പഞ്ചാബി ഗായകനും നടനുമായ ദിൽജിത് ദോസാഞ്ജിന് ഖലിസ്ഥാൻ തീവ്രവാദികളിൽനിന്ന് വീണ്ടും ഭീഷണി. യുഎസ് ആസ്ഥാനമായുള്ള ഖലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന്, പെർത്തിലെ ദിൽജിത്തിന്റെ സംഗീത പരിപാടിയിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ ഉയർന്നതായി റിപ്പോർട്ടുണ്ടായിരുന്നു. ഇതിനുപിന്നാലെ ന്യൂസിലൻഡിലെ ഓക്ക്‌ലൻഡിൽ നടക്കാനിരിക്കുന്ന ദിൽജിത്തിന്റെ സംഗീതപരിപാടി തടസ്സപ്പെടുത്തുമെന്ന് ഖലിസ്ഥാൻ അനുകൂലികൾ ഭീഷണിപ്പെടുത്തിയിരിക്കുകയാണ്.

To advertise here,

അമിതാഭ് ബച്ചൻ അവതാരകനായ കോൻ ബനേഗാ ക്രോർപതി 17-ൽ പങ്കെടുക്കുമ്പോൾ ദിൽജിത് അദ്ദേഹത്തിന്റെ കാൽതൊട്ട് വണങ്ങിയിരുന്നു. ഇതിനുശേഷമാണ് ഗായകനെതിരെ തുടർച്ചയായ ഭീഷണികൾ വരാൻ തുടങ്ങിയത്. നിരോധിക്കപ്പെട്ട ഖാലിസ്ഥാൻ ഗ്രൂപ്പായ സിഖ്‌സ് ഫോർ ജസ്റ്റിസ് (SFJ) ദിൽജിത്തിനെതിരെ ഭീഷണികൾ ഉയർത്തുകയായിരുന്നു. യുഎസ് ആസ്ഥാനമായുള്ള ഖലിസ്ഥാൻ തീവ്രവാദിയായ ഗുർപത്വന്ത് സിംഗ് പന്നൂൺ ഒരു വീഡിയോ സന്ദേശം പുറത്തിറക്കിയിരുന്നു. അമിതാഭ് ബച്ചൻ 1984-ലെ അക്രമങ്ങൾക്കിടെ "ആൾക്കൂട്ടത്തെ പ്രകോപിപ്പിച്ചു" എന്ന് അവർ ആരോപിക്കുന്നു. അമിതാഭ് ബച്ചന്റെ കാൽതൊട്ട് വന്ദിച്ചതിലൂടെ 1984-ലെ സിഖ് വംശഹത്യയുടെ ഇരകളെയും വിധവകളെയും അനാഥരെയും ദിൽജിത് അപമാനിച്ചു എന്നാണ് എസ്എഫ്‌ജെ ആരോപിച്ചത്.

പന്നൂണിന്റെ ഭീഷണിക്ക് ശേഷം, ഓസ്‌ട്രേലിയയിലെ പെർത്തിൽ നടന്ന ദിൽജിത്തിന്റെ കച്ചേരിയിൽ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഓസ്‌ട്രേലിയയിൽ നേരിട്ട ഭീഷണികൾക്ക് പിന്നാലെയാണ്, ന്യൂസിലൻഡിലെ ഓക്ക്‌ലൻഡിൽ നടക്കാനിരിക്കുന്ന ഷോ തടസ്സപ്പെടുത്തുമെന്ന് ഖലിസ്ഥാൻ അനുകൂലികൾ ഇപ്പോൾ ഭീഷണിപ്പെടുത്തിയിരിക്കുന്നത്.

അതേസമയം ഈ ഭീഷണികളെക്കുറിച്ച് നേരിട്ട് പ്രതികരിക്കാതെ ദിൽജിത് തന്റെ അന്താരാഷ്ട്ര പര്യടനം തുടരുകയാണുണ്ടായത്. ഈ വിവാദങ്ങൾക്കിടയിലും, തനിക്ക് പിന്തുണ നൽകിയ അഡ്‌ലെയ്‌ഡിലെ പ്രേക്ഷകർക്ക് അദ്ദേഹം നന്ദി പറഞ്ഞു. സമ്മർദ്ദമില്ലാതെയിരിക്കാനും, ഏത് സാഹചര്യത്തിലും സ്വന്തം പ്രവർത്തനങ്ങളിൽ നിയന്ത്രണം നിലനിർത്താനും അദ്ദേഹം ആ പോസ്റ്റിൽ ആവശ്യപ്പെട്ടു.
'കെബിസി 17'-ൽ പങ്കെടുത്തത് സിനിമയുടെ പ്രൊമോഷന് വേണ്ടിയായിരുന്നില്ലെന്നും, മറിച്ച് പഞ്ചാബിലെ വെള്ളപ്പൊക്ക ദുരിതബാധിതർക്ക് വേണ്ടി പണം സമാഹരിക്കാനും അവബോധം നൽകാനും വേണ്ടിയായിരുന്നെന്നും ദിൽജിത് നേരത്തെ വ്യക്തമാക്കിയിരുന്നു.