ശസ്ത്രക്രിയയ്ക്കിടെ ഓപ്പറേഷൻ തിയേറ്ററിൽ ഡോക്ടർമാർക്കായി പാട്ടുപാടുന്ന വീഡിയോ പങ്കുവെച്ച് ഗായകൻ സോനു നിഗം. വേദനയ്ക്കിടയിലും പാടുന്നതിലൂടെ ലഭിക്കുന്ന സന്തോഷമാണ് ഈ അപൂർവ്വ നിമിഷത്തിലൂടെ അദ്ദേഹം പങ്കുവെച്ചത്. പോസ്റ്റ് ചെയ്ത് അധികം വൈകാതെതന്നെ ഈ വീഡിയോ വൈറലായി.

To advertise here,

തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് സോനു നിഗം ഓപ്പറേഷൻ തിയേറ്ററിൽ നിന്നുള്ള ഈ വീഡിയോ ആരാധകരുമായി പങ്കുവെച്ചത്. 1949-ൽ പുറത്തിറങ്ങിയ 'ദുലാരി' എന്ന ചിത്രത്തിലെ മുഹമ്മദ് റഫിയുടെ പ്രശസ്തമായ 'സുഹാനി രാത് ദൽ ചുക്കി' എന്ന ഗാനമാണ് സോനു നിഗം ആലപിച്ചത്. "പ്രിയപ്പെട്ട ഡോക്ടർ നിലേഷ് സത്ഭായിക്കും അദ്ദേഹത്തിന്റെ സ്നേഹനിധികളായ ടീമിനുമായി ശസ്ത്രക്രിയയ്ക്കിടെ നടത്തിയ ഒരു അപ്രതീക്ഷിത പ്രകടനം. വേദനയിലും പാടുന്നു... സംഗീതത്തിന്റെ സന്തോഷം!" എന്നാണ് ഗായകൻ ഈ വീഡിയോയ്ക്കൊപ്പം കുറിച്ചത്.

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഈ അപൂർവ്വ വീഡിയോ വളരെ പെട്ടെന്ന് തന്നെ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. അദ്ദേഹത്തിന്റെ മനോഹരമായ ശബ്ദത്തെ പ്രശംസിച്ചുകൊണ്ടും എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ടും നിരവധി ആളുകൾ രംഗത്തെത്തി.

സോനുവിന്റെ ശസ്ത്രക്രിയയുടെ കാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല. എങ്കിലും, ജൂണിൽ, കടുത്ത വേദനയുണ്ടാക്കുന്ന നാഡീസംബന്ധമായ ഒരു അവസ്ഥയെക്കുറിച്ച് ഗായകൻ തുറന്നുപറഞ്ഞിരുന്നു. താൻ ചികിത്സയിലാണെന്നും നിരവധി എം.ആർ.ഐ, സി.ടി സ്കാനുകൾക്ക് വിധേയനായെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ധാരാളം മരുന്നുകൾ കഴിക്കുന്നുണ്ട്. വേദന നിയന്ത്രിക്കാനാകുന്നില്ല. ഫിസിയോതെറാപ്പി സെഷനുകൾ വളരെ വേദനാജനകമാണ്. വേദന കുറയ്ക്കുന്നതിനായി ശക്തമായ വേദനസംഹാരികൾ ഉപയോഗിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞിരുന്നു.