പ്രായപൂർത്തിയാകാത്തവർ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് തന്നെ വളരെയധികം അസ്വസ്ഥയാക്കുന്നുവെന്ന് താപ്‌സി പറഞ്ഞു.

ചർച്ചകൾക്ക് വഴിയൊരുക്കി ഇന്ത്യയിലെ വർദ്ധിച്ചുവരുന്ന ബലാത്സംഗ കേസുകളെക്കുറിച്ച് നടി താപ്‌സി പന്നു നടത്തിയ പരാമർശങ്ങൾ. ഈ ഗൗരവതരമായ പ്രശ്നത്തിന്റെ വേരുകൾ നമ്മുടെ വീടുകളിൽ നിന്നാണ് തുടങ്ങുന്നതെന്ന് അവർ തുറന്നടിച്ചു. കേവലം നിയമപരിഷ്കാരങ്ങൾ കൊണ്ട് മാത്രം മാറ്റം കൊണ്ടുവരാൻ കഴിയില്ലെന്നും നമ്മുടെ വീടുകളിൽ നിന്നും സമൂഹത്തിൽ നിന്നുംതന്നെ ആഴത്തിലുള്ള മാറ്റങ്ങൾ ഉണ്ടാകേണ്ടതുണ്ടെന്നും താപ്‌സി ഓർമ്മിപ്പിച്ചു. 'സാഹിത്യ ആജ്തക്' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
പ്രായപൂർത്തിയാകാത്തവർ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് തന്നെ വളരെയധികം അസ്വസ്ഥയാക്കുന്നുവെന്ന് താപ്‌സി പറഞ്ഞു. പത്ത് വയസ്സുകാരൻ ആറ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം ഉദാഹരണമായി ചൂണ്ടിക്കാട്ടിയ അവർ, ഇത്ര ചെറിയ പ്രായത്തിൽ കുട്ടികൾ എങ്ങനെയാണ് ഇത്തരം കാര്യങ്ങൾ അറിയുന്നതെന്ന് അത്ഭുതപ്പെട്ടു. മിക്ക കേസുകളിലും പ്രതികൾ 10 നും 13 നും ഇടയിൽ പ്രായമുള്ളവരാണെന്ന യാഥാർത്ഥ്യം, കോടതികൾക്കും നിയമപരിഷ്കാരങ്ങൾക്കും അപ്പുറം മറ്റൊരു തലം കൂടി ഈ പ്രശ്നത്തിനുണ്ടെന്ന് തെളിയിക്കുന്നതായി അവർ പറഞ്ഞു.
കുട്ടികളുടെ വളർച്ചയിലും അവരെ വളർത്തുന്ന രീതിയിലും എവിടെയോ പിഴവ് സംഭവിക്കുന്നുണ്ടെന്ന് താപ്‌സി അഭിപ്രായപ്പെട്ടു. "എങ്ങനെയാണ് ഒരു പത്ത് വയസ്സുകാരന് ബലാത്സംഗത്തെക്കുറിച്ച് ധാരണ ലഭിക്കുന്നത്? അവൻ വീട്ടിൽ വെച്ച് എന്തെങ്കിലും കണ്ടിട്ടുണ്ടാകാം," അവർ നിരീക്ഷിച്ചു. ഇന്റർനെറ്റിലൂടെയോ വീടിനുള്ളിൽ നിന്നോ കുട്ടികൾക്ക് ലഭിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ വേണമെന്നും, കേവലം ശിക്ഷകൾക്ക് അപ്പുറം മാതാപിതാക്കളുടെ ഉത്തരവാദിത്തവും ശരിയായ വിദ്യാഭ്യാസവും ഇത്തരം പ്രവണതകൾ തടയാൻ അത്യാവശ്യമാണെന്നും അവർ ഊന്നിപ്പറഞ്ഞു.
ബലാത്സംഗം എന്നത് കേവലം സ്ത്രീകളുടെ മാത്രം പ്രശ്നമല്ലെന്നും താപ്‌സി വ്യക്തമാക്കി. പുരുഷന്മാർകൂടി ഇത്തരം ചർച്ചകളിൽ സജീവമായി പങ്കാളികളാകണം. പരസ്പര ബഹുമാനം, സമ്മതം, അവബോധം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഗൗരവകരമായ സംവാദങ്ങൾ ഉണ്ടാകണം. ഈ പോരാട്ടത്തിൽ കൂട്ടായ ഉത്തരവാദിത്തം ആവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.
താപ്‌സിയുടെ ഈ നിലപാടുകൾ അവരുടെ 'അസി' (Assi) എന്ന പുതിയ സിനിമയുടെ പ്രമേയവുമായി അടുത്തു നിൽക്കുന്നവയാണ്. ഇന്ത്യയിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന 80 ബലാത്സംഗ കേസുകളെയാണ് 'അസി' എന്ന ശീർഷകം സൂചിപ്പിക്കുന്നത്. അനുഭവ് സിൻഹ സംവിധാനം ചെയ്യുന്ന ഈ ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലറിൽ കനി കുസൃതി ഒരു പ്രധാന വേഷത്തിൽ എത്തുന്നു. നീതിക്കായി പോരാടുന്ന രാവി എന്ന അഭിഭാഷകയായാണ് താപ്‌സി ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്.
Content Highlights: Taapsee Pannu on Rising Rape Cases: "The Problem Starts at Home," She States
Published: 16 Feb 2026, 11:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented