കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയിൽനിന്ന് ദീപാവലി മധുരം ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ച് മലയാള സിനിമയിലെ മുതിർന്ന പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ. അണിയറയിൽ ഒരുങ്ങുന്ന 'ഒറ്റക്കൊമ്പൻ' ചിത്രത്തിന്റെ ഡബ്ബിങ്ങിന് എത്തിയപ്പോഴായിരുന്നു താരം മധുരം സമ്മാനിച്ചത്. സംവിധായകൻ മാത്യൂസ് തോമസ് ആദ്യമധുരം സുരേഷ് ഗോപിയിൽനിന്ന് ഏറ്റുവാങ്ങി.

To advertise here,

'ഇന്ന് ഒറ്റക്കൊമ്പൻ ഡബ്ബിങ്ങിനു വന്ന സുരേഷേട്ടന്റെ വക ദീപാവലി സ്വീറ്റ്സ്. സുരേഷേട്ടനിൽ നിന്ന് ഒറ്റക്കൊമ്പന്റെ ഡയറക്ടർ മാത്യൂസ് തോമസ് സ്വീകരിക്കുന്നു. അസിസ്റ്റന്റ് ഡയറക്ടേഴ്‌സിനും ലാൽ മീഡിയയിലെ സ്റ്റാഫിനും അദ്ദേഹം സ്വീറ്റ്സ് സമ്മാനിച്ചു', മാത്യൂസ് തോമസ് മധുരം സ്വീകരിക്കുന്ന ചിത്രം പങ്കുവെച്ച് സിദ്ധു പനയ്ക്കൽ കുറിച്ചു

'ഷൂട്ടിങ്ങിനു വരുമ്പോഴും സുരേഷേട്ടൻ ഇങ്ങനെ തന്നെയാണ്. അദ്ദേഹത്തിന്റെ വാഹനത്തിൽ എപ്പോഴും ധാരാളം സ്വീറ്റ്‌സ്, ചോക്ലേറ്റ്, ബിസ്കറ്റ്, തുടങ്ങിയവ സ്റ്റോക്ക് ഉണ്ടാകും. ഷൂട്ടിങ്ങിനുവേണ്ടി ലൊക്കേഷനിൽ വന്നിറങ്ങുമ്പോൾ അവിടെ കുട്ടികൾ ഉണ്ടെങ്കിൽ അവർക്ക് സമ്മാനിക്കാനാണ് ഈ കരുതൽ. കുട്ടികളോടൊപ്പം തന്നെ അവിടെ കൂടി നിൽക്കുന്ന മുതിർന്നവർക്കും കിട്ടും മധുരം', അദ്ദേഹം കൂട്ടിച്ചേർത്തു.

സുരേഷ് ഗോപി കാറിൽ മധുരം കരുതുന്ന കാര്യം മുമ്പും സിദ്ധു പനയ്ക്കൽ സാമൂഹികമാധ്യമങ്ങളിൽ കുറിച്ചിരുന്നു. 'ഇപ്പോൾ സുരേഷ് ഗോപി ചേട്ടന്റെ കാറിൽ ബിസ്കറ്റ്, ചോക്ലേറ്റ്, മിഠായി, വറവ് സാധനങ്ങൾ തുടങ്ങി കുറെ സാധനങ്ങൾ സ്റ്റോക്ക് ഉണ്ടാകും. ലൊക്കേഷനിൽ എത്തിയാൽ ഷൂട്ടിങ് കാണാൻ വന്നിരിക്കുന്ന കൊച്ചുകുട്ടികൾക്കും മുതിർന്നവർക്കുമൊക്കെ കൊടുക്കാനും മറ്റുമാണത്. യാത്ര ചെയ്യുമ്പോൾ, കഴിക്ക് എന്ന് പറഞ്ഞ് ഇടയ്ക്കിടയ്ക്ക് നമുക്കും എടുത്തു തരും', സിദ്ധു പനയ്ക്കൽ കുറിച്ചു.

ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിച്ച് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രം 'ഒറ്റക്കൊമ്പൻ' പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ തുടരുകയാണ്. വലിയ മുതൽമുടക്കിൽ ഒരുങ്ങുന്ന 'ഒറ്റക്കൊമ്പൻ' മാസ് ആക്ഷൻ ചിത്രമായാണ് അണിയറപ്രവർത്തകർ ഒരുക്കുന്നത്.

ലാൽ, ചെമ്പൻ വിനോദ് ജോസ്, വിജയരാഘവൻ, ലാലു അലക്സ്, കബീർ ദുഹാൻ സിങ്, ജോണി ആന്റണി, ബിജു പപ്പൻ, മേഘ്ന രാജ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഷിബിൻ ഫ്രാൻസിസ് രചന നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജികുമാർ ആണ്. തെന്നിന്ത്യൻ സംഗീത സംവിധായകൻ തമൻ ആദ്യമായി മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണിത്. ഷഫീഖ് വി.ബി. എഡിറ്റിങ് നിർവഹിക്കുന്നു.