
ബിച്ചു തിരുമലയുടെ സ്മരണാർഥം ഏർപ്പെടുത്തിയ പ്രഥമ ബിച്ചു തിരുമല പുരസ്‌കാരം ചലച്ചിത്ര നടൻ മധുവിന്. ഡോ. ജോർജ് ഓണക്കൂർ, ബാലു കിരിയത്ത്, ഡോ. എം.ആർ. തമ്പാൻ എന്നിവരടങ്ങുന്ന ജൂറിയാണ് പത്മശ്രീ മധുവിന് പുരസ്‌കാരം നല്കാൻ തീരുമാനിച്ചത്. ഒരു ലക്ഷത്തി ഒന്ന് (1,00001) രൂപയും ആർട്ടിസ്റ്റ് നമ്പൂതിരി രൂപകൽപ്പന ചെയ്ത ഉപഹാരവും പൊന്നാടയും അടങ്ങുന്നതാണ് പുരസ്‌കാരം.
ബിച്ചു തിരുമലയുടെ അഞ്ചാം ചരമവാർഷിക ദിനമായ നവംബർ 26-ന് തിരുവനന്തപുരം സെനറ്റ് ഹാളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്ന ദേശീയ ബാലതരംഗത്തിന്റെ 'രാകേന്ദു കിരണങ്ങൾ' എന്ന സ്മൃതി സായാഹ്ന പരിപാടിയിൽവെച്ചാണ് പുരസ്‌കാരം സമർപ്പിക്കുന്നത്. മന്ത്രിമാരായ കെ. മുരളീധരൻ, പി.സി. വിഷ്ണനാഥ്, സി.പി. ജോൺ എന്നിവർ പങ്കെടുക്കും. സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്.
അനുസ്മരണ സമ്മേളനത്തെ തുടർന്ന് ബിച്ചു തിരുമലയുടെ തിരഞ്ഞെടുത്ത ജനപ്രിയ ഗാനങ്ങൾ കോർത്തിണക്കി റിഗാറ്റ ഗിരിജ നേതൃത്വം നൽകുന്ന നൃത്താവിഷ്‌ക്കാരവും മധു ബാലകൃഷ്ണൻ, കൃഷ്ണചന്ദ്രൻ, കല്ലറ ഗോപൻ, രാകേഷ് ബ്രഹ്‌മാനന്ദൻ, പന്തളം ബാലൻ, അഖില ആനന്ദ്, പ്രീത, ലക്ഷ്മി രംഗൻ, അപർണ്ണ രാജീവ്, വൃന്ദ മേനോൻ, അൽക്ക അഷ്‌കർ തുടങ്ങിയ ഗായകർ നയിക്കുന്ന ഗാനാഞ്ജലിയും ഉണ്ടായിരിക്കും.
കെ. മുരളീധരൻ ചെയർമാനായും ദേശീയ ബാലതരംഗം ചെയർമാൻ അഡ്വ. ടി. ശരത്ചന്ദ്രപ്രസാദ് ജനറൽ കൺവീനറും ചലച്ചിത്ര സംവിധായകൻ ടി.എസ്. സുരേഷ് ബാബു പ്രോഗ്രാം ഡയറക്ടറായും കല്ലിയൂർ ശശി പ്രോഗ്രാം കോ- ഓർഡിനേറ്ററായും രാകേഷ് ബ്രഹ്‌മാനന്ദൻ മ്യൂസിക് കോ- ഓർഡിനേറ്ററായും അജയ് തുണ്ടത്തിൽ പി.ആർ.ഒ. ആയും 'രാകേന്ദു കിരണങ്ങൾ' സ്വാഗതസംഘം രൂപീകരിച്ചു.
400-ൽ പരം ചലച്ചിത്രങ്ങൾക്കായി അയ്യായിരത്തിലധികം ഗാനങ്ങൾ രചിച്ച ബിച്ചു തിരുമലയുടെ ആദ്യ റിലീസ് ചിത്രം 'അക്കൽദാമ' ആയിരുന്നു. എ.ടി. ഉമ്മറിന്റെ സംഗീതത്തിൽ ബ്രഹ്‌മാനന്ദൻ ആലപിച്ച 'നീലാകാശവും മേഘങ്ങളും' എന്ന ഗാനരചനയിലൂടെയാണ് അദ്ദേഹം ചലച്ചിത്ര ലോകത്ത് ശ്രദ്ധേയനാകുന്നത്. 'സത്യം' എന്ന ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ച അദ്ദേഹം 'ശക്തി', 'ഇഷ്ടപ്രാണേശ്വരി' തുടങ്ങിയ ചിത്രങ്ങളുടെ കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്.
വിദ്യാർഥിയായിരിക്കുമ്പോൾ 'വല്ലാത്ത ദുനിയാവ്' എന്ന നാടകത്തിന് പാട്ടെഴുതി സംവിധാനം ചെയ്തതിന് കേന്ദ്ര അവാർഡ് ലഭിക്കുകയുണ്ടായി. നിരവധി നാടകഗാനരചനകൾ അദ്ദേഹം നിർവഹിച്ചിട്ടുണ്ട്. ആകാശവാണിക്ക് വേണ്ടി ധാരാളം ലളിതഗാനങ്ങൾ രചിച്ചിട്ടുണ്ട്. 'അനുസരണയില്ലാത്ത മനസ്സ്', 'പുണ്യാഹം' (കവിതാ സമാഹാരം), 'കാലത്തിന്റെ കണക്കുപുസ്തകം' തുടങ്ങി നിരവധി കവിതകളും അദ്ദേഹം രചിച്ചിട്ടുണ്ട്.
Content Highlights: Veteran actor Madhu was selected for the inaugural Bichu Thirumala Award constituted by Deshiya Balatarangam. The award comprises a cash prize of ₹1,00,001, a memento designed by Artist Namboothiri, and a ceremonial shawl. The jury panel deciding the honor included Dr. George Onakkoor, Balu Kiriyath, and Dr. M.R. Thampan. The presentation ceremony will take place during the 'Rakeshu Kiranangal' memory event at Senate Hall, Thiruvananthapuram on November 26. Bichu Thirumala wrote over 5,000 songs for more than 400 films, starting his notable film career with the song 'Neelakasavum Meghangalum'.
Published: 11 Nov 2026, 04:34 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented