കഴിഞ്ഞ ദിവസം അന്തരിച്ച ഛായാഗ്രാഹകൻ ഷാജികുമാറിന്റെ അന്ത്യയാത്രയെക്കുറിച്ച് വൈകാരിക കുറിപ്പ് പങ്കുവെച്ച് മുതിർന്ന പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ. ഐ.സി.യുവിൽ കിടക്കുന്ന ഷാജികുമാറിനെ കണ്ടപ്പോൾ കൊച്ചുകുഞ്ഞ് തൊട്ടിലിൽ കിടക്കുന്നതുപോലെയാണ് തനിക്ക് തോന്നിയതെന്ന് സിദ്ധു പനയ്ക്കൽ ഫെയ്‌സ്ബുക്കിൽ കുറിച്ചു. 'ഒറ്റക്കൊമ്പൻ' പൂർണമായി തനിക്ക് തന്നെ ഷൂട്ട് ചെയ്യണമെന്ന് ഷാജിക്ക് നിർബന്ധമുണ്ടായിരുന്നു. മൃതദേഹം പൊതുദർശനത്തിന് വെച്ച കലൂരിലെ ഗോകുലം കൺവെൻഷൻ സെന്ററിൽ ഷാജിയെ കാണാനെത്തിയ മോഹൻലാലിന്റെ കണ്ണ് നനഞ്ഞിരുന്നുവെന്നും സിദ്ധു കുറിച്ചു.

To advertise here,

ഷാജികുമാറിന്റെ പുറത്തിറങ്ങാനിരിക്കുന്ന 'ഒറ്റക്കൊമ്പനി'ൽ സിദ്ധു പനയ്ക്കലാണ് പ്രൊഡക്ഷൻ കൺട്രോളർ. 'അത്ഭുതദ്വീപ്', 'നരൻ', 'ബാബാ കല്യാണി', 'മോഹൻലാൽ', 'ഇട്ടിമാണി മെയ്ഡ് ഇൻ ചൈന' എന്നീ സിനിമകളിലും ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്.

സിദ്ധു പനയ്ക്കലിന്റെ കുറിപ്പിന്റെ പൂർണരൂപം:

ഒരു കൊച്ചുകുഞ്ഞ് തൊട്ടിലിൽ കിടക്കുന്നതുപോലെയാണ് എനിക്ക് തോന്നിയത്. തുടുത്ത കവിളുകൾ, തിളങ്ങുന്ന കണ്ണുകൾ, പാൽ പുഞ്ചിരി പോലെയുള്ള നനുത്ത ചിരിയോടെ എനിക്ക് കുഴപ്പമൊന്നുമില്ല എന്ന് വിരലിൽ പിടിച്ചൊരു അമർത്തലിലൂടെയുള്ള ഉറപ്പും. ഷാജിയെ അവസാനം സുരേഷേട്ടനോടും മാത്യൂസ് തോമസിനോടുമൊപ്പം ഐസിയുവിൽ കയറി കണ്ടപ്പോൾ ആണ് ഈ അനുഭവം.

അത്ഭുതദ്വീപ്, നരൻ, ബാബാ കല്യാണി, മോഹൻലാൽ, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, ഒറ്റക്കൊമ്പൻ തുടങ്ങിയ സിനിമകളാണ് ഞാൻ ഷാജിയോടൊപ്പം വർക്ക് ചെയ്തത്. തിരുവനന്തപുരത്ത് ഒറ്റക്കൊമ്പൻ സിനിമയുടെ ലൊക്കേഷൻ നോക്കാൻ ഒക്ടോബർ അവസാനം വന്ന് തിരിച്ചുപോകാൻ കാറിൽ കയറുമ്പോൾ ഡയറക്ടർ മാത്യൂസ് തോമസിനോടും, അസോസിയേറ്റുമാരായ വിനയനോടും, ദീപക്കിനോടും എന്നോടുമായി ഷാജി പറഞ്ഞു. 'അടുത്ത ആഴ്ച ദിലീപിന്റെ പുതിയ പടം തുടങ്ങും. നമ്മുടെ ഡേറ്റ് ആകുമ്പോൾ ഒരാഴ്ച മുമ്പ് അറിയിച്ചാൽ മതി. ദിലീപിന്റെ പടത്തിന് മറ്റൊരു ഡി.ഒ.പിയെ ഏർപ്പാടാക്കിയിട്ട് ഞാൻ വരും. ഈ പടം എനിക്കുതന്നെ ചെയ്തു തീർക്കണം'.

മാത്യൂസ് തോമസ് ഇന്നലെ മുഴുവൻ, ബോഡി ചിതയിലേക്ക് എടുക്കും വരെ ഷാജിയോടൊപ്പം തന്നെയായിരുന്നു. ഒപ്പം തന്നെ ദുഃഖം ഘനീഭവിച്ച മുഖത്തോടെ 'അതിമനോഹരം' എന്ന പടത്തിന്റെ സംവിധായകൻ തരുൺ മൂർത്തിയും. തന്റെ ആദ്യ സിനിമയ്ക്ക് ക്യാമറ ചലിപ്പിച്ച ഷാജിയേട്ടന്റെ ചലിക്കാത്ത ശരീരത്തിലേക്ക് നോക്കി നിൽക്കുകയായിരുന്നു മാത്യൂസ് തോമസ് എന്ന ഒറ്റക്കൊമ്പൻ ഡയറക്ടർ ഒരുപാട് നേരം.

'തുടരും' എന്ന സിനിമ അതിമനോഹരമായി ചിത്രീകരിച്ച ഷാജിയുമായുള്ള ചലച്ചിത്രയാത്ര 'അതിമനോഹര'ത്തിലും തുടർന്ന തരുൺ മൂർത്തി ഇനിയും ആ കോമ്പിനേഷൻ തുടരും എന്ന് കരുതിയിരിക്കുമ്പോഴാണ് വലിയ സംവിധായകൻ ഷാജിയുടെ യാത്രയ്ക്ക് കട്ടുപറഞ്ഞത്.

ലാലേട്ടൻ ഷാജിയെ കാണാൻ എത്തിയ മുഹൂർത്തം വികാരനിർഭരമായിരുന്നു. തന്റെ നിരവധി വിജയ ചിത്രങ്ങൾക്ക് ജീവൻ പകർന്ന ഷാജിയുടെ നിർജീവമായ ശരീരത്തിലേക്ക് നോക്കി നിന്നപ്പോൾ ആ കണ്ണുകളിൽ നനവ് പടർന്നിരുന്നു.

മന്ത്രിയുടെ ചുമതലകളും ഒരു എം.പി. എന്ന നിലയിലുള്ള ചുമതലകളും നിർവഹിക്കുന്നതിനിടയ്ക്ക് അപൂർവമായി കണ്ടെത്തുന്ന തന്റെ ഡേറ്റുകൾ പാഴായി പോകുന്നത് പോലും കണക്കാക്കാതെ 'ഒറ്റക്കൊമ്പൻ' ഷൂട്ടിങ് പ്ലാനിങ്ങിനിടയ്ക്ക് ഷാജിക്ക് ക്ലാഷ് വന്നപ്പോൾ, ഷാജി വന്നിട്ട് മതി ഷൂട്ടിങ് എന്ന് നിർബന്ധം പിടിച്ചു സുരേഷ് ഗോപി ചേട്ടൻ. താൻ തന്നെ ഈ സിനിമ ചെയ്യണം എന്ന് ഷാജിക്കും നിർബന്ധമായിരുന്നു.

അതിരാവിലത്തെ ഫ്‌ലൈറ്റിൽ ഡൽഹിയിൽ അതിപ്രധാനമായ ഒരു മീറ്റിങ്ങിനു പോകാനിരുന്ന സുരേഷേട്ടൻ യാത്ര ക്യാൻസൽ ചെയ്തു ഷാജിയെ കാണാൻ എത്തി. അർധരാത്രി മരണവിവരം അറിഞ്ഞപ്പോൾ, ഹോസ്പിറ്റൽ മുതൽ പിറ്റേന്ന് വൈകിട്ട് ഷാജി യാത്രയാകുന്നത് വരെ ആന്റണി പെരുമ്പാവൂരും ദിലീപും ഗോകുലം കൃഷ്ണമൂർത്തിയും ഒപ്പം ഉണ്ടായിരുന്നു. കാരണം അത്രമാത്രം എല്ലാവർക്കും പ്രിയപ്പെട്ട ആളായിരുന്നു ഷാജി. എല്ലാത്തിനും നേതൃത്വം കൊടുത്തുകൊണ്ട് സംഘടനാ നേതാവ് എന്ന നിലയിലും സുഹൃത്ത് എന്ന നിലയിലും ബി. ഉണ്ണികൃഷ്‌ണേട്ടനും ഒപ്പം നിന്നു.

ഒരിക്കലെങ്കിലും ഷാജിയുടെ സിനിമയാത്രയിൽ പങ്കെടുത്തിട്ടുള്ള താരങ്ങൾ എല്ലാവരും തന്നെ ഷാജിയുടെ അവസാന യാത്രയിലും പങ്കെടുത്തു. ടെക്‌നീഷ്യന്മാരുടെ ഒരു നീണ്ട നിര തന്നെയുണ്ടായിരുന്നു, ഷാജിയെ അവസാനമായി ഒന്ന് കാണാൻ.

'ഒറ്റക്കൊമ്പൻ' എനിക്ക് തന്നെ പൂർത്തിയാക്കണം എന്നാണ് ഷാജി അവസാനം നേരിൽ പറഞ്ഞു പിരിഞ്ഞത്. മരിക്കുന്നതിന് 14 മണിക്കൂർ മുമ്പ് നേരിൽ കണ്ടപ്പോൾ വിരൽ അമർത്തി പറഞ്ഞതും ഞാൻ വരും ഷൂട്ടിങ് പൂർത്തിയാക്കാൻ എന്ന് തന്നെയാണ്.

മിനിഞ്ഞാന്ന് രാത്രി മുതൽ ഞങ്ങളുടെ യൂണിയൻ പ്രസിഡന്റായ ബാദുഷയും സെക്രട്ടറിയായ ഷിബു ജി. സുശീലനും ജോയിന്റ് സെക്രട്ടറിയായ ഷാജി പട്ടിക്കരയും ഞങ്ങളുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എല്ലാവരും തന്നെ എല്ലാ കാര്യങ്ങൾക്കും മുന്നിലുണ്ടായിരുന്നു. റീത്തു വയ്ക്കുമ്പോഴും പൊതുപ്രദർശനത്തിലും വീട്ടിൽ അവസാനത്തെ ചടങ്ങ് നടക്കുമ്പോഴും ഞാൻ കുറച്ച് പിന്നിൽ തന്നെയാണ് നിന്നത്.

ഷാജി നിശബ്ദനായി കിടക്കുന്നത് കാണാൻ എനിക്കിഷ്ടമല്ലായിരുന്നു. ഒരു കൊച്ചു കുഞ്ഞ് തൊട്ടിലിൽ കിടക്കുന്നതുപോലെ, തുടുത്ത കവിളുകളോടെ, തിളങ്ങുന്ന കണ്ണുകളോടെ, പാൽ പുഞ്ചിരി പോലെ നനുത്ത ചിരിയോടെ ഷാജിയെ അവസാനമായി ജീവനോടെ കണ്ട ആ ചിത്രം ഓർമയിൽ അവശേഷിപ്പിക്കാനാണ് എനിക്കിഷ്ടം.