ദക്ഷിണേന്ത്യൻ ഭാഷാ ചിത്രങ്ങളിൽനിന്ന് വിട്ടുനിൽക്കുന്നതിന്റെ കാരണം വ്യക്തമാക്കി നടി രാധിക ആപ്തേ. അഭിരുചികളിലെ വ്യത്യാസങ്ങളാണ് ഇതിന് കാരണമെന്ന് അവർ വ്യക്തമാക്കി. ദക്ഷിണേന്ത്യൻ സിനിമകളിൽ ഉത്തരേന്ത്യയിൽനിന്നുള്ള നടിമാരെ അഭിനയിപ്പിക്കുന്നതിന് കാരണം അവർക്ക് കൂടുതൽ  നിറമുള്ളതുകൊണ്ടാകാമെന്ന് രാധിക ആപ്തേ അഭിപ്രായപ്പെട്ടു. തനിക്ക് അത്ര വെളുത്ത നിറമല്ല. ഈ പ്രവണതയെ താൻ പ്രോത്സാഹിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും നടി വ്യക്തമാക്കി. അക്ക എന്ന പുതിയ നെറ്റ്ഫ്ലിക്സ് പരമ്പരയുടെ പ്രചാരണത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അവർ.

To advertise here,

"ഞാൻ പറയുന്നത് തെറ്റാകാം, പക്ഷേ എന്റെ കാഴ്ചപ്പാടിൽ സൗത്ത് സിനിമകളിൽ ഉത്തരേന്ത്യൻ നടിമാരെ കാസ്റ്റ് ചെയ്തിരുന്നത് അവർക്ക് കൂടുതൽ നിറമുള്ളതുകൊണ്ടാണ്. എനിക്ക് വെളുത്ത നിറമല്ല. സൗത്ത് ഇന്ത്യൻ സിനിമകളിൽ എന്തുകൊണ്ട് സൗത്ത് ഇന്ത്യൻ നടിമാരെ കാസ്റ്റ് ചെയ്യാതെ ഉത്തരേന്ത്യൻ നടിമാരെ കൊണ്ടുവരുന്നു എന്നാലോചിച്ച് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. ഇവിടെ അവർക്ക് വിദേശികളെയാണ് വേണ്ടത്. നമുക്ക് ആ ഒരു പ്രവണതയുണ്ട്." രാധിക പറഞ്ഞു.

"ഞാൻ അതിനെ പ്രോത്സാഹിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. ദക്ഷിണേന്ത്യയിലെ സ്ത്രീകൾ സുന്ദരിമാരും പ്രതിഭാശാലികളും അതിശയകരമായ കഴിവുള്ളവരുമാണ്. അവർക്ക് ഭാഷ വളരെ നന്നായി അറിയാം. അവർ മികച്ച പ്രകടനം കാഴ്ചവെക്കുന്നവരാണ്. ആ ഭാഷയിൽ ഒരു വാക്ക് പോലും സംസാരിക്കാൻ അറിയാത്തവരും മറ്റുള്ളവരാൽ ഡബ്ബ് ചെയ്യിക്കുന്നവരുമായ ബോംബെയിൽ നിന്നുള്ള ആളുകൾ വരുന്നതിനേക്കാൾ നല്ലത്, സൗത്ത് സിനിമകളിൽ അവിടത്തെ നടിമാരെ കാസ്റ്റ് ചെയ്യുന്നതാണ് എന്ന് ഞാൻ കരുതുന്നു. ചില പ്രത്യേക കാരണങ്ങളാൽ ഒരു പ്രത്യേക നടി തന്നെ ചെയ്യേണ്ട ഒരു വേഷമാണെങ്കിൽ എനിക്ക് മനസ്സിലാകാം. പക്ഷേ, ഭാഷയും എനിക്ക് വലിയൊരു തടസ്സമായി മാറി." രാധിക വിശദീകരിച്ചു.

"എനിക്ക് ഏതുഭാഷയിലും അഭിനയിക്കാൻ കഴിയുമെന്ന് ഞാൻ കരുതി. ഞാൻ ഏഴ് വ്യത്യസ്ത ഭാഷകളിൽ സിനിമകൾ ചെയ്തു. നിങ്ങൾ സ്വന്തം ഡയലോഗുകൾ ഓർത്തുവെക്കുക മാത്രമല്ല വേണ്ടത്. നിങ്ങൾ ഡയലോഗുകൾ മറന്നുപോവുകയും ആ സാഹചര്യത്തിനനുസരിച്ച് എന്തെങ്കിലും അഭിനയിക്കാൻ ആഗ്രഹിക്കുകയും ചെയ്യുമ്പോൾ, നിങ്ങൾക്ക് ആദ്യം ആ ഭാഷ അറിഞ്ഞിരിക്കണം. എനിക്ക് ആ ഭാഷകൾ സംസാരിക്കാൻ അറിയാത്തതിനാൽ, ആ സിനിമകളോട് നീതി പുലർത്താൻ എനിക്ക് കഴിയില്ലെന്ന് ഞാൻ മനസ്സിലാക്കി." രാധിക ആപ്തേ കൂട്ടിച്ചേർത്തു.

Also Read: ദേഹത്ത് ആവശ്യത്തിലേറെ പാഡ് കെട്ടാൻ നിർബന്ധിച്ചു, തെന്നിന്ത്യൻ സിനിമകൾ ചെയ്തത് പണത്തിന് -രാധിക ആപ്തേ

വർഷങ്ങൾക്ക് മുമ്പ് രാധിക തെലുങ്ക് സിനിമയെ 'വ്യക്തമായ പുരുഷാധിപത്യമുള്ളതും പുരുഷന്മാർക്ക് മുൻഗണന നൽകുന്നതുമായ' ഒന്നെന്നാണ് വിശേഷിപ്പിച്ചത്. തനിക്ക് അവിടെ ഒരു അന്യവനിതയെപ്പോലെയാണ് തോന്നിയതെന്നും അവർ പറഞ്ഞു. സ്ത്രീ കഥാപാത്രങ്ങളെ ചിത്രീകരിച്ച രീതിയെയും അവർ വിമർശിച്ചു. അവരുടെ വേഷങ്ങൾ പലപ്പോഴും 'എന്റെ പുരുഷനാണ് ദൈവം' എന്ന ആശയത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് അവർ വ്യക്തമാക്കി. തന്നെ പിന്തുണയ്ക്കാൻ വനിതാ സഹപ്രവർത്തകരോ മാനേജരോ ഏജന്റോ ഉണ്ടായിരുന്നില്ലെന്നും സെറ്റിൽ സ്ത്രീകളെക്കുറിച്ച് അശ്ലീല തമാശകൾ പറയുന്നതു ഓർമ്മയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

തെലുങ്ക്-ഹിന്ദി ചിത്രമായ 'രക്തചരിത്ര'യിലൂടെയാണ് രാധികാ ആപ്തെ ദക്ഷിണേന്ത്യൻ സിനിമയിലേക്ക് കടന്നുവന്നത്. തുടർന്ന് വെട്രിശെൽവൻ, കബാലി, ലയൺ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. മലയാളത്തിൽ ഫഹദ് ഫാസിലിനൊപ്പം ഹരം എന്ന ചിത്രത്തിലും രാധിക ആപ്തെ നായികയായിട്ടുണ്ട്. 'ചിത്തിരം പേസുതടി 2' ആണ് അവർ അഭിനയിച്ച അവസാന തെന്നിന്ത്യൻ ചിത്രം. ചിത്രീകരണം കഴിഞ്ഞ് ആറു വർഷങ്ങൾക്ക് ശേഷം 2019 ലാണ് അത് റിലീസ് ചെയ്തത്.