എണ്‍പതുകളിലും തൊണ്ണൂറുകളിലും ബോളിവുഡിലെ സംഗീതരംഗം ഭരിച്ചിരുന്ന ഗായകനാണ് കുമാര്‍ സാനു. കേരളത്തിലും അദ്ദേഹത്തിന്റ ഗാനങ്ങള്‍ അലയടിച്ചിരുന്നു. ഇടക്കാലത്ത് സിനിമയില്‍നിന്ന് വിട്ടുനിന്നിരുന്ന അദ്ദേഹം 2015-ല്‍ ദം ലഗാ കേ ഹൈഷാ എന്ന ചിത്രത്തിലൂടെ മടങ്ങിവന്നിരുന്നു. ബോളിവുഡ് സംഗീതശാഖ ഇപ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങളേക്കുറിച്ച് ചില കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം.

To advertise here,

ഇ ടൈംസിന് അനുവദിച്ച അഭിമുഖത്തിലാണ് ബോളിവുഡ് ഗാനശാഖയില്‍ ചില ഘടകങ്ങള്‍ ശരിയാക്കാനുണ്ടെന്ന് കുമാര്‍ സാനു പറഞ്ഞത്. നല്ല സംഗീതമോ വരികളോ ഇപ്പോഴത്തെ പാട്ടുകളില്‍ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. പാട്ടുകാര്‍ എല്ലാവരും നല്ല കഴിവുള്ളവരാണ്. എന്നാല്‍ അവരുടെ കഴിവുകള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

'മേല്‍പ്പറഞ്ഞവയെല്ലാം ലഭിച്ചത് ഞങ്ങളുടെ തലമുറയുടെ ഭാഗ്യമായിരുന്നു. ഇന്ന് നമ്മുടെ സംഗീത സംവിധായകര്‍ പാശ്ചാത്യ ശൈലിയിലേക്ക് തിരിയുന്നത് കുറയ്ക്കുകയും നമ്മുടെ ഇന്ത്യന്‍ സംഗീത സംസ്‌കാരത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്താല്‍, നമ്മള്‍ സ്വയം നന്നാവും. അധികാരം വിദഗ്ദരില്‍ നിക്ഷിപ്തമാകണം. ഏത് ഗായകനാണ് തങ്ങള്‍ക്ക് വേണ്ടി പിന്നണി പാടേണ്ടതെന്ന് ഇന്ന് അഭിനേതാക്കള്‍ പോലും തീരുമാനിക്കുകയാണ്. നമ്മള്‍ ഇത്തരത്തിലുള്ള ഇടപെടലുകളില്‍ നിന്ന് മാറിനില്‍ക്കണം. കുമാര്‍ സാനു പറഞ്ഞു.

ഇന്ന്, സംഗീതം രണ്ടാമതായി പരിഗണിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. സമകാലിക ചലച്ചിത്രനിര്‍മ്മാതാക്കള്‍ ചില സമയങ്ങളില്‍ നല്ല സംഗീതം നിലനിര്‍ത്തുന്നത് പരിഗണിക്കുന്നുപോലുമില്ല. അതാണ് നമ്മുടെ വ്യവസായം പ്രതിസന്ധിയിലാകാനുള്ള പ്രധാന കാരണമെന്നും കുമാര്‍സാനു കൂട്ടിച്ചേര്‍ത്തു.