മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്തതിനുശേഷമുള്ള തിരക്കുകളിലാണ് നടൻ വിജയ്. കഴിഞ്ഞദിവസമായിരുന്നു അദ്ദേഹത്തിന്റെ 52-ാം പിറന്നാൾ. ഈയവസരത്തിൽ അദ്ദേഹത്തേക്കുറിച്ച് അമ്മ ശോഭ ചന്ദ്രശേഖർ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം വിജയ് ആദ്യം തന്റെ പിതാവും പ്രശസ്ത സംവിധായകനുമായ എസ്.എ. ചന്ദ്രശേഖറിനോട് ചോദിച്ച  ചോദ്യത്തേക്കുറിച്ചായിരുന്നു ശോഭയുടെ വാക്കുകൾ.

To advertise here,

സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം നടന്ന വികാരാധീനമായ കുടുംബ മുഹൂർത്തത്തെക്കുറിച്ച് വിജയിന്റെ അമ്മ ശോഭ ചന്ദ്രശേഖർ തന്തി ടിവിയോടാണ് വെളിപ്പെടുത്തിയത്. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം വിജയ് ആദ്യം തന്റെ പിതാവും പ്രശസ്ത സംവിധായകനുമായ എസ്.എ. ചന്ദ്രശേഖറിനോട് ചോദിച്ചത്, "ഞാൻ അച്ഛന്റെ സ്വപ്നം പൂർത്തിയാക്കിയോ?" എന്നായിരുന്നു. മകന്റെ ഈ ചോദ്യത്തിന് മറുപടിയായി അദ്ദേഹം മൗനമായി തലയാട്ടുകയാണുണ്ടായത്. തന്റെ മകനായ വിജയ് ഈ ഉന്നത പദവിയിൽ എത്തുന്നത് കാണാൻ അദ്ദേഹം കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി സ്വപ്നം കാണുകയായിരുന്നുവെന്ന് ശോഭ ഓർമിച്ചു.

വിജയിന്റെ രാഷ്ട്രീയത്തിലേക്കുള്ള പാത വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെന്ന് ശോഭ പറഞ്ഞു. 2009-ൽ 'വിജയ് മക്കൾ ഇയക്കം' രൂപീകരിച്ച കാലം മുതൽക്കേ എസ്.എ. ചന്ദ്രശേഖർ തന്റെ മകന്റെ രാഷ്ട്രീയ ഭാവി മുന്നിൽ കണ്ടിരുന്നു. സിനിമാ രംഗത്തുനിന്ന് രാഷ്ട്രീയത്തിലേക്ക് വന്ന് പരാജയപ്പെട്ടവരുടെ ചരിത്രമുള്ളതിനാൽ, വിജയ് ഇത്തരമൊരു തീരുമാനം എടുത്തപ്പോൾ ആദ്യം കുടുംബത്തിന് വലിയ ആശങ്കയുണ്ടായിരുന്നു. എന്നാൽ, തമിഴ്നാട്ടിലുടനീളമുള്ള വിജയിന്റെ ആരാധകരുടെ പിന്തുണ കണ്ടപ്പോൾ അദ്ദേഹത്തിന് വിജയിക്കാൻ കഴിയുമെന്ന് തങ്ങൾക്ക് ആത്മവിശ്വാസം ലഭിച്ചതായി ശോഭ പറഞ്ഞു.

വിജയ് രാഷ്ട്രീയ പ്രവേശം നടത്തിയശേഷം നേരിട്ട വിമർശനങ്ങളെക്കുറിച്ചും അവർ സംസാരിച്ചു. തന്റെ കരിയറിന്റെ തുടക്കത്തിൽ സിനിമയിൽ നേരിടേണ്ടി വന്നതിന് സമാനമായ കടുത്ത വിമർശനങ്ങളും പരിഹാസങ്ങളും രാഷ്ട്രീയ പ്രവേശന സമയത്തും വിജയ് നേരിട്ടിരുന്നു. രാഷ്ട്രീയ യാത്രക്കിടയിൽ 2020-ൽ കുടുംബത്തിലുണ്ടായ ചെറിയ പിണക്കങ്ങളെക്കുറിച്ചും ശോഭ അഭിമുഖത്തിൽ പരാമർശിച്ചു. "വിമർശനം കാണുമ്പോൾ ഞങ്ങളുടെ കുടുംബത്തിന് വിഷമം തോന്നി. ഇത് സിനിമയിലേക്ക് വന്നപ്പോൾ സംഭവിച്ചതിന് സമാനമായിരുന്നു. എന്നാൽ വിജയ് തന്റെ യാത്രയുടെ എല്ലാ ഘട്ടങ്ങളിലും നിശബ്ദത പാലിച്ചു. എല്ലാം പോസിറ്റീവായി സ്വീകരിച്ചു, അതാണ് ഒടുവിൽ വിജയത്തിലേക്ക് നയിച്ചത്." അവർ പറഞ്ഞു.

അഭിനയമാണോ രാഷ്ട്രീയമാണോ തന്റെ വഴിയെന്ന കാര്യത്തിൽ വിജയിന് തുടക്കം മുതൽക്കേ കൃത്യമായ ബോധ്യമുണ്ടായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. "വിജയ്ക്ക് എല്ലാക്കാര്യത്തിലും വളരെ വ്യക്തതയുണ്ടായിരുന്നു. ഒരു സമയം ഒരു മേഖലയിൽ മാത്രമാണ് ശ്രദ്ധ. ഒന്നുകിൽ അഭിനയം അല്ലെങ്കിൽ രാഷ്ട്രീയം." ശോഭ കൂട്ടിച്ചേർത്തു.

വിജയ്‌യുടെ രാഷ്ട്രീയ യാത്ര

തമിഴക വെട്രി കഴകം (ടിവികെ) എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ചുകൊണ്ട് 2024 ഫെബ്രുവരിയിലാണ് വിജയ് തന്റെ രാഷ്ട്രീയ പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കേന്ദ്ര-സംസ്ഥാന പാർട്ടികളുമായി സഖ്യമില്ലാതെ ഒറ്റയ്ക്ക് മത്സരിച്ച ടിവികെ, 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി വൻ മുന്നേറ്റം നടത്തി. മെയ് 4-ന് നടന്ന വോട്ടെണ്ണലിലൂടെയാണ് വിജയിന്റെ നേതൃത്വത്തിലുള്ള പാർട്ടി സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഉറപ്പാക്കിയത്. ഇതോടെ എൻ.ടി. രാമറാവു, എം.ജി. ആർ, ജെ. ജയലളിത തുടങ്ങിയ ഇതിഹാസ താരങ്ങളുടെ രാഷ്ട്രീയ പിൻഗാമിയായും വിജയ് മാറി.

ഈ തിരഞ്ഞെടുപ്പിൽ വിജയ് രണ്ട് മണ്ഡലങ്ങളിൽ നിന്നാണ് ജനവിധി തേടിയത്. ചെന്നൈയിലെ പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളിലും അദ്ദേഹം തിളക്കമാർന്ന വിജയം കരസ്ഥമാക്കി. പെരമ്പൂരിൽ 1,19,454 വോട്ടുകൾ നേടിയ അദ്ദേഹം 53,532 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. തിരുച്ചിറപ്പള്ളി ഈസ്റ്റിലും വലിയ വിജയം നേടിയെങ്കിലും, മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം അദ്ദേഹം ആ സീറ്റ് രാജിവെക്കുകയും പെരമ്പൂർ മണ്ഡലത്തിലെ എം.എൽ.എ ആയി തുടരാൻ തീരുമാനിക്കുകയും ചെയ്തു.