നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്ക്ക് ഇന്ന് 52-ാം പിറന്നാൾ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏവരേയും അമ്പരപ്പിച്ചുകൊണ്ടാണ് അദ്ദേഹവും ടിവികെയും അധികാരത്തിലെത്തിയത്. മുഖ്യമന്ത്രിയെന്ന നിലയിലുള്ള തിരക്കുകൾക്കിടയിലാണ് അദ്ദേഹത്തിന് ഈ ജന്മദിനം എത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസനും വിജയ്ക്ക് ജന്മദിനാശംസകൾ നേർന്നു.

To advertise here,

തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് പിറന്നാളാശംസകൾ നേരുന്നുവെന്ന് നരേന്ദ്ര മോദി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. അദ്ദേഹത്തിന് ദീർഘായുസ് നേരുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

തമിഴ്നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം പ്രസിഡന്റും സർവോപരി തന്റെ സഹോദരനുമായ വിജയ്ക്ക് പിറന്നാളാശംസകൾ നേരുന്നുവെന്ന് കമൽഹാസൻ എക്സിൽ പോസ്റ്റ് ചെയ്തു. ജനലക്ഷങ്ങളുടെ ഹൃദയം കവർന്നയാളാണ് വിജയ് എന്നും കമൽ കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയായി അധികാരമേറ്റതിനുശേഷമുള്ള വിജയ്‌യുടെ ആദ്യ ജന്മദിനം ആരാധകരും പാർട്ടിപ്രവർത്തകരും ആഘോഷമാക്കും. ടി.വി.കെ.യുടെ നേതൃത്വത്തിൽ ജില്ലകൾതോറും ക്ഷേത്രങ്ങളിൽ പ്രത്യേക വഴിപാടുകളും അന്നദാനവും സഹായവിതരണവും പൊതുസേവനപ്രവർത്തനങ്ങളുമാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. അതിരുകടന്ന ആഘോഷം ഒഴിവാക്കി സേവനങ്ങളിൽ വ്യാപൃതരാവാനാണ് വിജയ് അണികൾക്ക് നിർദേശം നൽകിയിട്ടുള്ളത്. നിയമസഭാസമ്മേളനം നടക്കുന്നതിനാൽ പുതിയ പ്രഖ്യാപനങ്ങൾ നടത്താനും സാധ്യതയുണ്ട്.

സിനിമയിൽ സജീവമായി നിൽക്കുമ്പോഴാണ് 2024 ഫെബ്രുവരി രണ്ടിന് തമിഴക വെട്രി കഴകം (ടി.വി.കെ.) പാർട്ടിയുമായി വിജയ് രാഷ്ട്രീയത്തിലെത്തുന്നത്. ചുരുങ്ങിയ സമയത്തിനകം ടി.വി.കെ. സംസ്ഥാന രാഷ്ട്രീയത്തെ മാറ്റിമറിച്ചു. പാർട്ടി രൂപവത്കരിച്ച് രണ്ടുവർഷത്തിനുള്ളിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ തനിച്ചുമത്സരിച്ച് വൻവിജയം നേടി. മേയ് പത്തിനാണ് വിജയ് മുഖ്യമന്ത്രിയായി അധികാരമേറ്റത്.