘോഷയാത്രയായിരുന്നു അത്. ഒരു തവണ ബാപ്പയുടെ മൂത്ത സഹോദരി എന്നോടു പറഞ്ഞു. അമ്പലത്തിന് മുന്നിലൂടെ പോകുമ്പോൾ എപ്പോഴും ശ്രദ്ധിക്കണം. അശുദ്ധിയാക്കരുത്. നമ്മൾ അന്യമതത്തിൽപ്പെട്ടവരാണ്. എനിക്കൊന്നും മനസ്സിലായില്ല. മടപ്പള്ളി സ്‌കൂളിലേക്കു മാറിയപ്പോൾ ക്ഷേത്രത്തിന് മുന്നിലൂടെ വേണമായിരുന്നു കടന്നുപോകാൻ. ഞങ്ങളുടെ സംഘത്തിൽ ഞാൻ മാത്രമേ മുസ്ലിം കുട്ടിയായിട്ടുണ്ടായിരുന്നുള്ളൂ. ഒരു വെള്ളിയാഴ്ച ഉച്ചയ്ക്ക് എനിക്ക് ഒറ്റയ്ക്ക് വീട്ടിലേക്കു തിരിച്ചുവരേണ്ടി വന്നു. അമ്പലമടുക്കുന്തോറും നെഞ്ചിടിപ്പു കൂടിക്കൂടി വന്നു. നടയിലെത്തുമ്പോഴേക്കും വിയർത്തു കുളിച്ചു പോയി. ഒരു നിമിഷം ഞാൻ ക്ഷേത്രനടയിലേക്കൊന്നു നോക്കി. അങ്ങു ദൂരേ ഇരുട്ടിൽ ഒരു കണ്ണ് കനലു പോലെ കത്തുന്നു. ദേവിയുടെ പ്രഭാവം ഒരു മിന്നൽപോലെ എന്നിൽപ്പതിച്ചു. ആദ്യമായി അന്നു രാത്രി എനിക്കു പനിച്ചു. ബാപ്പയുടെ സഹോദരിക്ക് ആധിയായി. അവരോട് ഞാൻ ഉച്ചയ്ക്കു നടന്ന സംഭവം പറഞ്ഞു. അവരുടെ ആധി ഇരട്ടിച്ചു. അന്നു രാത്രിതന്നെ എന്നെ ചരടുകെട്ടി ഊതിച്ചു. ദേവിക്കു വഴിപാടുകൾ നേർന്നു.

പഠനത്തിനും തൊഴിലിനുമായി ഞാൻ പിന്നീട് നാടുവിട്ട് പല ദേശങ്ങളിലലഞ്ഞു. അപ്പോഴെല്ലാം അറയ്ക്കൽ അമ്പലവും ഉച്ചനേരത്തെ ആ ദേവീദർശനവും എന്റെ മനസ്സിൽ കെടാതെ കിടന്നിരുന്നു. ഒടുവിൽ 1971-ൽ ഞാൻ നാട്ടിലെത്തി. വടകരയിൽ പ്രാക്ടീസ് തുടങ്ങി. ആ സമയത്താണ് മൂകാംബികാ ക്ഷേത്രത്തെക്കുറിച്ചും കലയുടെ വരദായിനിയെക്കുറിച്ചും കാനനഭംഗിയെക്കുറിച്ചുമെല്ലാം കേട്ടത്. അത് എന്റെയുള്ളിൽ പടരാൻ തുടങ്ങി. പോവാതെ വയ്യ എന്ന അവസ്ഥയിലായി. ഭക്തിയല്ലായിരുന്നു, മറിച്ച് മധുരവും സൗന്ദര്യവും ശാന്തിയും നിറഞ്ഞ ഒരിടത്തെക്കുറിച്ചുള്ള സ്വപ്നങ്ങളായിരുന്നു എന്റെയുള്ളിൽ വെമ്പിനിന്നിരുന്നത്. ഒരു ദിവസം വടകരയിൽനിന്നു ക്ലിനിക് പൂട്ടി ഞാൻ ഒറ്റയ്ക്കിറങ്ങിത്തിരിച്ചു, കൊല്ലൂരിലേക്ക്.

ഉച്ചയോടെ മംഗലാപുരത്തെത്തി. ഊണു കഴിച്ച് അടുത്ത ബസ്സിൽ കയറി. എപ്പോഴോ ഒന്നു മയങ്ങിയപ്പോൾ കുട്ടിക്കാലത്തു കണ്ട ദേവീസ്വരൂപം ഉള്ളിൽത്തെളിഞ്ഞു. അന്നു ഞാൻ ദേവിയെ പേടിച്ചു. എന്നാൽ ഇന്ന് തേടിപ്പോവുകയാണ്.

എന്തിനുവേണ്ടിയാണ് പോകുന്നത് എന്നറിയില്ല എന്നതായിരുന്നു ആ യാത്രയുടെ ആനന്ദം. ഏതോ ഒരു ശക്തി സ്‌നേഹത്തോടെ ചേർത്തുപിടിച്ച് കൂട്ടിക്കൊണ്ടുപോകുംപോലെ. എത്തിച്ചേരുന്നിടത്ത് എന്തനുഭൂതിയാണ് നമ്മെ കാത്തിരിക്കുന്നത് എന്നൊന്നും അറിയില്ലായിരുന്നു.

സന്ധ്യയോടെ ഞാൻ ക്ഷേത്രനടയിലെത്തി. മനസ്സിലാക്കിവെച്ചതിനനുസരിച്ച് അഡിഗയുടെ വീട്ടിൽ ചെന്നു. കടുംനിറങ്ങളും കുങ്കുമത്തിന്റെ ഗന്ധവും നിറഞ്ഞ വീട്. ആരാണെന്നുപോലും ചോദിക്കാതെ അവർ എന്നെ സ്വീകരിച്ചു.

'ഞാൻ ഒരു മുസ്ലിമാണ്.' അദ്ദേഹത്തോട് കളവുപറയാൻ എനിക്കാവില്ലായിരുന്നു.

'അതിനെന്താ? അമ്മയ്ക്ക് എല്ലാവരും മക്കളാണ് മതമൊന്നുമില്ല.'

അന്നു രാത്രി ചോറും മോരും പപ്പടവും കണ്ണിമാങ്ങയും ചേർന്ന ഊണ് നിലത്ത് ചമ്രംപടിഞ്ഞിരുന്ന് ഞാൻ ഉണ്ടു. സാത്ത്വികമായ രുചിയുടെ സമുദ്രം എന്റെ രസനയിൽ നൃത്തം വെച്ചു. അന്നെനിക്കു വിളമ്പിക്കിട്ടിയ ഓരോ മണി ചോറിലും നിറയെ സ്‌നേഹമുണ്ടായിരുന്നു. വഴിയമ്പലത്തിൽ രാത്രി കഴിച്ചുകൂട്ടാനെത്തിയ പഥികന് സ്വന്തം അന്നം പങ്കുവെച്ചു കൊടുക്കുന്നതിലുള്ള സ്‌നേഹമാണ് ആ ഭക്ഷണത്തിൽ ഞാൻ രുചിച്ചത്. പുറത്തു പെയ്യുന്ന മഴയുടെ താളം കേട്ട് ആ വീടിന്റെ തണുത്ത തളത്തിൽ കിടന്ന് അന്നു രാത്രി ഞാൻ ശാന്തമായുറങ്ങി.

പിറ്റേന്ന് പുലർച്ചെ ഓട്ടുരുളിയിൽ തണുത്ത വെള്ളം തന്നു. ഒരു കാടിന്റെ വിശുദ്ധി മുഴുവൻ തുള്ളികളിൽ ആവാഹിച്ച ആ ജലത്തിലെ സ്‌നാനം എന്റെ മനസ്സിനെയും ശരീരത്തിനെയും പുതിയ ഉദയങ്ങളിലേക്കുണർത്തി. കാവിമുണ്ടുടുത്ത്, തോർത്തു പുതച്ച് നഗ്‌നപാദനായി ഞാൻ ഇറങ്ങി. തലേന്നു രാത്രി പെയ്ത മഴയിൽ നനഞ്ഞ മണ്ണിലൂടെ നടക്കുമ്പോൾ ശരീരത്തിന്റെ ഭാരം തീർത്തും ഇല്ലാതായതുപോലെ. ഞാൻ നനുത്ത ഒരു തൂവൽപോലെയായിരിക്കുന്നു. (മക്കയിൽവെച്ചും എനിക്കിതേ അനുഭവമുണ്ടായിട്ടുണ്ട്) ക്ഷേത്രനടയിലേക്കല്ലായിരുന്നു ഒരു കൊച്ചു പുസ്തകശാലയിലേക്കായിരുന്നു ഞാൻ ആദ്യം ചെന്നത്. ഷെൽഫിൽ *സൗന്ദര്യലഹരിയുടെ* ഒരു കോപ്പിയിരിക്കുന്നു. അതു വാങ്ങി ഞാൻ കടയുടെ തിണ്ണയിലിരുന്നു. പുറത്ത് മഴ പെയ്തുതുടങ്ങി. സൗപർണികയിൽ ജലതരംഗനാദം അംബാവനം നനഞ്ഞുകുതിർന്നു നില്ക്കുന്നു. ഞാൻ ആദ്യം ശ്ലോകം ഉറക്കെ ചൊല്ലി.

ശിവശ്ശക്ത്യാ യുക്തോ യദി ഭവതി ശക്തഃ പ്രഭവിതും
ന ചേദേവം ദേവോ ന ഖലു കുശലഃ സ്പന്ദിതുമപി!
അതസ്ത്വാമാരാധ്യാം ഹരിഹര വിരിഞ്ചാദിഭിരപി
പ്രണന്തും സ്‌തോതും വാ കഥമകൃതപുണ്യഃ പ്രഭവതി.

വല്ലാത്തൊരനുഭൂതിയായിരുന്നു അത്. ഇതൊന്നും ഞാൻ മുൻകൂട്ടി വിചാരിച്ചു ചെയ്തതല്ല. സംഭവിച്ചതാണ്. പൂർവനിശ്ചിതമാണോ എന്നറിയില്ല. തുടർന്ന് ഞാൻ ക്ഷേത്രത്തിനകത്തു കടന്ന് തൊഴുതു, പ്രദക്ഷിണം വെച്ചു. ഒരിക്കലും ഞാൻ ഒരവിശ്വാസിയല്ല. സാമീപ്യം ഉണ്ടായിട്ടില്ലാത്തതുകൊണ്ട് ദൈവമുണ്ട് എന്നു ഞാൻ വിശ്വസിക്കുന്നില്ല. പക്ഷേ, ദൈവത്തെ നിഷേധിക്കാറുമില്ല. *പ്രപഞ്ചസംവിധാനത്തിന്റെ ഊടിനും പാവിനുമിടയിൽ ഊർജമായി* ഏതോ ഒരു ശക്തിയുണ്ട് എന്നു വിശ്വസിക്കുന്നുണ്ട്. മൂകാംബികാക്ഷേത്രത്തിൽ ഒരു തൂവൽപോലെ ഘനരഹിതനായി പ്രദക്ഷിണം വെക്കുമ്പോഴാണ് എനിക്കതു പൂർണമായും ബോധ്യമായത്.

ഉച്ചയോടുകൂടി ഞാൻ അഡിഗയുടെ വീട്ടിൽ തിരിച്ചെത്തി. ഊണു വിളമ്പുമ്പോൾ അദ്ദേഹം ചോദിച്ചു.

'അബ്ദുള്ളാവ് ഇന്നു പോകുന്നുണ്ടോ?'

'ഇല്ല' ഞാൻ പറഞ്ഞു.

'നന്നായി. ദീപാരാധന ദർശിച്ചു പോകൂ.'

ഉച്ചയ്ക്കു ഞാൻ ക്ഷേത്രവഴികളിലലഞ്ഞു. സൗപർണികയുടെ തീരത്തു ചെന്നിരുന്നു. വൈകുന്നേരം ആ ഔഷധനദിയിൽ ആവോളം കുളിച്ചു. തണുത്ത ശരീരത്തോടെ വന്ന് ആരതികൾ തിളങ്ങുന്ന പൂജ കണ്ടു. വെട്ടിത്തിളങ്ങുന്ന ശ്രീകോവിൽ. ഞാൻ ഒരിക്കൽക്കൂടി കുട്ടിക്കാലത്തെ ദേവീദർശനം ഓർത്തു. പക്ഷേ ഇപ്പോൾ എനിക്കു ഭയമേ ഇല്ല. കത്തുന്ന ഗോളങ്ങളല്ല ആ കണ്ണുകൾ. മറിച്ച് സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും നദിയാണ്. മകൻ അമ്മയോടു ചേർന്നുനില്ക്കുന്നതുപോലെയാണ് ഞാൻ നിന്നത്. എന്റെ എല്ലാ ദുഃഖങ്ങളും ആശങ്കകളും അലിഞ്ഞില്ലാതായിരിക്കുന്നു. ഹൃദയം സൗപർണികപോലെ സ്വച്ഛമായൊഴുകുന്നു.

അന്നു രാത്രി അതുവരെ അനുഭവിച്ചിട്ടില്ലാത്ത മനസ്സമാധാനത്തോടെ ഞാൻ ഉറങ്ങി. അതിശാന്തവും ഗാഢവുമായ നിദ്ര.

പിന്നീട് ഞാൻ പല തവണ മൂകാംബികയിൽ പോയി. പക്ഷേ ആദ്യത്തെ ഏകാന്തയാത്രയുടെ ആനന്ദം ആ സഞ്ചാരങ്ങളിലൊരിക്കലും കിട്ടിയിട്ടില്ല.

എഴുത്തുകാരൻ ശത്രുഘ്‌നനോടൊത്താണ് പ്രധാനപ്പെട്ട ഒരു യാത്രയുണ്ടായത്. മൂകാംബികയിലും കുടജാദ്രിയിലും ഞങ്ങൾ അന്നു പോയി. എനിക്കെന്തുകൊണ്ടോ കുടജാദ്രിയുടെ കനപ്പെട്ട ഏകാന്തതയെക്കാൾ ഇഷ്ടപ്പെട്ടത് മൂകാംബികാ പരിസരത്തെ ആളനക്കങ്ങളും നാമജപങ്ങളും ചേർന്ന ചുറ്റുപാടായിരുന്നു.

അന്ന് പനിനീർപോലെ പരിശുദ്ധമായ സൗപർണികയിൽ കുളിച്ച് തൊട്ടടുത്ത ചായക്കടയിൽ ദോശ കഴിച്ചിരുന്ന ഞങ്ങളെ കടന്ന് ഒരു സംഘം യുവാക്കൾ പോയി. അതിൽ ഒരാൾ എന്നോടു ചോദിച്ചു

പുനത്തിൽ കുഞ്ഞബ്ദുള്ളയാണോ?

അതെ ഞാൻ പറഞ്ഞു.

കൂടുതലൊന്നും ചോദിക്കാതെ അവർ നടന്നകന്നു. എനിക്കെന്തോ ഉള്ളിൽ ഒരു ഭയം തുടങ്ങി. എന്തിനാണവർ അങ്ങനെയൊരു ചോദ്യം മാത്രം ചോദിച്ചു പോയത്? വല്ല ഹിന്ദുവർഗീയവാദികളോ മറ്റോ ആണോ? എന്നെ ക്ഷേത്രത്തിൽ കയറാൻ അവർ അനുവദിക്കില്ലേ? അങ്ങനെ നിരവധി ചോദ്യങ്ങൾ. ശത്രുവിനോട് ഞാൻ ഇതൊന്ന് ഗൗരവമായെടുത്ത് അന്വേഷിക്കാൻ പറഞ്ഞു.

എനിക്കു പറ്റില്ല പെട്ടെന്നായിരുന്നു മറുപടി. ശത്രു എന്താണങ്ങനെ പറഞ്ഞുകളഞ്ഞത് എന്ന് എനിക്കിപ്പോഴും അറിയില്ല.

ആകുലനായി നടയിലേക്കു നടക്കുമ്പോൾ മറ്റൊരു ചെറുപ്പക്കാരനെ കണ്ടു. വന്നു പരിചയപ്പെട്ടു. പയ്യന്നൂർക്കാരനാണ്. ആദ്യമായിട്ടാണോ മൂകാംബികയിൽ എന്നു ചോദിച്ചു. അല്ലെന്നു പറഞ്ഞപ്പോൾ അയാൾക്ക് അദ്ഭുതം. അയാൾ ആദ്യതവണയാണ്.

പയ്യന്നൂരായിട്ടും എന്തേ ഇത്ര വൈകിയത് ഇവിടെയെത്താൻ?' ഞാൻ ചോദിച്ചു.

പൈസയില്ലായിരുന്നു സാർ. ദാരിദ്ര്യം അയാൾ പറഞ്ഞു. എനിക്കെന്തോ വല്ലാത്ത സങ്കടം തോന്നി.

എന്റെ കൂടെ ഒരു ചായ കുടിക്കുമോ? ഞാൻ ചോദിച്ചു. ഞങ്ങൾ ഒന്നിച്ച് ഒരു ചായ കുടിച്ചു. കുടിച്ചുകൊണ്ടിരിക്കുമ്പോൾ അയാൾ പറഞ്ഞു.

നേരത്തേ പോയ ആ സംഘത്തിന് സാറിനെക്കുറിച്ച് എന്തോ സംശയം കുടുങ്ങിയിട്ടുണ്ട്. കഴിയുന്നതും ക്ഷേത്രത്തിനകത്തോട്ടു കയറണ്ട.

എനിക്കു ദേഷ്യവും സങ്കടവും ഒന്നിച്ചു വന്നു. മൂഡു പോയി. പിരിയാൻ പോവുമ്പോഴാണ് അയാളുടെ കൈയിൽ മടക്കിപ്പിടിച്ച ഒരു പുസ്തകം

ഞാൻ കണ്ടത്. എം.ടി. വാസുദേവൻ നായരുടെ വാനപ്രസ്ഥം. ആ കഥ വായിച്ച് അതിൽപ്പറയുന്ന സ്ഥലങ്ങൾ അടിസ്ഥാനപ്പെടുത്തി ഒരു

മൂകാംബികാ മാപ്പ്' തയ്യാറാക്കി അതിനനുസരിച്ചാണ് അയാളുടെ യാത്ര. ലോൺലി പ്ലാനറ്റ് തുറന്നുപിടിച്ച് വിദേശികൾ യാത്ര ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഈ യുവാവിന്റെ ലോൺലി പ്ലാനറ്റ് വാനപ്രസ്ഥമാണ്. എന്റെ മനസ്സിൽ എം.ടിയോടുള്ള ആദരവ് പതിന്മടങ്ങായി. മലയാളത്തിലെ ഏറ്റവും സുകൃതം ചെയ്ത എഴുത്തുകാരനാണ് അദ്ദേഹം തീർച്ച.

യുവാവിന്റെ നിർദേശത്തിനനുസരിച്ച് ഞാൻ ക്ഷേത്രത്തിനകത്തേക്കു കടന്നില്ല. ശത്രുവിനോടു പോയിവരാൻ പറഞ്ഞ് പുറത്തിരുന്നു. മനസ്സു നിറയെ സങ്കടമായിരുന്നു. അങ്ങനെയിരിക്കുമ്പോൾ നേരത്തേ കണ്ട സംഘം അവിടേക്കു വന്നു. അവർ ക്ഷേത്രത്തിനകത്തുനിന്നാണ് വന്നത്.

സാറെന്താ ഇവിടെ ഇരിക്കുന്നത്? ഒരാൾ ചോദിച്ചു.

ഒന്നുമില്ല ഞാൻ പറഞ്ഞു.

ദീപാരാധന കാണേണ്ടേ?

വേണ്ട ഞാൻ സങ്കടത്തോടെ പറഞ്ഞു.

നിങ്ങളില്ലെങ്കിൽ ഞങ്ങളുമില്ല. പെട്ടെന്നായിരുന്നു അവരുടെ മറുപടി.

അവർ എന്നോടൊപ്പം അവിടെ ഇരുന്നു. അതിൽ ഒരു സത്യസന്ധതയുണ്ട് എന്നു തോന്നിയപ്പോൾ ഞാൻ എഴുന്നേറ്റ് അവരോടൊപ്പം ക്ഷേത്രത്തിനകത്തേക്കു നടന്നു. അപ്പോഴും എന്റെ മനസ്സിൽ സംശയങ്ങൾ നീങ്ങിയിട്ടില്ലായിരുന്നു. ഇതൊരു സമർഥമായ ചതിയാണോ എന്ന് മനസ്സു പിടച്ചുകൊണ്ട് ചോദിച്ചുകൊണ്ടേയിരുന്നു. പക്ഷേ ആ യുവാക്കൾ നല്ലവരും ആത്മാർഥതയുള്ളവരുമായിരുന്നു. എന്റെ മനസ്സിലാണ് കളങ്കങ്ങളും കാപട്യങ്ങളുമുള്ളത് എന്നെനിക്കു തോന്നി. അത് ഈ സംഭവത്തിലൂടെ അമ്മ കാണിച്ചു തന്നതാണോ? ആണെന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം.

മൂകാംബികയിലെ പ്രശാന്തതപോലൊന്ന് മറ്റൊരിടത്ത് ഞാൻ അനുഭവിച്ചിട്ടില്ല. ഇടിവെട്ടിനു മുൻപുള്ള നിശ്ശബ്ദതയായിട്ടാണ് എനിക്കതു തോന്നിയിട്ടുള്ളത്. ആ നിശ്ശബ്ദതയിൽ ഓരോ തവണയും മുങ്ങിനിവരുമ്പോൾ എന്റെ മനസ്സ് പ്രകാശവർഷങ്ങൾ മുന്നോട്ടു കുതിക്കുന്നു. അതിലെ നരകളും ദുഃഖത്തിന്റെ പാടുകളും മാഞ്ഞ് സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മഴവില്ലുദിക്കുന്നു. പൊൻനാണ്യം പോലെ വാക്കുകൾ പിറക്കുന്നു.