ബിഗ് ബജറ്റ് സിനിമയുടെ നിര്‍മ്മാണത്തിലും റിലീസിലും മാറ്റങ്ങള്‍ വരുത്തി തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍. ഉയര്‍ന്ന ബജറ്റിലുള്ള സിനിമകള്‍ ചെയ്യുമ്പോള്‍ ഇനി മുതല്‍ വരുമാനം പങ്കുവെക്കുന്ന രീതി പിന്തുടരുമെന്ന് ഞായറാഴ്ച നടന്ന പൊതുയോഗത്തിന് ശേഷം ടിഎഫ്പിസി അറിയിച്ചു. പുതിയ തീരുമാനമനുസരിച്ച് പ്രമുഖ നടന്മാരും സാങ്കേതിക പ്രവര്‍ത്തകരും നിര്‍മ്മാതാക്കളോടൊപ്പം ലാഭവും നഷ്ടവും പങ്കിടേണ്ടി വരും.
തിയേറ്റര്‍, ഒടിടി, സാറ്റലൈറ്റ് എന്നീ മേഖലകളില്‍ നിന്നുള്ള വരുമാനം കുറയുന്നതിലുള്ള ആശങ്കകള്‍ക്കിടയിലാണ് ഈ തീരുമാനം. തിയേറ്റര്‍ വരുമാനം സംരക്ഷിക്കുക, തമിഴ് സിനിമയിലെ മാറിക്കൊണ്ടിരിക്കുന്ന താല്‍പര്യങ്ങളുമായി പൊരുത്തപ്പെടുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ടിഎഫ്പിസിയുടെ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ഭാഗമായി സിനിമകള്‍ ഒടിടിയില്‍ ഇറക്കുന്നതിനും വ്യവസ്ഥകളുണ്ട്. രജനികാന്ത്, കമല്‍ഹാസന്‍, വിജയ് തുടങ്ങിയ പ്രമുഖ താരങ്ങള്‍ അഭിനയിക്കുന്ന സിനിമകള്‍ ഒടിടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്യുന്നതിന് മുമ്പ് എട്ടാഴ്ചത്തെ ഇടവേള പാലിക്കണമെന്ന് ടിഎഫ്പിസി നിര്‍ബന്ധമാക്കി. ഇടത്തരം ചെലവില്‍ ഒരുക്കിയ സിനിമകള്‍ ആറാഴ്ചയ്ക്ക് ശേഷവും ചെറിയ ബഡ്ജറ്റിലുള്ള സിനിമകള്‍ക്ക് നാലാഴ്ചയ്ക്ക് ശേഷവും ഒടിടിയില്‍ റിലീസ് ചെയ്യാം.
വര്‍ഷം തോറും പുറത്തിറങ്ങുന്ന 250 ഓളം ചെറുകിട-ഇടത്തരം സിനിമകള്‍ക്ക് തിയേറ്ററുകളില്‍ ശരിയായ പ്രദര്‍ശനസൗകര്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുവാന്‍ തിയേറ്റര്‍ ഉടമകളുടെയും വിതരണക്കാരുടെ സംഘടനയുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി ഒരു ഫിലിം റിലീസ് റെഗുലേഷന്‍ കമ്മിറ്റി രൂപം നല്‍കുവാനും നിര്‍ദേശമുണ്ട്. ചെറിയ സിനിമകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ടിഎഫ്പിസി പ്രസ്താവിച്ചു.
വെബ് കണ്ടന്റുകള്‍ അമിത പ്രാധാന്യം നല്‍കുന്നത് സിനിമകളോട് ആളുകള്‍ക്കുള്ള താല്‍പര്യം കുറയ്ക്കുന്നുണ്ടെന്നും അതിനാല്‍ ഡിജിറ്റല്‍ പ്രൊജക്ടിനേക്കാള്‍ സിനിമകള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് നടന്മാരോടും സംവിധായകരോടും സാങ്കേതിക പ്രവര്‍ത്തകരോടും കൗണ്‍സില്‍ അറിയിച്ചിട്ടുണ്ട്. ഈ പ്രമേയം ലംഘിക്കുന്നവര്‍ക്ക് കൗണ്‍സിലിന്റെ ഭാഗത്തുനിന്നുള്ള സഹകരണം ഉണ്ടാവില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. സിനിമാനിരൂപണം എന്ന പേരില്‍ അതിരുകടക്കുന്ന യൂട്യൂബ് ചാനലുകള്‍ക്ക് നേരെ ആവശ്യമായ നിയമനടപടികള്‍ എടുക്കാനും യോഗത്തില്‍ തീരുമാനമുണ്ട്.
ഇനിമുതല്‍ അവാര്‍ഡ് ദാന ചടങ്ങുകളോ സംഗീത പരിപാടികളോ നടത്താന്‍ ഉദ്ദേശിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ ടിഎഫ്പിസിയുടെയും സൗത്ത് ഇന്ത്യന്‍ ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷന്റെയും മുന്‍കൂര്‍ അനുമതി വാങ്ങണം. അനുമതി നേടാതെ നടത്തുന്ന പരിപാടികള്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും കൗണ്‍സില്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ സ്ഥലങ്ങളിലെ ഷൂട്ടിംഗിനായി കാര്യക്ഷമമാക്കിയ ഏകജാലക അനുമതി സംവിധാനം, കുറഞ്ഞ പ്രാദേശിക സേവന നികുതി, സിനിമാ വ്യവസായത്തിലെ തൊഴിലാളികള്‍ക്ക് താമസിക്കാന്‍ ഭൂമി അനുവദിക്കല്‍ തുടങ്ങിയ ഇളവുകള്‍ക്ക് ടിഎഫ്പിസി തമിഴ്നാട് സര്‍ക്കാരിനോട് നന്ദി രേഖപ്പെടുത്തി.
Content Highlights: Tamil Producers Council mandates revenue sharing for big-budget films. New rules to protect theatre revenue and adapt to changing industry trends.
Published: 10 Nov 2025, 12:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented