താൻ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് തുറന്നു സംസാരിച്ചതിലൂടെ ആരാധകരുടെ വലിയ പിന്തുണയാണ് സോനു നിഗത്തിന് ലഭിക്കുന്നത്.

താൻ നേരിടുന്ന വേദനാജനകമായ ഒരു ആരോഗ്യപ്രശ്നം വെളിപ്പെടുത്തി ഗായകൻ സോനു നിഗം. പിഞ്ച്ഡ് നെർവ്സ് (Pinched nerves) എന്ന അവസ്ഥയാണ് സോനു നിഗത്തെ അലട്ടുന്നത്. മുംബൈയിൽ നടക്കാനിരിക്കുന്ന വലിയൊരു സംഗീത പരിപാടിക്ക് മുന്നോടിയായി പുറത്തുവിട്ട ഒരു വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വേദനയും അസ്വസ്ഥതകളും ഉണ്ടെങ്കിലും നിശ്ചയിച്ച പ്രകാരം സംഗീതപരിപാടി നടത്തുമെന്ന ഉറച്ച തീരുമാനത്തിലാണ് അദ്ദേഹം.
ബുധനാഴ്ചയാണ് സോനു നിഗം തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. കഴിഞ്ഞയാഴ്ച മുതൽ മെഡിക്കൽ പരിശോധനകളും ചികിത്സയും നടത്തിവരികയാണെന്ന് അദ്ദേഹം അറിയിച്ചു. ഒരാഴ്ചയായി എംആർഐ, സിടി സ്കാനുകൾ ചെയ്യുന്നു. ധാരാളം മരുന്നുകൾ കഴിക്കുന്നുണ്ട്. വേദന നിയന്ത്രിക്കാനാകുന്നില്ല. ഫിസിയോതെറാപ്പി സെഷനുകൾ വളരെ വേദനാജനകമാണ്. വേദന കുറയ്ക്കുന്നതിനായി ശക്തമായ വേദനസംഹാരികൾ ഉപയോഗിക്കുന്നുണ്ട്.
മരുന്നുകളുടെ ഉപയോഗം മൂലം തൊണ്ടയ്ക്ക് ഒരുതരം ഭാരക്കൂടുതൽ അനുഭവപ്പെടുന്നുണ്ടെന്നും സോനു പറഞ്ഞു. ആരോഗ്യപരമായ തിരിച്ചടികൾ ഉണ്ടെങ്കിലും ജൂൺ 27-ന് മുംബൈയിലെ നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിൽ (NMACC) നടക്കാനിരിക്കുന്ന ലൈവ് ഷോ റദ്ദാക്കാൻ തയ്യാറല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വളരെക്കാലത്തിന് ശേഷമാണ് ഒരു ലൈവ് പ്രോഗ്രാം അവതരിപ്പിക്കുന്നത് എന്നതിനാൽ തന്റെ ആരാധകർക്ക് നൽകിയ വാക്ക് പാലിക്കണമെന്ന ദൃഢനിശ്ചയത്തിലാണ് അദ്ദേഹം.
താൻ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് തുറന്നു സംസാരിച്ചതിലൂടെ ആരാധകരുടെ വലിയ പിന്തുണയാണ് സോനു നിഗത്തിന് ലഭിക്കുന്നത്. കഠിനമായ വേദനയ്ക്കിടയിലും പാടാനുള്ള അദ്ദേഹത്തിന്റെ സമർപ്പണം ഏറെ പ്രശംസനീയമാണെന്നാണ് ആരാധകർ പറയുന്നത്.
Content Highlights: Legendary Bollywood singer Sonu Nigam revealed he is battling a painful pinched nerve condition and undergoing intense medical treatment, but firmly assured fans that he will not cancel his upcoming live concert in Mumbai.
Published: 17 Jun 2026, 02:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented